kodiyeri-balakrishnan

തിരുവനന്തപുരം: എസ്.ഡിപി.യും ജമാഅത്തെ ഇസ്‌ലാമിയും കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്നത് അതിനുള്ള ശ്രമം തന്നെയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 'ബോലോ തഖ്‌ബീർ' എന്ന് വിളിപ്പിക്കാനാണ് തീവ്ര സംഘടനകൾ ശ്രമിക്കുന്നതെന്നും അതുപോലെ തന്നെ 'ജയ് ശ്രീറാം' വിളിപ്പിക്കാൻ ആർ.എസ്.എസും ശ്രമിക്കുന്നു എന്നും കോടിയേരി ആരോപിച്ചു.

ഈ രണ്ട് കൂട്ടരെയും ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു ധ്രുവീകരണമാണ് ആർ എസ്.എസ് നടത്തുന്നതെന്നും കേന്ദ്ര മന്ത്രിമാർ പോലും ഇതിന് കൂട്ട് നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏതാനും നാളുകളായി ചികിത്സാ സംബന്ധമായി വിദേശത്തായിരുന്നു അദ്ദേഹം.

'മനുഷ്യ മഹാ ശൃംഖല' വൻ വിജയമായിരുന്നുവെന്നും ഇടതുപക്ഷത്തിന് പുറത്തു നിന്നുമുള്ളവരും ശൃംഖലയിൽ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം സമൂഹത്തിലെ താഴെത്തട്ടിലേക്കും എത്തിയെന്നും ഇടതുപക്ഷത്തിന് പുറത്തുള്ളവരെയും കൂട്ടി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യം സംബന്ധിച്ച് മാർച്ച് 15 വരെ ഗൃഹസന്ദർശനം നടത്തും. പ്രാദേശികമായി ഭരണഘടനാ സംരക്ഷണ സദസുകൾ സംഘടിപ്പിക്കും. പൗരത്വ നിയമഭേദഗതിക്കെതിരെ മതന്യൂനപക്ഷങ്ങളും വലിയ തോതിൽ പങ്കെടുത്തു. ഭഗത് സിംഗ് ദിനാചരണത്തിലും ഇവരെ പങ്കെടുപ്പിക്കാൻ ശ്രമങ്ങൾ നടത്തും. അദ്ദേഹം പറഞ്ഞു.