ചായയ്ക്കും തേയിലയ്ക്കും ഏറെ പ്രസിദ്ധമാണ് നീലഗിരി. സുഖവാസകേന്ദ്രമായ ഊട്ടി ഉൾപ്പെടുന്ന, സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 8000 അടിയോളം ഉയരത്തിലുള്ള മലകളാൽ ചുറ്റപ്പെട്ട സദാസമയവും മഞ്ഞും കുളിരുമുള്ള തണുത്തുറഞ്ഞ ഒരു പ്രദേശമാണ് ഇത്. നമ്മുടെ ചില ജില്ലകളിൽ കയറും കശുഅണ്ടിയും റബ്ബറും ഒക്കെപ്പോലെ ഇവിടുത്തെ പ്രധാന വരുമാന മാർഗം തേയില ഉത്പന്നങ്ങളാണ്. തമിഴ് നാട്ടിലെ സർക്കാർ ഉടമസ്ഥതയിൽ ഉള്ള ഒരു സ്ഥാപനത്തിന്റെ പുതുവർഷ കലണ്ടർ, ഡയറി തുടങ്ങിയവയുടെ ഫോട്ടോകൾക്കായി അതിന്റെ എം.ഡിയുടെ ആവശ്യപ്രകാരം ഞാൻ അവരുടെ ഓഫിസിലെത്തി. കാമറാബാഗും കൈയിൽ കരുതിയിരുന്നു. കുറെ നേരം ആവശ്യമുള്ള ഫോട്ടോകളെപ്പറ്റിയും എടുക്കേണ്ട സ്ഥലങ്ങളെപ്പറ്റിയും സമയത്തെപ്പറ്റിയും ചർച്ച നടന്നു.
അതിനിടെ മറ്റൊരു റൂമിൽ ഏതോ ഫയലോ ഫോട്ടോയോ എന്നെ കാണിക്കാൻ എടുത്തുവരാം എന്നുപറഞ്ഞ് അദ്ദേഹം അടുത്ത മുറിയിലേക്കുപോയി. തിരികെ വരാൻ ഏതാണ്ട് അഞ്ചുമിനിറ്റിൽ കൂടുതൽ എടുത്തു. അങ്ങനെയിരുന്നപ്പോൾ അടച്ചിട്ടിരുന്ന അടുത്തുള്ള ഗ്ലാസ് ജനലിലൂടെ ഞാൻ പുറത്തേക്കുനോക്കി. (തണുപ്പിന്റെ കാഠിന്യം കാരണം വെന്റിലേറ്റർ പോലുമില്ലാതെയാണ് വീടുകളും മറ്റു കെട്ടിടങ്ങളും ഇവിടെ നിർമ്മിക്കുന്നത്. സ്കൂളിൽ ക്ളാസുകൾ നടക്കുമ്പോൾ പോലും വാതിലുകളും ജനാലകളും വരെ അടച്ചാണ് ഇട്ടിരിക്കുന്നത്) അപ്പോഴാണ് ഗ്ലാസിനപ്പുറമായി ഒരു ചിലന്തി വലയും അതിൽ അതിന്റെ ഉടമസ്ഥനായ ചിലന്തിയേയും കണ്ടത്. ഇരകളെയും പ്രതീക്ഷിച്ച് ഇഷ്ടന്റെ സ്വന്തം വെബ്സൈറ്റിൽ ശീർഷാസനത്തിലായിരുന്നു പുള്ളിക്കാരന്റെ നിൽപ്പ്. ഒന്നു സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഇന്നാട്ടിലെ ആളുകളെപ്പോലെ കോട്ടോ ജാക്കറ്റോ ധരിച്ച സാക്ഷാൽ സ്പൈഡർമാൻ നിൽക്കുന്ന രൂപംപോലെ എനിക്ക് തോന്നിയത്. ലൈറ്റും അനുകൂലമായിരുന്നു. ഉടൻ തന്നെ അതിനെ കാമറയിലാക്കി. അതുകഴിഞ്ഞ് കാമറയും പായ്ക്ക് ചെയ്തുകഴിഞ്ഞാണ് അയാൾ വന്നത്. കാര്യങ്ങൾ പറഞ്ഞുറപ്പിച്ചു യാത്രപറഞ്ഞു പോരുകയും ചെയ്തു.
ഡൗൺലോഡ് ചെയ്തുനോക്കിയപ്പോൾ ഏകദേശം സ്പൈഡർമാന്റെ ശരിയായ രൂപം പോലെ തന്നെ കിട്ടി. മുഖംമൂടി ധരിച്ച് രണ്ട് കൈകൾക്കു പകരം നാല് കൈകളുയർത്തി നാലുകാലിൽ ചെറിയ ഉടലുമായി നക്ഷത്രം പോലെ ഒരു ചിഹ്നം ജാക്കറ്റിൽ പതിച്ച് സ്പ്രിംഗിന്റെ മുകളിൽ നിൽക്കുന്ന രസകരമായ രൂപം! അവരുടെ കലണ്ടറിലും ഡയറിയിലുമൊക്കെ അന്ന് സ്ഥാനം പിടിച്ച ഈ സ്പൈഡർമാനെ എങ്ങനെ സംഘടിപ്പിച്ചു എന്ന് പ്രിന്റിംഗിനായി പടങ്ങൾ സബ്മിറ്റ്ചെയ്യുമ്പോൾ സന്ദർഭവശാൽ എം.ഡി എന്നോട് ചോദിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ജനലിൽ നിന്നുതന്നെയാണ് ഇതുപകർത്തിയെന്നത് വിശ്വസിക്കാനായില്ല. ഇത്രനാൾ ഇവിടെയിരുന്നിട്ട് ഇതുവരെ ഞാനിതു കണ്ടില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം!