സ്വന്തമായൊരു വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിച്ചതിനെക്കുറിച്ച് മനസ് തുറന്ന് നടൻ മണികണ്ഠൻ ആചാരി.. ഫേസ്ബുക്ക് ലൈവീലൂടെയായിരുന്നു മണികണ്‌ഠൻ തന്റെ പുതിയ വീടിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചത്. അതേസമയം സഹപ്രവർത്തകരെയും അടുത്ത സുഹൃത്തുക്കളെയും ഗൃഹപ്രവേശത്തിന് ക്ഷണിക്കാതെ പോയതിന് ക്ഷമാപണവും അദ്ദേഹം നടത്തി.. ചടങ്ങിന് ആരെയും ക്ഷണിക്കാൻ സാധിച്ചില്ലെന്നും സാഹചര്യങ്ങള്‍ അങ്ങനെ ആയിപ്പോയതു കൊണ്ടാണെന്നും ആരും തന്നെ വെറുക്കരുതെന്നും മണികണ്ഠൻ ഫേസ്ബുക്ക് ലൈവിൽ പറയുന്നു. വന്നു പറയുന്നു.
മണികണ്ഠന്റെ വാക്കുകൾ
'സ്വപ്‌നം പോലെ തന്നെ പാലു കാച്ചി, സ്വന്തം വീട്ടിൽ കയറി. ജീവിതത്തിലെ വലിയൊരു സ്വപ്‌നമായിരുന്നു സ്വന്തം വീട്. വളരെ സന്തോഷത്തോടെ പറയേണ്ട കാര്യമാണ്. എന്നാൽ ആരെയും വിളിക്കാൻ പറ്റാത്തതിന്റെ വിഷമം എനിക്കുണ്ട്. വേണ്ടപ്പെട്ട പലരെയും ക്ഷണിക്കാൻ സാധിച്ചില്ല. ചിലരെ വിളിച്ചു.. ചിലരോടൊന്നും പറയാൻ പറ്റിയില്ല. അതിന്റെ കുറ്റബോധമുണ്ട്. വലിയ നടനായല്ലേയെന്നെല്ലാം പറഞ്ഞ് ചിലർ പരിഭവം പറഞ്ഞു. അതിനാലാണ് ലൈവ് വീഡിയോ ഇടാമെന്നു തീരുമാനിച്ചത്. അറിവില്ലായ്മയും പരിചയക്കുറവും കാരണമാണ് അങ്ങനെ സംഭവിച്ചത്. വീട് സ്വന്തമായെന്നു ഇപ്പോൾ പറയാറായിട്ടില്ല. ഒരുപാടു പേരിൽ നിന്നും കടം വാങ്ങിയും ബാങ്ക് ലോണെടുത്തുമാണ് വീടു വച്ചത്. അതെല്ലാം തിരിച്ചടച്ചു കഴിഞ്ഞാലേ വീട് എന്റേതാകുള്ളൂ. അറിയാതെ ചെയ്യുന്ന തെറ്റുകൾക്കാണ് മാപ്പു ചോദിക്കേണ്ടത്. ഇത് അറിയാതെ സംഭവിച്ചതല്ല. അതിനാൽ മാപ്പു ചോദിക്കാന്‍ പോലും ഞാനാളല്ല. എന്നെ വെറുക്കരുത്. നിങ്ങളുടെയെല്ലാം സ്‌നേഹം എനിക്കിനിയും വേണം.'