msf

മലപ്പുറം: വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൽ തങ്ങൾ കുടുംബത്തിന്റെ ഇടപെടലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തങ്ങൾ കുടുംബം എം.എസ്.എഫിന്റെ ഭരണഘടന അട്ടിമറിച്ചെന്നാരോപിച്ച് ഒമ്പത് ജില്ലാ ഭാരവാഹികള്‍ സംസ്ഥാന നേതൃത്വത്തിന് രാജിക്കത്ത് നൽകി. നേരത്തെ എം.എസ്.എഫിന്റെ വനിത നേതാക്കളടക്കം തങ്ങൾ കുടുംബത്തിന്റെ ഇടപെടലിനെതിരെ രംഗത്തെത്തിയിരുന്നു. സ്‌തുതി പാടുന്നവർക്കും ഓഛാനിച്ചു നിൽക്കുന്നവർക്കും മാത്രമേ സംഘടനയിൽ സ്ഥാനമുള്ളൂ എന്നാണ് എം.എസ്.എഫ് ഹരിത മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹഫ്‌സ മോൾ ഫേസ്ബുക്കിൽ കുറിച്ചത്.

സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തങ്ങൾ കുടുംബം ഭരണഘടനയ്ക്ക് എതിരായി പ്രവർത്തിച്ചു എന്നാണ് നേതാക്കളുടെ ആരോപണം. മലപ്പുറം ജില്ലാകമ്മിറ്റിയുടെ തീരുമാനത്തിനൊപ്പം നിന്നില്ലെന്നാരോപിച്ച് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് റിയാസ് പുൽപ്പറ്റയെ ലീഗ് നേതൃത്വം സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. തുടർന്നാണ് ഒമ്പത് ജില്ലാ ഭാരവാഹികൾ രാജിക്കത്ത് നൽകിയത്. എം.എസ്.എഫ് ജില്ലാ പ്രസിഡന്റിനെ നീക്കാന്‍ എം.എസ്.എഫ് സംസ്ഥാന സമിതിക്കാണ് അധികാരമെന്നും ലീഗ് ജില്ലാ നേതൃത്വത്തിന് അധികാരമില്ലെന്നുമാണ് രാജിവച്ചവർ പറയുന്നത്.

ഹഫ്സ മോളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സത്യത്തിൽ നമ്മുടെ പാർട്ടിയിലെ ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്മാർ കവർന്നെടുക്കുകയും തന്നിഷ്ടം നടപ്പിലാക്കുകയും ചെയ്യുന്നത് അണ്ണാക്കിൽ പിരിവെട്ടിയവനെ പോലെ നമ്മൾ നോക്കി നിൽക്കുകയാണ്. നേരം ഇരുട്ടിവെളുക്കുമ്പോഴേക്ക് താനിത് വരെ വഹിച്ചിരുന്ന സ്ഥാനത്ത് നിന്ന് തന്നെ മാറ്റി എന്ന് പത്രത്തിലൂടെ അറിയേണ്ടിവരുന്നത് എത്ര ദയനീയമാണ്. മുൻപ് ഹരിതയുടെ സംസ്ഥാന കമ്മിറ്റി ഇതുപോലെ പത്രവാർത്തയിലൂടെ അറിയേണ്ടിവന്നവരാണ് കഴിഞ്ഞ ഹരിത സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ. സംഘടനയ്ക്ക് കെട്ടുറപ്പുള്ള ഒരു ഭരണഘടനയും മഹിതമായ ഒരു പാരമ്പര്യവും ഉണ്ടായിരിക്കെ ഇത്തരത്തിലുള്ള ഫാസിസ്റ്റ് നിലപാട് അത്യന്തം പ്രതിഷേധാർഹമാണ്. സ്തുതി പാടുന്നവർക്കും ഓച്ഛാനിച്ചു നിൽക്കുന്നവർക്കും മാത്രമേ സംഘടനയിൽ സ്ഥാനമുള്ളൂ എന്നുള്ള മോഡി സ്റ്റൈൽ പ്രഖ്യാപനം കൂടിയാണ് ഇന്നത്തെ പത്രക്കുറിപ്പ്.

msf ന്റെ ഒരു ജില്ലാ ഘടകത്തിലെ പ്രസിഡന്റിനെ മാറ്റാൻ സംസ്ഥാന msf കമ്മിറ്റിയ്ക്കാണ് ഭരണഘടനാപരമായി അധികാരം എന്നിരിക്കെ എന്തധികാരത്തിലാണ് മലപ്പുറം ജില്ലാ ലീഗ് കമ്മിറ്റി ഇങ്ങനെയൊരു നിലപാടെടുത്തത്.

സംഘടന തലത്തിൽ സാമാന്യ മര്യാദയും ഭരണഘടനാപരമായ കീഴ്‌വഴക്കങ്ങളും കാറ്റിൽ പറത്തി മലപ്പുറം ജില്ലയിലെ ചില ലീഗ് ബ്രാഹ്മണന്മാർ പോഷക സംഘടനയിൽ ചെലുത്തുന്ന ചാടിക്കളിക്കെടാ കുട്ടിരാമ രീതി നിർത്തിയെ തീരൂ.

ഭരണഘടനാ സംരക്ഷണത്തിനും ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെയുമുള്ള ഷഹീൻ ബാഗ് സ്ക്വായറുകൾ ആദ്യം നമ്മൾ തീർക്കേണ്ടത് ഇത്തരക്കാരുടെ വീട്ടുമുറ്റത്താണ്.