രവീന്ദ്രൻ വലപ്പാടിന്റെ പുതിയ ചിത്രം 'മദർ ഓൺ മൈനസ് "പണിപ്പുരയിലാണ്. അമ്മമനസിനെ തൊട്ടറിയുന്ന ചിത്രം. ഇന്ത്യൻ ചിത്രരചനയിൽ പുതിയൊരു ശൈലിക്ക് തുടക്കം കുറിച്ച കലാകാരനാണ് രവീന്ദ്രൻ വലപ്പാട്. ചെമ്പുതകിടും കാൻവാസും ചേർന്നൊരുക്കുന്ന ചിത്രരചനാ ശൈലിയാണ് ഇദ്ദേഹത്തിന്റേത്. കാൻകുപെരിക് (kankup-eric style)എന്നാണിതിന് പറയുന്നത്. കാൻവാസിൽ വളരെ ചെറിയ ത്രികോണാകൃതിയിൽ വിവിധ വർണങ്ങളിൽ അക്രലിക്ക് പെയിന്റുപയോഗിച്ച് വിഷയങ്ങൾക്കനുസരിച്ച് ചിത്രതലങ്ങൾ ഉണ്ടാക്കുകയാണ് ആദ്യംചെയ്യുന്നത്. പ്രസിദ്ധ ചിത്രകാരനും വൈദികനുമായിരുന്ന ഫാദർ പോൾ ചാഴൂരിൽ നിന്നാണ് ഇദ്ദേഹം ചിത്രകല അഭ്യസിച്ചത്. പിന്നീട് ഉഷസ് എന്ന പേരിൽ സ്ഥാപനം തുടങ്ങി. അതിനിടെ ഇന്ത്യയിൽ നിന്നുള്ള ഓസ്കാർ അവാർഡ് നോമിനി മീരാനായരുടെ 'സലാം മുബയ്" യുടെ കേരളത്തിലെ പരസ്യകല നിർവഹിച്ചു.
പിക്കാസോയുടെ ക്യൂബിസം പോലെ ചിത്രകലയിൽ സ്വന്തം ശൈലി വേണമെന്ന തോന്നലാണ് കാൻകു പെരിക് ചിത്രകലാ രീതിയിലൂടെ മുന്നോട്ടുകൊണ്ടുപോയതെന്ന് രവീന്ദ്രൻ പറയുന്നു. ഈ പേരിന്റെ കോപ്പിറൈറ്റും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ആറടിയിലുള്ള ഒരു കാൻവാസിൽ അഞ്ചു തലങ്ങളിലായി കുട്ടിക്കാലം മുതലുള്ള ഒരാളുടെ ജീവിതം അഞ്ചു ഭാഗങ്ങളായി ചിത്രീകരിക്കുന്ന 'ന്യൂ ജനറേഷൻ" എന്ന ചിത്രം ശ്രദ്ധേയമായിരുന്നു. മുംബയ്യിലുള്ള ഒരു മൾട്ടിനാഷണൽ കമ്പനിയുടെ മേധാവി ഈ ചിത്രം അടുത്തിടെ സ്വന്തമാക്കി.
'ഗ്ളോബൽ വാമിംഗ് വാണിംഗ്" എന്ന ചിത്രമാണ് എറ്റവും വലിപ്പമേറിയത്. രണ്ടു തലങ്ങളിലായി പ്രകൃതിയെ ചിത്രീകരിക്കുന്ന 'ഡിസ്ട്രാക്ഷൻ", ക്രിസ്തുവിന്റെ അന്ത്യഅത്താഴം അവതരിപ്പിച്ച 'ലാസ്റ്റ് സപ്പർ", കുടിവെള്ളത്തിനായി കുപ്പിവെള്ളത്തെ ആശ്രയിക്കുന്ന 'വർത്തമാനകാലം" തുടങ്ങിയവ ശ്രദ്ധ നേടിയ ചിത്രങ്ങളാണ്. ചുവപ്പിന്റെ ഭംഗിയിൽ തീഷ്ണമായ പ്രമേയമാണ് 'റെസൊണൻസ് " എന്ന ചിത്രത്തിന്റെ പ്രമേയം. ആർട്ട് മെസ്ട്രോ 2016 ലഭിച്ച ചിത്രമാണിത്. യോഗയുടെ നൂറിൽ താഴെ വരുന്ന വിവിധതരം പോസുകൾ കമ്പോസ് ചെയ്ത് യോഗയുടെ തരംഗങ്ങൾ പ്രകൃതിയിലെ ജീവജാലങ്ങളിൽ പ്രതിദ്ധ്വനിക്കുന്ന അവസ്ഥയാണ്, വർണങ്ങളുടെ മായാജാലമാണ് എൻലൈറ്റൻമെൻറ് ചിത്രത്തിലൂടെ വരച്ചുകാണിക്കുന്നത്. രവീന്ദ്രന്റെ ചിത്രങ്ങൾ അന്താരാഷ്ട്ര ചിത്രപ്രദർശനങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. തൃശൂർ അർബൻ കോഓപ്പറേറ്റീവ് ബാങ്ക് മാനേജരായി 2014 ൽ വിരമിച്ച ശേഷമാണ് പുതിയ ചിത്രരചനാശൈലി തുടങ്ങിയത്. കാൻവാസിൽ ചെമ്പുതകിട് ചേർത്ത് ചിത്രം ഒരുക്കുന്നതിനാൽ ചിത്രങ്ങൾ കോപ്പി ചെയ്തു വരക്കുക എളുപ്പമല്ല.
ചെമ്പുതകിടിൽ ബിംബങ്ങൾ ഉഴിയുവാനും പടം വരക്കാനും ഒരു പോലെ കഴിവുണ്ടെങ്കിൽ മാത്രമേ രചന നടത്താൻ കഴിയൂ എന്നാണ് രവീന്ദ്രന്റെ പക്ഷം. സ്വർണപ്പണിക്കാരനായ പിതാവിൽ നിന്നും പരമ്പരാഗതമായി ലഭിച്ച അറിവാണ് വഴി കാട്ടിയതെന്ന് രവീന്ദ്രൻ പറഞ്ഞു. തൃപ്രയാറിൽ 'കാൻകുപെരിക് സ്റ്റൈൽ ക്രിയേറ്റീവ് സെന്റർ" എന്ന പേരിൽ വീടിനോടു ചേർന്നുള്ള സ്റ്റുഡിയോവിലാണ് ചിത്രരചന. ഒരു കാലത്ത് മികച്ച തിയേറ്റർ ആർട്ടിസ്റ്റായിരുന്നു.1980ൽ മികച്ച നടനുള്ള സംസ്ഥാന പ്രൊഫഷണൽ നാടക പുരസ്കാരം നേടി. ഭാര്യ ഉഷ. ഏകമകൾ മിതു വിജിൽ ഘോഷ് അബുദാബിയിൽ ഭർത്താവിനൊപ്പമാണ്.