മുംബയ് : പൗരത്വ നിയമഭേദഗതിക്കെതിരെ മുംബയ് ആസാദ് മൈതാനത്ത് ആയിരങ്ങൾ അണിനിരന്ന മഹാപ്രതിഷേധം. നവിമുംബയ്, താനെ തുടങ്ങി മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള സ്ത്രീകളടക്കമുള്ള ആയിരക്കണക്കിനാളുകളാണ് പ്രതിഷേധപരിപാടിയിൽ പങ്കെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരേ പ്രശസ്ത ഉറുദു കവി ഫായിസ് അഹമ്മദ് ഫായിസിന്റെ പ്രശസ്തമായ 'ഞങ്ങള്‍ കാണും' (ഹം ദേഖേങ്കേ) എന്ന കവിത ചൊല്ലിയായിരുന്നു ജനങ്ങളുടെ പ്രതിഷേധം..
ദേശീയപതാകയും പൗരത്വനിയമഭേദഗതി, എൻ.ആർ.സി, എൻ.പി.ആർ എന്നിവയ്ക്കെതിരെ ബാനറുകൾ ഉയർത്തിയും മോദിയിൽനിന്നും അമിത് ഷായിൽനിന്നും സ്വാതന്ത്ര്യം, സി..എ..എയിൽനിന്നും എൻ.ആർ.സിയിൽ നിന്നും സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങളും വിളിച്ചുമാണ് ജനങ്ങൾ പ്രതിഷേധിച്ചത്.
പ്രതിഷേധപ്രകടനത്തിനിടെ പൗരത്വനിയമഭേദഗതി, എൻ.ആർ.സി, എൻ.പി.ആർ എന്നിവയ്ക്കെതിരായ പ്രനേയവും പാസാക്കി. റിട്ട. ജസ്റ്റിസ് കൊൽസി പാട്ടീൽ, സമൂഹിക പ്രവർത്തക തീസ്ത സെതൽവാദ്, സിനിമാതാരം സുശാന്ത് സിംഗ്, സമാജ്വാദി പാര്‍ട്ടി നേതാവ് അബു അസീം അസ്മി തുടങ്ങിയവർ പങ്കെടുത്തു.