local

തൃശൂർ: പുതുക്കാട് പാഴായിയിൽ നാല് വയസുകാരിയായ മേബയെ പുഴയിലെറിഞ്ഞു കൊന്ന കേസിൽ പ്രതിയായ ഒല്ലൂർ പി.ആർ പടി ദേശത്ത് വാലിപ്പറമ്പൻ വീട്ടിൽ ഷൈലജ (ഷൈല 50) കുറ്റക്കാരിയാണെന്ന് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി. ശിക്ഷ 18ന് പ്രഖ്യാപിക്കും. 2016 ഒക്ടോബർ 13ന് ആണ് ദാരുണസംഭവം നടന്നത്.

കണ്ണൂർ മട്ടന്നൂർ നന്ദനത്തിൽ രഞ്ജിത്തിന്റെയും നീഷ്മയുടെയും 4 വയസുള്ള മകൾ മേബയെ, നീഷ്മയുടെ വീട്ടുകാരോടുള്ള വിരോധത്താൽ നീഷ്മയുടെ പിതൃസഹോദരിയായ ഷൈലജ പാഴായി വീടിനടുത്തുളള മണലിപ്പുഴയുടെ കടവിലേക്കു കൂട്ടിക്കൊണ്ടു പോയി പുഴയിലേക്ക് എടുത്തെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. കുട്ടിയെ അന്വേഷിച്ചു ചെന്ന കുട്ടിയുടെ പിതാവിനോടും മറ്റു ബന്ധുക്കളോടും മേബയെ ബംഗാളികൾ കൊണ്ടുപോയതാണെന്ന് ഷൈലജ തെറ്റിദ്ധരിപ്പിച്ചതായും കോടതി കണ്ടെത്തി. ഷൈലജയെ ജില്ലാ ജയിലിലേക്കയച്ചു.

വീഡിയോ കോൺഫറൻസ് വഴി വിചാരണ. ജില്ലാ കോടതിയുടെ ചരിത്രത്തിലാദ്യമായി പ്രധാനസാക്ഷികളുടെ വിചാരണയും തെളിവെടുപ്പും വീഡിയോ കോൺഫറൻസ് റൂമിലിരുന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് നടത്തിയത് പ്രത്യേകതയായി. ഓസ്‌ട്രേലിയയിലെ മെൽബണിലായിരുന്ന രഞ്ജിത്തിനെയും നീഷ്മയെയും ആണ് വീഡിയോ കോൺഫറൻസിംഗിലൂടെ വിസ്തരിച്ചത്. മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റ് മുഖേന വീഡിയോ കോൺഫറൻസ് വഴി തെളിവെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി ബാബു നൽകിയ അപേക്ഷ കോടതി അനുവദിച്ചതിനെ തുടർന്നാണ് ' സ്‌കൈപ്പ് ' വഴി വിസ്താരവും എതിർവിസ്താരവും നടത്തിയത്.