എവിടെയായിരുന്നു ഇത്രയും കാലമെന്ന ചോദ്യത്തിന് ശബ്ദമുയർത്തിയുള്ള പതിവ് സ്റ്റൈൽ ചിരിയായിരുന്നു സുരേഷ് ഗോപിയുടെ മറുപടി; വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ 'കള്ളകൃഷ്ണ" നെപ്പോലെ...
പ്രേക്ഷകരുടെ പ്രിയ ജോടികളായ സുരേഷ് ഗോപിയും ശോഭനയും വീണ്ടും കൈയടി നേടുകയാണല്ലോ?
അത് ഈ സിനിമയുടെ ആകർഷക ഘടകമാവാം. സിനിമ കാണുമ്പോൾ പ്രേക്ഷകനും അതേ തോന്നൽ അനുഭവപ്പെടാം. കഥ കേട്ടപ്പോൾ അപ്പുറത്ത് ശോഭന ഉള്ളത് ഞാൻ എന്ന നടന് ഊർജം പകർന്നു. മണിച്ചിത്രത്താഴിൽ നകുലന്റെയും ഗംഗയുടെയും ഇമോഷൻസുണ്ട്. 'സിന്ദൂരരേഖ" യിൽ രോഗിയായ ഭാര്യയ്ക്ക് വേണ്ടി ജീവിക്കുന്ന ഭർത്താവിനെ കാണാം. 'കമ്മിഷണറി"ൽ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസറുടെ ഫയറാണ് കണ്ടത്. അതിന്റെ കൂടെ നിൽക്കുന്ന വക്കീലാണ് ശോഭന. 'ഇന്നലെ"യെക്കുറിച്ചു ഓർക്കുമ്പോൾ പേടിയാണ്. നമ്മുടെ ഹൃദയത്തെ കീറി മുറിക്കുന്ന ഒരനുഭവമാണ് ആ സിനിമ. 'മകൾക്ക്" സിനിമ ഞാൻ എന്ന നടന്റെ മനസിനെ വല്ലാതെ മഥിച്ച ഒന്നാണ്. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങളുണ്ട് അതിൽ. ഒരു കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ വേദന ഒരിക്കലും മാറാത്ത മനുഷ്യനാണ് അതിലെ കഥാപാത്രം. ജീവിതത്തിൽ ഇതേ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. എനിക്ക് ഇന്നും അത് വലിയൊരു ആഘാതമാണ്. അങ്ങോട്ടും ഇങ്ങോട്ടും തുലനം ചെയ്യാൻ പറ്റാത്ത അന്തസുള്ള സിനിമകളാണ് അവയൊക്കെ.
തിരിച്ചുവരണമെന്ന് ആഗ്രഹം തോന്നിയത് എപ്പോഴായിരുന്നു?
കൃത്യമായി അറിയില്ല. തിരിച്ചുവരണമെന്ന് ആഗ്രഹിച്ചു. എനിക്ക് കമ്മിഷണർ ചെയ്യണം, ലേലം ചെയ്യണം എന്നൊക്കെ തോന്നിയിരുന്നു. അതിനാൽ വീണ്ടും വന്നു. ഇടവേളകൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ശക്തമായി തിരിച്ചുവന്നിട്ടുമുണ്ട്.
'ഈ തൃശൂര് ഞാനിങ്ങെടുക്കുവാ" തിരഞ്ഞെടുപ്പിനിടയിലെ ആ ഡയലോഗ് പ്രശസ്തമായി?
അത് സന്തോഷം നൽക്കുന്ന കാര്യമാണ്. ഞാൻ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ കാലംമുതൽ അങ്ങനെയല്ലേ! ഇരുപതാം നൂറ്റാണ്ടിലെ ശേഖരൻ കുട്ടി എന്ന പേര് ഇപ്പോഴും പ്രശസ്തമാണ്. കമ്മിഷണറിലെ ഓർമ്മയുണ്ടോ ഈ മുഖം.....തമിഴിൽ ഐയിലെ അതുക്കുംമേലെ... അങ്ങനെയെന്തെല്ലാം... അതുപോലെ തന്നെയാണ് ഇതും. അങ്ങനെ കാണാനാണ് ഇഷ്ടം.
മലയാളത്തിൽ ഒടുവിൽ കണ്ട സിനിമ ?
'പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്" പതിനഞ്ചോ ഇരുപതോ പ്രാവശ്യം കണ്ടു. അതൊരു സിനിമയായി കണ്ടില്ല. അതിലെ കഥാസന്ദർഭങ്ങളെല്ലാം എന്റെ മുന്നിൽ നടക്കുന്ന പോലെയാണ് അനുഭവപ്പെടുന്നത്. അതുപോലെയാണ് കോക്ക് ടെയ്ൽ സിനിമ. നാലോ അഞ്ചോ പ്രാവശ്യം കണ്ടു.
ആക്ഷൻ റോളുകൾ ചെയ്യില്ലെന്ന തീരുമാനത്തിൽ മാറ്റമുണ്ടോ?
ഞാൻ സിനിമ ചെയ്യും. സിനിമ ചെയ്യുമെന്ന് പറഞ്ഞാൽ ആ സിനിമ ആവശ്യപ്പെടുന്നതെല്ലാം ചെയ്യും.
അഭിനയിച്ച പഴയ സിനിമകൾ കാണാറുണ്ടോ?
ഇല്ല. എന്താ സ്വന്തം സിനിമ വന്നാലും ചാനൽ മാറ്റുന്നതെന്ന് കഴിഞ്ഞ ദിവസവും രാധിക ചോദിച്ചു. എന്തോ വീണ്ടും കാണാൻ ഇഷ്ടമല്ല, അകൽച്ചയൊന്നുമല്ല. എന്നാൽ പഴയ തമിഴ് , ഹിന്ദി സിനിമകൾ കാണാറുണ്ട്.
തീപ്പൊരി ഡയലോഗ് പറയുമ്പോൾ കണ്ണുകളിൽ പോലും തീ ചിതറുന്നുവെന്ന് നിരീക്ഷിക്കുന്നവരുണ്ട്?
ഇമോഷന്റെ ഭാഗമായതിനാൽ ഡയലോഗുകൾ സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തിയാണ് അവതരിപ്പിക്കുക. അത് എന്റെ രീതിയാണ്.
പുതിയ തലമുറയോടൊപ്പം ജോലി ചെയ്യുമ്പോഴുള്ള സന്തോഷം എന്താണ്?
മമ്മൂക്കയും ലാലും അത് തന്നെയല്ലേ ചെയ്യുന്നത്. പുതിയ തലമുറയോടൊപ്പമാണ് ജോലി ചെയ്യുന്നത് എന്നൊന്നും ഞാൻ നോക്കിയില്ല. മറ്റൊരു സിനിമ. എനിക്കിഷ്ടപ്പെട്ടു. ഞാൻ ചെയ്യുന്നു. ഒന്നര വർഷം മുമ്പ് തീരുമാനിച്ച സിനിമയാണിത്. നിർമ്മാതാവും മറ്റും പിന്നീട് വന്നതാണ്. അന്ന് മറ്റൊരു നിർമ്മാതാവായിരുന്നു. അന്നും ഞാനും ശോഭനയുമുണ്ട്. അന്ന് തീരുമാനിച്ചിരുന്ന പല താരങ്ങളും മാറി. ഒന്നരവർഷം മുമ്പ് തീരുമാനിച്ച ഇൗ സിനിമ അന്ന് ഇഷ്ടമായിരുന്നു .ഇന്നും ഇഷ്ടമാണ്. എപ്പോഴും ഇഷ്ടമായിരിക്കും. അത് ഞാൻ ചെയ്യുന്നു. അത്രേ ഉള്ളൂ.
മകൻ ഗോകുലിന്റെ ആദ്യസിനിമ കണ്ടില്ലേ ?
എനിക്കെന്തോ കാണാൻ തോന്നിയില്ല. കണ്ടുകഴിഞ്ഞാൽ എന്തെങ്കിലും വിമർശിക്കേണ്ടിവരുമോ എന്ന പേടിയുണ്ട്. അവന്റെ അഭിനയത്തിൽ പോരായ്മ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യാം. എനിക്ക് അതൊന്നും ഇഷ്ടമല്ല. അവൻ അവന്റെ വഴിയേ കൃത്യമായി വരട്ടെ.
ഗോകുലുമായി സിനിമ ഉണ്ടാവുമോ ?
എനിക്കറിയില്ല. നടക്കുമ്പോൾ നടക്കട്ടെ.
സിനിമയിലെ മറ്റു മേഖലയിലേക്ക് കടക്കാൻ സാദ്ധ്യതയുണ്ടോ?
ഒരു സാദ്ധ്യതയുമില്ല.
തീപ്പൊരി സിനിമകൾ ഇനിയും ഉണ്ടാവുമോ?
ചിലപ്പോൾ സംഭവിച്ചേക്കാം. അതിനുവേണ്ടി ശ്രമിക്കാനൊന്നും വയ്യ.