എൺപത്തിയേഴുവർഷങ്ങൾക്കു മുമ്പുള്ള കുംഭമാസത്തിലെ ഒരു തെളിഞ്ഞ പ്രഭാതം. അന്നത്തെ സൂര്യോദയത്തിൽ അമ്മയ്ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു. അന്ന് സ്വന്തം പള്ളികൂടത്തിലെ ഹെഡ്മാസ്റ്റർ രാമൻ നായർ സർ യാദൃശ്ചയാ വീട്ടിൽ വന്നു. മകൾ പിറന്ന വാർത്ത അച്ഛൻ അങ്ങോട്ട് പറയുന്നതിന് മുമ്പ് രാമൻ നായർ സാർ പറഞ്ഞു, ഇവിടെ സരസ്വതി അവതരിച്ചിരിക്കുന്നു. പതിനെട്ടുവയസുകാരിയായ അമ്മ കുഞ്ഞിന്റെ നെറുകെ തഴുകി പറഞ്ഞു ''സരസ്വതിയോ?""
സരസ്വതി മുതിർന്ന കുട്ടിയായിത്തീർന്നപ്പോൾ ആ മുഖത്ത് നോക്കി തമാശ പറയാൻ ആർക്കും കഴിയുമായിരുന്നില്ല. കാണാൻ സുന്ദരി ആണെങ്കിലും നിലവിട്ട് പെരുമാറുന്നവരെ അകറ്റി നിർത്തുന്ന ഗഹനഭാവം ആ മുഖത്തുണ്ടായിരുന്നു.
മകൾ നിയമ ബിരുദമെടുത്തപ്പോൾ അമ്മയുടെ മനസിൽ ചിരകാലമോഹം ചിറകടിച്ചുണർന്നു. കൊല്ലം കോടതിയിൽ അഭിഭാഷകയായി ഔദ്യോഗികപദവി തുടർന്ന മകൾ ന്യായാധിപയായി കാണാൻ അച്ഛനും അമ്മയും കാത്തിരിന്നു.
തഴവയിലെ ഞങ്ങളുടെ ജീവിതം പഴയ ജന്മി വ്യവസ്ഥയിലായിരുന്നു. അമ്മയുടെ അച്ഛൻ രണ്ടു തവണ ശ്രീമൂലം പ്രജാസഭ മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരു താലൂക്കിൽ ഏറ്റവും കൂടുതൽ കരം അടയ്ക്കുന്നവരായിരുന്നു അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.
ജന്മിത്തത്വത്തിന്റെ അസ്വാതന്ത്ര്യം അവിടുത്തെ തൊഴിലാളികൾ ഒരിക്കലും അനുഭവിച്ചിട്ടില്ല. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി പതിനഞ്ചു സംവത്സരക്കാലം, ആലുവ അദ്വൈതാശ്രമം അദ്ധ്യാപകനുമായിരുന്ന അച്ഛന് മനുഷ്യനെ മനുഷ്യനിൽ നിന്നും അകറ്റുന്ന വ്യവസ്ഥിതിയോട് വൈമുഖ്യമായിരുന്നു. 'എല്ലാവരും ആത്മസഹോദരൻ എന്നല്ലേ പറയേണ്ടത് " എന്ന അരുൾ ഉള്ളവനാണ് ജീവി എന്ന ഈ നവാക്ഷരമന്ത്രവും നമുക്കായി ഗുരു രചിച്ചു തന്നു. അച്ഛൻ, ഗുരുവിന്റെ അരുൾ പ്രകാരം നാട്ടിലെ പട്ടിണി അകറ്റാൻ ഒരു ചെറിയ കുടിൽ വ്യവസായം ആരംഭിച്ചു. അത് വൻ വിജയമായിരുന്നു.
സരസ്വതി അക്കയുടെ സർഗചേതന പൂത്തുലഞ്ഞത് സ്വന്തം ഗ്രാമത്തിന്റെ ഉന്നതിക്ക് വേണ്ടി ആയിരുന്നു. ഒരു മഹിളാസമാജം രൂപീകരിച്ച് നാട്ടിൻപുറത്തെ സ്ത്രീകളെ അതിൽ അംഗങ്ങളാക്കി. സമാജത്തിന്റെ ഉദ്ഘാടനത്തിന് ആ കൊച്ചു ഗ്രാമത്തിലേക്ക് മഹാമതികൾ പൊടികൊണ്ട് മൂടിയ നാട്ടുവഴികളിലൂടെ എത്തിച്ചേർന്നു അന്ന്.
അക്കയുടെ സംഘാടനമികവ് കണ്ട് അമ്പരന്നുപോയി. ഓണക്കളി മാത്രം ശീലിച്ചിട്ടുള്ള യുവജനങ്ങളെ മൽസര കായിക വിനോദങ്ങൾ കൊണ്ട് ഒന്നിനും പുറകോട്ട് നിൽക്കാതെ ഊർജ്ജസ്വലരായി മുന്നോട്ട് വരാൻ പ്രേരിപ്പിച്ചു.
