ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് മഞ്ഞപ്പടയുടെ ബംഗളൂരുവിനെതിരായ കന്നിജയം
കൊച്ചി : വിജയം കൊണ്ട് കാര്യമൊന്നുമില്ലെങ്കിലും ഇന്നലെ കൊച്ചിയിൽ ബംഗളുരു എഫ്.സിയെ തോൽപ്പിച്ച കേരള ബ്ളാസ്റ്റേഴ്സ് തങ്ങളുടെചരിത്രത്തിൽ ഇൗ എതിരാളികൾക്കെതിരെ നേടുന്ന ആദ്യ വിജയം കുറിച്ചു.ഒന്നിനെതിരെ രണ്ടുഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ വിജയം.
ആദ്യം മുന്നിലെത്തിയിരുന്ന ബംഗളുരുവിനെതിരെ ബ്ളാസ്റ്റേഴ്സിന്റെ രണ്ടുഗോളുകളും നേടിയത് നായകൻ ബർത്തലോമിയോ ഒഗുബച്ചെയാണ്.
കൊച്ചിയിൽ മത്സരത്തിന്റെ 16-ാം മിനിട്ടിൽ ദേഷോൺ ബ്രൗണിലൂടെ ബംഗളുരു എഫ്.സിയാണ് ആദ്യം സ്കോർ ചെയ്തത്. സുരേഷ് സിംഗിന്റെ പാസിൽ നിന്നായിരുന്നു ബ്രൗണിന്റെ ഗോൾ.
ആദ്യ പകുതിക്ക് വിസിൽ മുഴങ്ങുന്നതിനു തൊട്ടുമുമ്പ് നായകൻ ഒഗുബച്ചെ കളി സമനിലയിലാക്കി. സുയിവർലൂൺ നൽകിയ കിടിലനൊരു ക്രോസാണ് ഒഗുബച്ചെ ബംഗളൂരുവിന്റെ വലയിലേക്ക് കയറ്റിവിട്ടത്.
72-ാേം മിനിട്ടിൽ ബോക്സിനുള്ളിൽ മെസിബൗളിയെ സെറാൻ ഫൗൾ ചെയ്തതിന് റഫറി വിധിച്ച സ്പോട്ട് കിക്ക് വലയിലെത്തിച്ചാണ് ഒഗുബച്ചെ ബ്ളാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്.