ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം നേടിയ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാംലീല മൈതാനിയില്‍ രാവിലെ പത്തുമണിക്കാണ് സത്യപ്രതിജ്ഞ. സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കള്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കും. ക്ഷണമുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല എന്നാണ് വിവരം. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്ന് പാർട്ടിവൃത്തങ്ങൾ അറിയിച്ചു. കേജ്രിവാളിനെ മുഖ്യമന്ത്രിയായും ആറു മന്ത്രിമാരെയും രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശനിയാഴ്ച നിയമിച്ചിരുന്നു.
കേജ്‍രിവാളിനെക്കൂടാതെ മനീഷ് സിസോദിയ, സത്യേന്ദിര്‍ ജയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗഗം എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. ചടങ്ങിലേക്ക് മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും രാഷ്ട്രീയ നേതാക്കൾക്കു ക്ഷണമില്ല. കേജ്‌രിവാളിന്റെ നേതൃത്വത്തിൽ വിശ്വാസം പ്രകടിപ്പിച്ച ഡൽഹിക്കാർക്ക് വേണ്ടിയുള്ള ചടങ്ങാണ് നടക്കുന്നതെന്നും ഡൽഹിയിലെ ഏഴ് എം.പിമാരെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എട്ട് ബി.ജെ.പി എം.എൽ.എമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചതായും ആംആദ്മി നേതാവ് ഗോപാൽ റായ് അറിയിച്ചു.
ചടങ്ങിലേക്ക് ഡൽഹിയിലെ ജനങ്ങളെ ക്ഷണിക്കുന്നതായി മനീഷ് സിസോദിയയും പറഞ്ഞു. രാം ലീലയിലെ വേദിയില്‍ കേജ്‍രിവാളിനൊപ്പം ഡൽഹിയുടെ എല്ലാ മേഖലകളെയും പ്രതിനിധീകരിച്ച് അമ്പത് പേരുണ്ടാവും. അതില്‍ അദ്ധ്യാപകര്‍, വിദ്യാര്‍ഥികള്‍, നിര്‍മാണ തൊഴിലാളികള്‍, ബസ് ഡ്രൈവര്‍മാര്‍, ഓട്ടോ തൊഴിലാളികള്‍, മെട്രോ ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിങ്ങനെ എല്ലാ മേഖലയിൽ നിന്നുമുള്ള പ്രതിനിധികളാണുണ്ടാവുക. എഴുപതില്‍ അറുപത്തിരണ്ട് സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിറുത്തിയത്.