
നമ്മുടെ കൈയിലിരുന്ന ഏറ്റവും വിലപിടിച്ച നിധിയെ കാത്തുസൂക്ഷിക്കാൻ നമുക്ക് കഴിഞ്ഞില്ല..."" മഹാത്മാഗാന്ധി വെടിയേറ്റ് മരിച്ചുവെന്നറിഞ്ഞ നിമിഷം ജവാഹർലാൽ നെഹ്റു കൊച്ചുകുട്ടിയെപ്പോലെ വിതുമ്പി. എന്തു ചെയ്യണമെന്നറിയാതെ അദ്ദേഹം പകച്ചുപോയി. കരഞ്ഞുകലങ്ങിയ കണ്ണും ഇടറിയ ശബ്ദവുമായി പൊതുജനമദ്ധ്യത്തിൽ ദുഃഖഭാരം കൊണ്ട് തലകുനിച്ചുനിന്നു
സ്വതന്ത്രഭാരതത്തിലെ ഏറ്റവും അഭിശപ്തമായ ചരിത്രനിമിഷം. സെക്രട്ടേറിയറ്റിലും ബിർളാഹൗസിലും നെഹ്റുവിനോടൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി എച്ച്.വി.ആർ അയ്യങ്കാർ തന്റെ ഓർമക്കുറിപ്പുകളിൽ ആ രംഗം ഇങ്ങനെ വാക്കുകളിൽ പകർത്തിയിരിക്കുന്നു: ആ സമയം നെഹ്റു സെക്രട്ടേറിയറ്റിലുള്ള പ്രധാനമന്ത്രിയുടെ ഓഫീസിലിരുന്ന് അടിയന്തര ഫയലുകൾ നോക്കുകയായിരുന്നു. ബിർളാമന്ദിരത്തിൽ നിന്ന് ഫോൺ സന്ദേശം വന്നയുടൻ ഞാൻ അദ്ദേഹത്തിന്റെ മുറിയിൽ കയറി വിവരം അറിയിച്ചു. അദ്ദേഹത്തിന് വിശ്വാസമായില്ല. എന്നോട് പലതവണ ചോദിച്ചു: ശരിയാണോ? മറുപടി കേൾക്കും മുൻപ് ഒരു നിമിഷം എന്നെ തുറിച്ചുനോക്കി. പെട്ടെന്ന് തൊപ്പിയെടുത്ത് തലയിൽ വെച്ച് അദ്ദേഹം പറഞ്ഞു: നമുക്ക് പോകാം.  മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ അദ്ദേഹം വീണ്ടും ചോദിച്ചു: ശരിക്കും കാര്യം ഗുരുതരമാണോ?
കിട്ടിയ വിവരമനുസരിച്ച് ഗുരുതരമാണെന്ന് പറഞ്ഞപ്പോൾ ദുസ്സഹമായ ദുഃഖത്തിൽ അദ്ദേഹം മൗനിയായി. മനസിനേറ്റ ആഘാതത്തിന്റെ വ്യാപ്തി മുഖത്ത് നിഴലിച്ചിരുന്നു. ബിർളാഹൗസിൽ എത്തിയശേഷമാണ് ഗാന്ധിജി  മരിച്ചു എന്ന യാഥാർഥ്യം അദ്ദേഹം ഉൾക്കൊണ്ടത്. നിമിഷങ്ങൾക്കകം മതിലിനകത്തും പുറത്തും തെരുവീഥിയിലും വൻ ജനക്കൂട്ടം വന്നുനിറഞ്ഞു. നിയന്ത്രിക്കാനാകാത്തവിധമായപ്പോൾ ഗേറ്റുകൾ അടച്ചു. അലമുറയിട്ട് വിളിക്കുന്ന ജനക്കൂട്ടത്തെ ആശ്വസിപ്പിക്കാൻ ആരെങ്കിലും അഭ്യർത്ഥിക്കണമെന്ന ഘട്ടമെത്തി. ഒടുവിൽ ആ ചുമതല നെഹ്റുവിൽ അർപ്പിതമായി.
ജനക്കൂട്ടം കാണത്തക്കവിധം അദ്ദേഹം ഗേറ്റിന്റെ  അഴികൾക്കു സമീപം ഉയരം കൂടിയ ഒരു സ്ഥലത്ത്  കയറിനിന്നു. രക്ഷാഭടന്മാർ അദ്ദേഹത്തെ വിലക്കാൻ ശ്രമിച്ചു. അദ്ദേഹത്തെയും കൊല്ലാൻ ജനക്കൂട്ടത്തിനിടയിൽ ഒരു കൊലയാളി ഒളിഞ്ഞിരിപ്പുണ്ടാവാമെന്ന് അവർ ഭയന്നു. പക്ഷേ നെഹ്റു അതെല്ലാം അവഗണിച്ചു.
