ലണ്ടൻ : സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് മാഞ്ചസ്റ്റർ സിറ്റിയെ അടുത്ത രണ്ട് വർഷത്തേക്ക് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നത് യുവേഫ വിലക്കി. ഇതോടെ പ്രിമിയർലീഗ് ചാമ്പ്യൻമാരായ സിറ്റിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള ടൂർണമെന്റുകളിൽ നിന്ന് 2022-23 സീസൺ വരെ മാറിനിൽക്കേണ്ടിവരും. 33 ദശലക്ഷം ഡോളർ പിഴയും ക്ളബിന് ചുമത്തിയിട്ടുണ്ട്. അതേസമയം ഈ വർഷത്തെ ലീഗിൽ സിറ്റിക്ക് തുടർന്നും കളിക്കാം. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനെ നേരിടാനൊരുങ്ങുകയാണ് പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റി. വിലക്കിനെതിരെ അപ്പീൽ നൽകുമെന്ന് സിറ്റി ക്ളബ് അധികൃതർ അറിയിച്ചു.