ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ബി.ജെ.പിക്ക് വലിയ തിരിച്ചടിയായിരുന്നു. തലസ്ഥാനത്ത് വൻ പ്രചാരണം നടത്തിയെങ്കിലും 8 സീറ്റിൽ ബി.ജെ.പി ഒതുങ്ങുകയായിരുന്നു. അതേസമയം കോൺഗ്രസും തങ്ങളുടെ താരപ്രചാരകരുമാണ് ബി.ജെ.പിയെ തോൽപ്പിച്ചതെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. കോൺഗ്രസ് വിജയത്തിന് വേണ്ടിയല്ല ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് ശ്രമിച്ചതെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ഡൽഹിയിലെ പരാജയത്തിന്റെ ക്ഷീണമകറ്റാൻ ബീഹാറിൽ ശക്തമായി കോൺഗ്രസിനെ നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. തിരഞ്ഞെടുപ്പിന് 8 മാസം മാത്രം ബാക്കിനിൽക്കേ കോൺഗ്രസ് സഖ്യത്തിൽ അപ്രതീക്ഷിതമായി വിള്ളലുണ്ടായിരിക്കുകയാണ്. കോൺഗ്രസിന്റെയും ആർ.ജെ.ഡിയും ധാർഷ്ട്യം കടുത്തതോടെ നാല് പാർട്ടികൾ രഹസ്യമായി യോഗം ചേർന്നിരിക്കുകയാണ്. ഈ സാഹചര്യം മുതലാക്കാനൊരുങ്ങുകയാണ് ബി.ജെ.പി. ചെറുകക്ഷികളുടെ സീറ്റ് വെട്ടിക്കുറയ്ക്കാനുള്ള ആർ.ജെ.ഡിയുടെ ശ്രമത്തിനെതിരെ പ്രതിഷേധമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ആ കക്ഷികളെ ബി.ജെ.പിയിൽ എത്തിക്കാനാണ് നീക്കം.
ആർ.എൽ.എസ്.പി, എച്ച്.എ.എം, വി.ഐ.പി, ആർ.എൽ.ഡി എന്നീ പാർട്ടികളാണ് രഹസ്യമായി ചർച്ച നടത്തിയത്. കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്നവരുടെ നിലപാട് ഇനി ശ്രദ്ധേമമാണ്. പ്രതിപക്ഷത്തെ പിളർത്താനായാൽ അതിൽ ഏറ്റവും കൂടുതൽ ഗുണമുണ്ടാകുക ബി.ജെ.പിക്കാണ്. ഈ നാല് പാർട്ടികള്‍ക്കും നിതീഷുമായുള്ള പ്രശ്‌നം അമിത് ഷാ നേരിട്ടിറങ്ങി പരിഹരിക്കും. ജയിച്ചാൽ ശരത് യാദവിന് നിർണായക പദവി തന്നെ ബി.ജെ.പി നൽകിയേക്കുമെന്നാണ് കരുതുന്നത്.