അതിനിടയിൽ അദ്ദേഹം രാഷ്ട്രത്തോട് ഒരു പ്രക്ഷേപണം നടത്തണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും അതിനുള്ള ഏർപ്പാടുകൾ പൂർത്തിയാക്കി. എന്നാൽ ഒരു വരി കുറിയ്ക്കാനോ ചിന്തകളെ അടുക്കി വയ്ക്കാൻ പോലുമോ കഴിയുന്ന അവസ്ഥയിലായിരുന്നില്ല നെഹ്റു. പ്രക്ഷേപണകേന്ദ്രത്തിലേക്കുള്ള യാത്രയിൽപ്പോലും അദ്ദേഹം തനിച്ചായിരുന്നില്ല. മൈക്കിനു മുൻപിലിരുന്നപ്പോൾ ഒരു നിമിഷം അദ്ദേഹം ധ്യാനമഗ്നനായി. പിന്നെ അദ്ദേഹം ഹൃദയത്തിൽ നിന്ന് നേരിട്ട് സംസാരിക്കുകയായിരുന്നു.
''നമ്മുടെ ജീവിതത്തിൽ നിന്ന് ആ വെളിച്ചം പൊലിഞ്ഞുപോയി. എങ്ങും ഇരുട്ടുമാത്രം. എന്തു പറയണമെന്നോ എങ്ങനെ പറയണമെന്നോ എനിക്കറിയില്ല. ബാപ്പു എന്ന് നാം വിളിക്കുന്ന നമ്മുടെ പ്രിയ നേതാവ്, രാഷ്ട്രപിതാവ് കഥാവശേഷനായി....ആ വെളിച്ചം പൊലിഞ്ഞു എന്നാണ് ഞാൻ പറഞ്ഞത്. അതിലെനിക്ക് തെറ്റുപറ്റി. അതൊരു സാധാരണ ദീപമല്ല. അനേക സംവത്സരങ്ങളായി ഈ രാജ്യത്ത് പ്രകാശിച്ചുകൊണ്ടിരുന്ന വെളിച്ചമാണ്. അതിനിയും അനേകസംവത്സരങ്ങൾ ഈ രാജ്യത്ത് അനുസ്യൂതം നിലനിൽക്കും. ആയിരമായിരമാണ്ടുകൾക്കപ്പുറം ലോകം ഈ രാജ്യത്ത് ആ വെളിച്ചം തന്നെ കാണുകയും അസംഖ്യം ഹൃദയങ്ങൾക്ക് അത് ആശ്വാസമേകുകയും ചെയ്യും. ആ വെളിച്ചം വർത്തമാനകാലത്തെയല്ല പ്രതിനിധാനം ചെയ്യുന്നത്. സജീവസത്യത്തെയാണ്. അത് നമ്മെ നേർവഴി ഓർമ്മിപ്പിക്കുകയും അബദ്ധങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ഈ പ്രാചീനരാജ്യത്തെ ആത്യന്തിക സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്യും.""
എച്ച്.വി.ആർ അയ്യങ്കാർ ഓർക്കുന്നു: ''അപ്പോൾ എങ്ങുനിന്നോ ഒഴുകിവന്ന ആ വാക്കുകൾ ഇംഗ്ലീഷ് ഗദ്യസാഹിത്യത്തിലെ ഒരു ഇതിഹാസമായി മാത്രമല്ല, ഒരു പക്ഷേ ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് നൽകാവുന്ന ഏറ്റവും ഹൃദയസ്പൃക്കായ വാക്യോപഹാരമായും ഏതുകാലത്തും ഗണിക്കപ്പെടുന്നതാണ്. പിന്നീട് ഏറെനാൾ നെഹ്റുവിന് വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു. ഇന്ത്യയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കുക എന്ന ശ്രമകരമായ ദൗത്യം മുന്നിൽ. വഴി കാട്ടാനും ഉപദേശം നൽകാനുമുള്ള ഗുരു നഷ്ടപ്പെടുകയും ചെയ്തു. മാനസികവും ശാരീരികവുമായ വൈഷമ്യങ്ങളിൽപ്പെട്ട് അദ്ദേഹം ഉലഞ്ഞു"". സീനിയർ സിവിൽ സർവീസ് ഉദ്യോഗസ്ഥനും പിന്നീട് റിസർവ് ബാങ്ക് ഗവർണറുമായിരുന്നു എച്ച്.വി.ആർ അയ്യങ്കാർ.
(ലേഖകന്റെ ഫോൺ:9895603170)