ദക്ഷിണ കന്നഡയിലെ മംഗ്ലൂരിൽ നിന്ന് തെക്കോട്ട് പതിനഞ്ച് കിലോ മീറ്റർ പിന്നിട്ട് ഹരേക്കള എന്ന കൊച്ചുഗ്രാമത്തിൽ ബസിറങ്ങി ഹജ്ജബ്ബയുടെ വീട് ചോദിച്ചപ്പോൾ കൂടി നിന്ന നാട്ടുകാർ സ്നേഹം കൊണ്ടു പൊതിഞ്ഞു. വഴി പറഞ്ഞു തരാൻ മാത്രമായിരുന്നില്ല ഓട്ടോഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും പരസ്പരം മത്സരിച്ചത്. ഹജ്ജബ്ബയുടെ വീട്ടിലെത്തിക്കാൻ അവരോരുത്തരും മത്സരിക്കുകയായിരുന്നു. അതിനിടെ വീട്ടിലേക്കുള്ള ചെങ്കുത്തായ കയറ്റം കയറുമ്പോൾ റോഡിനിരുവശവും ഹജ്ജബ്ബയ്ക്ക് ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള കൂറ്റൻ കട്ടൗട്ടുകളും വഴികാട്ടിയായി. ഹരേക്കള എന്ന കൊച്ചുഗ്രാമത്തിന്റെ പൊതുസ്വത്താണ് ഹജ്ജബ്ബ എന്ന് അപ്പോൾ മനസിലായി. അതാണ് ആ വലിയ മനുഷ്യനോടുള്ള നാട്ടുകാരുടെ സ്നേഹം. തനിക്ക് വേണ്ടിയോ, കുടുംബത്തിനു വേണ്ടിയോ അല്ല അറുപത്തിയെട്ടുവർഷങ്ങളും ഹജ്ജബ്ബ ജീവിച്ചത്. തനിക്ക് കിട്ടാത്ത അറിവിന്റെ മധുരം കുട്ടികൾക്ക് പകർന്നു നൽകാൻ വേണ്ടി മാത്രമായിരുന്നു.
സ്വപ്നത്തിന് മധുരനാരങ്ങയുടെ വില
മംഗ്ലൂരു സെൻട്രൽ മാർക്കറ്റിൽ രാവിലെ എട്ട് മുതൽ രാത്രി വൈകും വരെ വള്ളിക്കൊട്ടയിൽ മധുര നാരങ്ങ വിൽപ്പനയിലായിരിക്കും ഹജ്ജബ്ബ. ഒരു തെരുവിൽ നിന്നു മറ്റൊരു തെരുവിലേക്ക് നീളുന്ന ഒരു പതിവുദിവസമായിരുന്നു അന്നും. തിരക്കിട്ട ഓട്ടത്തിനിടെ ഡൽഹിയിൽ നിന്നൊരു കാൾ വന്നു, കന്നഡ മാത്രമേ അറിയൂ, അതുകൊണ്ടു തന്നെ ഹിന്ദിയിൽ പറഞ്ഞതെന്താണെന്ന് പിടി കിട്ടിയില്ല. നമ്പർ തെറ്റായി വന്നതായിരിക്കുമെന്ന് കരുതി തനിക്കറിയാവുന്ന ഭാഷയിൽ ആളു മാറിയതാണെന്ന് പറഞ്ഞൊപ്പിച്ച് ഫോൺ കട്ട് ചെയ്തു. പക്ഷേ രണ്ടാമതും അതേ നമ്പറിൽ നിന്നും വിളി വന്നു. വല്ലാതെ പേടിച്ച്, ഫോൺ തൊട്ടടുത്ത പച്ചക്കറി വ്യാപാരിയായ മജീദിന് കൈമാറി. ഫോൺ വച്ചതും മജീദ് ഹജ്ജബ്ബയെ മാറോട് ചേർത്ത് പുണർന്നു. എന്നിട്ടും കാര്യം