അവർ കൊല്ലം കോടതിയിൽ അഭിഭാഷകയായി ചേർന്നപ്പോൾ താമസിച്ചിരുന്നത് എസ്.എൻ.വി സദനത്തിലായിരുന്നു. അവിടുത്തെ ഹോസ്റ്റൽ വാർഡനുമായിരുന്നു. അക്കാലം ഞാനും ശ്രീനാരായണ കോളേജിൽ പഠിക്കാൻ ചേർന്നു.
അവരുടെ സംഘടനാശേഷിയും കലാനൈപുണ്യവും സാഹിത്യകൃതികളിലുള്ള അപാരമായ ജ്ഞാനവും വല്ലപ്പോഴുമൊക്കെ ഒരു ചാലുകീറി ഞങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക് ഒഴുകി എത്തുമായിരുന്നു. ഇക്കാര്യത്തിൽ മാത്രമല്ല, സരസ്വതി ചേച്ചിയുടെ ഇരിപ്പും നടപ്പും അനുകരിച്ച് അതുപോലെ ആകണം എന്നു പലരും ആശിച്ചിരുന്നു. അത്രകണ്ട് മാതൃകാപരമായിരുന്നു ആ ജിവിതം.
ഖാദിബോർഡ് സെക്രട്ടറി ആയിരുന്ന സി. വി. ത്രിവിക്രമൻ അക്കയേക്കാൾ രണ്ടു വയസിനു മൂത്തതാണെങ്കിലും അവരുടെ മേൽക്കൈ അംഗീകരിച്ചു കൊടുത്തിരുന്നു. പ്രസിദ്ധ ഗൈനക്കോളജിസ്റ്റായ ഡോ. രാധാഹരിലാൽ, (ഞങ്ങളുടെ ഉത്തരാക്കാ) ഞങ്ങളെ വിട്ടുപിരിഞ്ഞുപോയ രാജലക്ഷ്മി അക്ക, യൂണിവേഴ്സിറ്റി കോളേജിൽ മലയാളം വകുപ്പ് അദ്ധ്യക്ഷയായി റിട്ടയർ ചെയ്ത പ്രൊഫ. എസ്. അംബികാദേവി എന്ന ഞാനും പ്രശസ്ത എഴുത്തുകാരിയായ ഉഷാ എസ്. നായരും അവരുടെ മുന്നിൽ എന്നും നല്ലകുട്ടികളാകാൻ ശ്രമിച്ചിരുന്നു.
പ്രീ.യൂണിവേഴ്സിറ്റിക്ക് പഠിക്കാൻ ശ്രീനാരായണ വനിതാ കോളേജിൽ ചെന്നപ്പോൾ സരസ്വതി ചേച്ചിയുടെ അനിയത്തിയെ കാണാനും പരിചയപ്പെടാനും ഉയർന്ന ക്ലാസിലെ കുട്ടികൾപോലും എത്തിയിരുന്നു. അക്കയ്ക്ക് ഇത്രയധികം ആരാധകരോ എന്ന് ഞാൻ അത്ഭുതപ്പെട്ടു. വക്കീൽ പ്രൊഫഷനിലും അക്ക അസാധാരണ മികവ് പ്രകടിപ്പിച്ചു.
ഞങ്ങൾ താമസിച്ചിരുന്ന എസ്. എൻ. വി സദനത്തിലെ വാർഡൻ അക്കയായിരുന്നു. അവരുടെ പിറന്നാളുകൾ ഓരോ വർഷവും സദനത്തിലെ അമ്മ മറക്കാതെ ആഘോഷിക്കുമായിരുന്നു. പ്രാതലിന് തരുന്ന ഗോതമ്പു ദോശക്കും സാമ്പാറിനും പകരം കള്ളപ്പവും കടലക്കറിയും ഉച്ചയ്ക്ക് ചക്കപ്രഥമനും കൂട്ടിയുള്ള സദ്യ. അക്കയുടെ സംയമനത്തോടുള്ള ഇടപെടലുകൾ ഗുരുതരമായി തെറ്റുചെയ്ത കുട്ടിയെ പോലും ശിക്ഷിക്കില്ല, ശാസിക്കയുമില്ല, പക്ഷേ സരസ്വതി അക്കയ്ക്ക് മാത്രം കഴിയുന്ന ഏതോ സിദ്ധികൊണ്ട് തെറ്റുകാരിയെ നേർവഴിക്കു നയിച്ച എത്രയോ ഉദാഹരണങ്ങളുണ്ട്. സന്ധ്യകഴിഞ്ഞാൽ ഞങ്ങൾ വിശാലമായ പഠനമുറിയിൽ ശബ്ദമുണ്ടാക്കാതെ വായിച്ചിരിക്കുമ്പോൾ വാർഡൻ എത്തും. വാർഡനെ കാണാൻ കുട്ടികൾക്ക് എന്തൊരുത്സാഹം. പഠിക്കാനുള്ള പുസ്തകത്തിൽ നോവൽ ഫിറ്റ് ചെയ്ത് വായിക്കുന്നവരും ആ കാലൊച്ച കേട്ടാൽ അപ്പോൾ നോവൽ താഴെ വയ്ക്കും. ഏതു തെറ്റുകൾക്കും അക്ക തമാശയുടെ മധുരം പൊതിഞ്ഞേ കയ്പു ഗുളികകൾ കൊടുക്കുമായിരുന്നുള്ളൂ. അക്കയുടെ ബുദ്ധിശക്തിയും ദീർഘ ദർശനവും കണ്ടു ഞാൻ മോഹിച്ചു. അതു അമ്മയോടും പറഞ്ഞു, അക്ക ഒരു ന്യായാധിപ ആകും. അമ്മ ആ സ്വപ്നം മുന്നിൽ കണ്ട് കാത്തിരുന്നു.
