ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രിയായി മൂന്നാമതും അരവിന്ദ് കേജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയ്ന്‍, ഗോപാല്‍റായ്, കൈലാഷ് ഗഹ്ലോത്, ഇമ്രാന്‍ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്നവരാണ് ഇവര്‍.
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. വരാണസിയില്‍ സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി. ഇതര സംസ്ഥാന മുഖ്യമന്ത്രിമാരെയും നേതാക്കളെയും വിളിച്ചിട്ടില്ല. രാം ലീലയിലെ വേദിയില്‍ കേജ്‍രിവാളിനൊപ്പം ഡൽഹിയുടെ എല്ലാ മേഖലകളെയും പ്രതിനിധീകരിച്ച് അമ്പത് പേരാണ് അണിനിരന്നത്.
അതില്‍ അദ്ധ്യാപകര്‍, വിദ്യാര്‍ഥികള്‍, നിര്‍മാണ തൊഴിലാളികള്‍, ബസ് ഡ്രൈവര്‍മാര്‍, ഓട്ടോ തൊഴിലാളികള്‍, മെട്രോ ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിങ്ങനെ എല്ലാ മേഖലയിൽ നിന്നുമുള്ള പ്രതിനിധികളുമെത്തി. മിനി മഫ്‌ളര്‍മാന്‍', 'ബേബി കെജ്രിവാള്‍' എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരുവയസുകാരന്‍ അവ്യാന്‍ തോമറും പ്രത്യേക ക്ഷണിതാവായി ചടങ്ങില്‍ പങ്കെടുത്തു. എഴുപതില്‍ അറുപത്തിരണ്ട് സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിറുത്തിയത്.