മനസിലായില്ല. ഹജ്ജബ്ബയ്ക്ക് പത്മശ്രീ... അതായിരുന്നു ഡൽഹിയിൽ നിന്നുള്ള ആ അഭിമാന വാർത്ത. മാർക്കറ്റ് മുഴുവൻ സന്തോഷം നിറഞ്ഞൊഴുകി. കേട്ടവർ കേട്ടവർ ഓടി വന്ന് ഹജ്ജബ്ബയെ വാനിലേക്കുയർത്തി. മാർക്കറ്റിലേക്ക് കടന്നുവന്ന പത്മശ്രീ അക്ഷരാർത്ഥത്തിൽ ആഘോഷമായി തന്നെ മാറി. പത്മശ്രീ എന്നു എല്ലാവരും പറയുമ്പോഴും എന്താണ് സംഭവമെന്ന് ഹജ്ജബ്ബയ്ക്ക് പിടികിട്ടാൻ ദിവസങ്ങൾ വേണ്ടി വന്നു. പല നാട്ടിൽ നിന്നായി തന്നെത്തേടിയെത്തുന്ന മാദ്ധ്യമപ്രവർത്തകരുടെ മുന്നിൽ പത്മശ്രീ കൊടുത്താൽ തന്റെ സ്കൂളിൽ ഉപരിപഠനം കിട്ടുമോ എന്നു പോലും ആ വലിയ മനസ് നിഷ്കളങ്കമായി ചോദിച്ചു. കന്നഡയും ബ്യാരിയും അവ്യക്തമായ മലയാളവും കലർന്ന ഭാഷയിൽ ഇതു പറയുമ്പോൾ ഹജ്ജബ്ബയുടെ കണ്ണു നിറഞ്ഞു. എന്തിനാണ് കരയുന്നതെന്ന് ചോദിച്ചപ്പോൾ മുപ്പത് വർഷത്തിന് മുമ്പുള്ള ഒരു കഥയാണ് അദ്ദേഹം പങ്കുവച്ചത്.
വഴിത്തിരിവായത് ആ വിദേശികൾ
ഹജ്ജബ്ബ 1978 ലാണ് ഓറഞ്ച് വിൽപ്പന തന്റെ ജീവിതമാർഗമായി തിരഞ്ഞെടുത്തത്. വിൽപ്പനയ്ക്കിടെ ഒരിക്കൽ നാലഞ്ചു വിദേശ സഞ്ചാരികൾ ഹജ്ജബ്ബയുടെ അടുത്തെത്തി. ഹൗ മച്ച്? സായിപ്പിന്റെ ചോദ്യം കേട്ടപ്പോൾ ആകെകുഴങ്ങി, ഹജ്ജബ്ബയ്ക്ക് ചോദ്യം എന്താണെന്ന് മനസിലായില്ല. ആ മൗനത്തിനു നേരെ സായിപ്പുമാർ വീണ്ടും ചോദ്യമെറിഞ്ഞത്. ഹൗ മച്ച്, ബ്ളഡി? എന്നായിരുന്നു. അതൊരു തെറിവാക്കായിരുന്നെന്ന് പിന്നീട് മനസിലായി. ഇംഗ്ലീഷ് അറിയാത്തത് ആദ്യമായി അപമാനത്തിന്റെ മുറിവായി മനസിൽ നീറി. ആ നിമിഷം ഒരു തീരുമാനമെടുത്തു, ഇനി ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത്.
''എനിക്ക് കിട്ടാതെ പോയ അറിവ് വരും തലമുറയ്ക്കെങ്കിലും കിട്ടണം. അതിന് ഇംഗ്ലീഷ് പഠിക്കണം. എന്നിട്ട് സായിപ്പിനോട് പകരം ചോദിക്കണം. ഞാനൊരു സ്കൂൾ തുടങ്ങാൻ തീരുമാനിച്ചു, കന്നഡയ്ക്ക് പുറമെ ഇംഗ്ലീഷും പഠിപ്പിക്കുന്ന സ്കൂൾ." ഓർമ്മയിൽ നിന്ന് ഒരു നാരങ്ങയല്ലി അടർത്തിയെടുത്ത് ഹജ്ജബ്ബ പറഞ്ഞു.
