mohanlal

മലയാള സിനിമയിൽ സൂപ്പർ സ്റ്റാർ യുഗം അവസാനിച്ചുവെന്ന വാദത്തിന് മറുപടിയുമായി ഹരീഷ് പേരടി. നല്ല നടൻമാർക്കുമാത്രമേ സൂപ്പർതാരങ്ങളാകാൻ കഴിയൂ എന്ന് കണക്കുകൾ കുറിക്കുകയാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ.. നല്ല നടമാരെ തിരഞ്ഞെടുക്കാനുള്ള പഴയ സംവിധായകരുടെ കഴിവ് പുതിയ മലയാള സിനിമയിലെ സംവിധായകർക്കുണ്ടെങ്കിൽ ഇനിയും ഒരുപാട് നല്ല നടൻമാർ ഇവിടെ സൂപ്പർതാരങ്ങളാവുമെന്ന് ഹരീഷ് പേരടി പറഞ്ഞു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പുതിയ റിയലിസം മലയാള സിനിമകളിൽ അഭിനയിക്കാv വെറും പെരുമാറൽ മാത്രം മതിയെന്നാണ് പുതിയ കണ്ടുപിടുത്തം. അതായത് നിങ്ങൾ നിങ്ങളുടെ സെൽഫിനെ ആവിഷ്‌കരിക്കുക അതിന് പ്രത്യേകിച്ച് പഠനമൊന്നും വേണ്ട. സാധാരണ ജീവിതത്തിലെ നിങ്ങളുടെ അംഗ ചലനങ്ങളും വർത്തമാന രീതികളും ഏല്ലാ കഥാപാത്രങ്ങളിലേക്കും അടിച്ചേൽപ്പിക്കുക.

പക്ഷേ അഭിനയം എന്ന് പറയുന്നത് സ്വന്തം വ്യക്തിത്വത്തെ ഇല്ലാതാക്കി മറ്റൊരാൾആവുന്നതാണ്. അതുകൊണ്ടാണ് മമ്മൂക്കയും ലാലേട്ടനും സൂപ്പർ നടൻമാരായി നിലനില്‍ക്കുന്നത്.

നല്ല നടൻമാരെ തിരഞ്ഞെടുക്കാനുള്ള പഴയ സംവിധായകരുടെ കഴിവ് പുതിയ മലയാള സിനിമയിലെ സംവിധായകർക്കുണ്ടെങ്കിൽ ഇനിയും ഒരുപാട് നല്ല നടന്‍മാര്‍ ഇവിടെ സൂപ്പര്‍താരങ്ങളാവും..അല്ലാതെ എല്ലാത്തിലും ഒരു പോലെ പെരുമാറുന്ന നായകന്‍മാരെ വച്ച് നിങ്ങള്‍ എത്ര മാസ് ഉണ്ടാക്കാന്‍ ശ്രമിച്ചാലും അത് കുറച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും അവര്‍ സൂപ്പറാണെന്ന് പറയുന്ന കുറച്ച് സംവിധായകരെയും സൃഷ്‍ടിച്ചേക്കാം.

ഒരു സിനിമയ്ക്കുവേണ്ട ഒരു കഥാപാത്രത്തെ കണ്ടെത്തുന്നതിനേക്കാള്‍ എത്രയോ ബുദ്ധിമുട്ടാണ് തങ്ങളുടെ കഥാപാത്രത്തെ ഒരു നല്ല നടനിലൂടെ ഒരു നല്ല നടിയിലൂടെ ആവിഷ്‌കരിക്കുക എന്നുള്ളത്.

അതിനാല്‍ നല്ല നടീ നടന്‍മാരുടെ യുഗം അവസാനിക്കാത്ത കാലത്തോളം സൂപ്പര്‍താരങ്ങളുടെ യുഗവും മലയാള സിനിമയില്‍ എന്നല്ല ലോക സിനിമയില്‍ തന്നെ അവസാനിക്കില്ല.