ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്‌ദാദിലെ യു.എസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എംബസിക്ക് സമീപമായി നിരവധി റോക്കറ്റുകള്‍ പതിച്ചതായി അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ അതീവസുരക്ഷാ മേഖലയിലാണ് റോക്കറ്റുകള്‍ പതിച്ചിരിക്കുന്നത്.
ഇറാനുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ബാഗ്ദാദിലെ യു.എസ് എംബസിക്ക് ഭീഷണി നിലനിന്നിരുന്നു. എത്ര റോക്കറ്റുകള്‍ പതിച്ചെന്ന് വ്യക്തമല്ല. ഇറാഖിലെ യു.എസ് സൈനികരേയും എംബസിയും ലക്ഷ്യമിട്ട് ഒക്ടോബറിന് ശേഷമുണ്ടാകുന്ന 19-ാമത്തെ ആക്രമണമാണിത്. എന്തെങ്കിലും ചെറിയ പ്രകോപനമുണ്ടായാല്‍ പോലും യു.എസിനേയും ഇസ്രയേലിനേയും ആക്രമിക്കുമെന്ന് ഫെബ്രുവരി 13ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മേജര്‍ ജനറല്‍ ഹൊസ്സീന്‍ സലാമി ആണ് ഇക്കാര്യം പറഞ്ഞത്. ഖുദ്‌സ് ഫോഴ്‌സ് തലവനായിരുന്ന ഖാസിം സുലൈമാനിയെ യു.എസ് വധിച്ചതിന് ശേഷമാണ് യു.എസ് കേന്ദ്രങ്ങള്‍ ആക്രമിക്കുന്ന മുന്നറിയിപ്പ് ഇറാന്‍ നല്‍കിത്തുടങ്ങിയത്.