അങ്ങനെ തന്റെ സ്വപ്നത്തിലേക്കുള്ള യാത്രയ്ക്കായി ഓറഞ്ച് വിൽപ്പനയിൽ നിന്നു കിട്ടുന്ന തുകയിൽ ദിവസവും എഴുപത് രൂപ മിച്ചം പിടിക്കാൻ തുടങ്ങി. അധികം വൈകാതെ, ഹരേക്കളക്കടുത്ത് താൻ രക്ഷാധികാരിയായ ത്വാഹാ മസ്ജിദ് കെട്ടിടത്തിലെ ഒരൊറ്റ മുറിയിൽ ചെറിയ സ്കൂൾ തുടങ്ങി. ഗ്രാമത്തിലെ ആദ്യ സ്കൂൾ. പക്ഷേ, പ്രശ്നം അവിടം കൊണ്ടും തീർന്നില്ല. സ്കൂളിൽ കുട്ടികളെ കിട്ടുന്നതായിരുന്നു അടുത്ത വെല്ലുവിളി. എല്ലാ വീടുകളിലും കയറിയിറങ്ങി രക്ഷിതാക്കളെ കണ്ട് കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ നിർബന്ധിച്ചു. സ്കൂളോ...? എന്താണത്? എന്നായിരുന്നു പലരും ചോദിച്ചത്. ആ നാട്ടുകാരെ സംബന്ധിച്ച് സ്കൂൾ എന്നത് അതുവരെ പരിചയമില്ലാത്ത പുതിയൊരു വാക്കായിരുന്നു. കുട്ടികളെ ചെറുപ്പത്തിൽ തന്നെ ജോലിക്ക് വിടുന്നതാണ് അവരുടെ രീതി. ഹജ്ജബ്ബ പിന്നാലെ നടന്ന് അവരെ സമ്മതിപ്പിച്ചു. കുട്ടികൾ സ്കൂളിൽ എത്തിയപ്പോൾ അടുത്ത പ്രശ്നം വന്നു, അദ്ധ്യാപകരെ കിട്ടാനില്ല. സ്വന്തം കൈയിൽ നിന്നും ശമ്പളം കൊടുത്ത് ഒരദ്ധ്യാപികയെ സ്കൂളിൽ നിയമിച്ചു. അവിടെയും ഹജ്ജബ്ബയുടെ പ്രവർത്തനങ്ങൾ അവസാനിച്ചില്ല. പിന്നീട് സ്കൂളിന്റെ അംഗീകാരത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങി. വീട് മുഴുപട്ടിണിയിലായി തുടങ്ങിയിരുന്നു അപ്പോഴേക്കും. കഷ്ടപ്പാട് മാറ്റാൻ ഭാര്യയും മക്കളും ബീഡി തെറുക്കാൻ പോയി. സ്കൂളിന് അംഗീകാരം ലഭിച്ചപ്പോൾ സ്വന്തമായി കെട്ടിടം നിർമ്മിക്കാനായി അടുത്ത ഓട്ടം. വിശ്രമമില്ലാത്ത നെട്ടോട്ടത്തിനിടയിൽ ഹജ്ജബ്ബയുടെ മനോനില തകർന്നെന്ന് പോലും പലരും സ്വകാര്യം പറഞ്ഞു.