സദനം ഡേ എന്നു പറയുന്ന ഒരാണ്ടിൽ ഒരിക്കൽ മാത്രം വരുന്ന ആഘോഷം ,മറ്റുള്ള ഹോസ്റ്റൽ അധികാരികളെ വിസ്മയിപ്പിക്കുന്ന സുരഭിലമായ ഒരു ഉത്സവമായിരുന്നു. അക്കയുടെ പരിചയ സീമയിലുള്ള എത്രയോ പ്രശസ്ത വ്യക്തികളെ ആ പരിപാടിയിൽ പങ്കെടുപ്പിച്ചിട്ടുണ്ട്. ലളിതാംബികാ അന്തർജനത്തിനെ സദനത്തിൽ വന്നപ്പോഴാണ് ആദ്യമായി കണ്ടത്. നിയമജ്ഞയാകുക എന്ന വഴി അത്ര എളുപ്പമല്ല. ആകാശവാണിയിൽ അക്ക ജോലിയിൽ പ്രവേശിച്ചപ്പോൾ അമ്മ അക്കയെ അനുഗ്രഹിച്ചു. അക്കയുടെ ശബ്ദം ആകാശവാണിയിൽ കൂടി കേൾക്കുമ്പോൾ അമ്മയ്ക്കു രണ്ടു കാതുകൾ പോരാ എന്നു തോന്നി.
സ്ത്രീ വെറും പാവകളാണ് എന്ന് തോന്നിച്ചിരുന്ന പഴയ കാലത്തെ തള്ളികളഞ്ഞുകൊണ്ട് സരസ്വതി ചേച്ചി മഹിളാലയം ചേച്ചിയായി മാറി. സ്ത്രീകളുടെ മുന്നേറ്റത്തിന് വഴിയൊരുക്കി. ചേച്ചി നിയമജ്ഞയുടെ വേഷം എന്നെന്നേക്കുമായി ഉപേക്ഷിച്ച് സ്ത്രീകളുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവർത്തന ശൈലി സ്വീകരിച്ച് ആകാശവാണിയിൽ തൊട്ടതെല്ലാം പൊന്നായി തന്നെ മാറി. പ്രക്ഷേപണ ചരിത്രത്തിലെ ആദ്യ വനിത എന്ന സ്ഥാനം മകൾ നേടിയത് കണ്ട് അമ്മ ധന്യയായി. കിണറ്റിലെ തവള പോലെ കഴിഞ്ഞു കൂടിയ എത്രയോ സ്ത്രീകളെ നോവലിസ്റ്റുകളാക്കി, കവയത്രികളാക്കി. ഗ്രാമത്തിലെ അക്ഷരമറിയാത്ത, ഞാറുനട്ടും കളപറിച്ചും കൊയ്തു നടന്ന സ്ത്രീകൾ സാഹിത്യത്തിലേക്ക് പ്രവേശിച്ചു.
ഭാഗ്യവശാൽ അക്കയുടെ കുടുംബജീവിതം സന്തുഷ്ടമായിരുന്നു. ഹെൽത്ത് സർവീസിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച കെ. യശോധരൻ ആയിരുന്നു അക്കയുടെ ഭർത്താവ്.
അക്ക പോയി ചേർന്ന ലോകത്ത് അക്കയ്ക്ക് എന്തെങ്കിലും സ്വാധീനമുണ്ടെങ്കിൽ അക്ക ഒന്നു വരാത്തതെന്തേ? സ്ഥൂലശരീരം വിട്ട സൂക്ഷ്മശരീരം എല്ലാത്തിനും സാക്ഷിയായി, തിരിച്ച് ഒന്നും പറയാനാകാതെ മഹാ ആകാശത്ത് ഒരു നക്ഷത്രമായി മിന്നി മിന്നി നിൽക്കുന്നു.
(എസ്. സരസ്വതിയമ്മയുടെ
സഹോദരിയാണ് ലേഖിക)