ഒന്നാം ക്ലാസിൽ പോയില്ല
തോരാമഴയിൽ നനയാതിരിക്കാൻ കയറി നിന്ന ബന്ധം പോലും ഹജ്ജബ്ബയ്ക്ക് സ്കൂളുമായില്ല. പഠിക്കാൻ താത്പര്യമില്ലായിരുന്നു, ആരും നിർബന്ധിച്ചുമില്ല. പണവും തടസമായിരുന്നു. ഇനി ഒരാളും പഠിക്കാൻ കഴിയാതെ വിഷമിക്കരുതെന്ന് മാത്രമേ സ്കൂൾ നടത്തിപ്പിനുള്ള ഓട്ടത്തിൽ മനസിലുണ്ടായിരുന്നുള്ളൂ. 2000 ജൂണിലായിരുന്നു സ്കൂളിന് തുടക്കമിട്ടത്. ഇന്ന് പ്രൈമറി സ്കൂളും ഹൈസ്കൂളുമായി ഹജ്ജബ്ബയുടെ സ്വപ്നം വളർന്ന് വലുതായി. രണ്ട് സ്കൂളിലും കൂടി 160 കുട്ടികളും ആറ് അദ്ധ്യാപികമാരും. കുട്ടികൾക്കും അദ്ധ്യാപികമാർക്കും ഹജ്ജബ്ബ അവരുടെ ദൈവമാണ്. ഈ സ്കൂൾ കെട്ടിടവും മറ്റും എങ്ങനെയുണ്ടായെന്ന് പ്രഥമാദ്ധ്യാപിക എം.പി. രൂപയോട് ചോദിച്ചപ്പോൾ ഒറ്റവാക്കിൽ ഹിസ് ഹൈനസ് ഹജ്ജബ്ബ എന്നാണ് അവർ ഉത്തരം നൽകിയത്. ഇപ്പോൾ സർക്കാരും നാട്ടുകാരും മറ്റു അഭ്യുദയകാംക്ഷികളും സ്കൂളിന് സഹായഹസ്തവുമായി രംഗത്തുണ്ട്. എന്നാൽ സ്കൂൾ ഇനിയും വിപുലപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അതിന് വലിയ തുക വേണം. അങ്ങനെയെങ്കിൽ പത്മശ്രീ വിൽക്കാമെന്നായി ഹജ്ജബ്ബ. ആ തുക കൊണ്ട് സ്കൂളിൽ പ്ലസ് ടു തുടങ്ങാനായിരുന്നു ഹജ്ജബ്ബയുടെ തീരുമാനം. എന്നാൽ, വീട്ടിലെ മുറിയിൽ നിരത്തി വച്ച എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങളിലൊന്നല്ല ഇതെന്ന് മകൾ സംസാദ് പറഞ്ഞ് കൊടുത്തപ്പോഴാണ് പത്മശ്രീയുടെ വില ആ പാവം മനുഷ്യൻ തിരിച്ചറിയുന്നത്.
വെളിച്ചം മാത്രമല്ല, പാഠവുമാണ്
ഹരേക്കള എന്ന കൊച്ചുഗ്രാമത്തിന് വിദ്യ ഇപ്പോൾ ശുദ്ധവായു പോലെയാണ്. ഹജ്ജബ്ബ എന്ന പ്രകാശഗോപുരം വിദ്യയുടെ അവസാനവാക്കായി ഇവിടെ മാറുകയാണ്. മംഗ്ലൂരു സർവകലാശാലയിലെ ബിരുദ വിദ്യാർഥികളുടെ പാഠപുസ്തകത്തിലും ഈ നന്മയുടെ പൂമരം പടർന്നുകയറി. അവരുടെ പഠന വിഷയം കൂടിയാണ് ഹജ്ജബ്ബ. ശിവമോഗയിലെ കുവെമ്പു, ദാവൺഗരെ സർവകലാശാലകളിലും ഈ ജീവിതം ഇന്ന് പാഠ്യവിഷയമാണ്. മധുരവാക്ക് എന്നർത്ഥം വരുന്ന നൂഡി വാണി എന്നാണ് പാഠഭാഗത്തിന്റെ ശീർഷകം. സി.എൻ.എൻ. ഐ.ബി.എന്നിന്റെ ദി റിയൽ ഹീറോ അവാർഡും ഹജ്ജബ്ബയെ തേടിയെത്തി. അമീർഖാൻ അവതാരകനായ പരിപാടിയിൽ മോഹൻലാൽ ആണ് ഹജ്ജബ്ബയുടെ ജീവിതകഥയ്ക്ക് ആമുഖം അവതരിപ്പിച്ചത്. അഞ്ച് ലക്ഷം രൂപയായിരുന്നു റിയൽ ഹീറോ സമ്മാനം. 'കന്നഡപ്രഭ" യുടെ മാൻ ഓഫ് ദി ഇയർ അവാർഡ് തുകയായ ഒരു ലക്ഷം രൂപയും ഹജ്ജബ്ബയെ തേടിയെത്തി. ഈ പണവുമായി ഹജ്ജബ്ബ പോയത് ബാങ്കിലേക്കല്ല, നേരെ സ്കൂളിലേക്ക്. ഉടൻ പുതിയ കെട്ടിടം പണിയാൻ.
സ്കൂൾ സർക്കാരിനു കൈമാറിയതോടെ ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് ഹയർ പ്രൈമറി സ്കൂളായി മാറി. പി.യു.സി (പ്ലസ്ടു) കിട്ടാനാണ് ഇനിയുള്ള ഓട്ടം. അതും നേടുക തന്നെ ചെയ്യും. ആ വാക്കുകളിൽ ആത്മവിശ്വാസം തിളങ്ങി. ഹജ്ജബ്ബയെ കുറിച്ച് ചോദിച്ചപ്പോൾ അദ്ധ്യാപികമാരായ രൂപയും സുഷിയും ഒരേ സ്വരത്തിൽ പറഞ്ഞു, ഇങ്ങനെയൊരു മനുഷ്യൻ ഇനി ഭൂമിയിലുണ്ടാകുമോ എന്ന് സംശയമാണ്.
വിദ്യാർത്ഥികളെല്ലാം സ്വന്തം മക്കൾ
ഒന്നര ഏക്കർ സ്ഥലത്താണ് ഇപ്പോൾ രണ്ട് സ്കൂളുകൾ സ്ഥിതി ചെയ്യുന്നത്. രണ്ട് സ്കൂളിലെയും വിദ്യാർത്ഥികളെല്ലാം ഹജ്ജബ്ബയ്ക്ക് സ്വന്തം മക്കളെ പോലെയാണ്, കുട്ടികൾക്ക് തിരിച്ചും. ആ നിഴൽ കണ്ടാൽ മതി, കുട്ടികൾ ഓടിയെത്തും. 160 കുട്ടികളെയും പേരെടുത്ത് വിളിച്ച് കുശലം ചോദിക്കും. വീട്ടുവിശേഷങ്ങൾ ഉൾപ്പെടെ ചോദിച്ചറിയും. കുട്ടികളുടെ രക്ഷിതാക്കളെയും നന്നായറിയാം. കുട്ടികൾ പഠനത്തിൽ പിന്നാക്കം പോയാൽ ഹജ്ജബ്ബ രക്ഷിതാവിനോട് ആവലാതി പറയും. പത്താം ക്ളാസ് പരീക്ഷയിൽ കഴിഞ്ഞ വർഷം ഈ വിദ്യാലയത്തിന് മികച്ച വിജയം നേടാൻ കഴിഞ്ഞതും ഹജ്ജബ്ബ ഉൾപ്പടെയുള്ളവരുടെ ഇടപെടലിനെ തുടർന്നാണെന്ന് അദ്ധ്യാപികമാർ പറയുന്നു. കുട്ടികൾക്ക് നല്ല ഉച്ചഭക്ഷണം നൽകണമെന്ന നിർബന്ധവുമുണ്ട്. അതിനു വേണ്ടി സ്പോൺസർമാരെയും മറ്റും കണ്ടെത്തുന്നതും മറ്റൊരാളല്ല. ചില വിശേഷാൽ ദിവസങ്ങളിൽ വിഭവസമൃദ്ധമായ
സദ്യയുമുണ്ടാകും.
നാല് മണിക്കൂർ നീണ്ട കൂടിക്കാഴ്ച കഴിഞ്ഞിറങ്ങുമ്പോൾ ഹജ്ജബ്ബ ഒരു മധുര നാരങ്ങ കൈയിൽ വച്ചു പറഞ്ഞു, ''ഇതാണ് എന്റെ സമ്പാദ്യം, ഈ മധുരം വിറ്റാണ് ഞാൻ സ്കൂൾ തുടങ്ങിയതും ഇവിടെ വരെ എത്തിയതും."" കന്നഡയിലാണ് പറഞ്ഞതെങ്കിലും ആ വാക്കുകളിൽ കാലത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുള്ളതു പോലെ തോന്നി.
(ലേഖകന്റെ ഫോൺ: 9946108259)