റിയാദ്: സൗദി-യു.എ.ഇ സഖ്യസൈന്യം നടത്തിയ വ്യോമാക്രമണത്തിൽ യെമനിലെ 30 സാധാരണ പൗരൻമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യെമനിലെ വടക്കൻ മേഖലയിലെ അൽ-ജവ്ഫ് പ്രാവിശ്യയിൽ ശനിയാഴ്ചയാണ് ആക്രമണം നടന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. എയർ ടു ഗ്രൗണ്ട് മിസൈൽ ഉപയോഗിച്ച് സൗദിയുടെ ഒരു പോർവിമാനത്തെ ഹൂദികൾ വെടിവച്ച് തകർത്തതിന് പിന്നാലെയാണ് ആക്രമണം. സൈനിക സഹായത്തിനായി പറന്ന വിമാനമാണ് ഹൂദികൾ അൽ-ജവ്ഫ് പ്രാവിശ്യയിൽ വെടിവച്ചിട്ടത്.
സഖ്യസൈന്യത്തിന്റെ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയും രംഗത്തെത്തിയിട്ടുണ്ട്. ഞെട്ടിക്കുന്ന വാർത്തയാണ് യെമനിൽ നിന്നും പുറത്തുവരുന്നത്. യുദ്ധഭീതി നിലനിൽക്കുന്ന ഒരു രാജ്യത്തിലെ നിരായുധരായ ജനങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, അൽ-ജവ്ഫ് ഗവർണറേറ്റ് പരിധിയിലെ അൽ മസ്‌ലൂബ് ജില്ലയിലെ അൽ-ഹയാ പ്രദേശത്ത് ഉണ്ടായ ആക്രമണത്തിൽ 30 സാധാരണ പൗരന്മാർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് ഐക്യരാഷ്ട്രസഭയുടെ യെമനിലെ കോർഡിനേറ്റർ അറിയിച്ചു. പരിക്കേറ്റവർക്ക് വൈദ്യസഹായം എത്തിച്ചുനൽകിയിട്ടുണ്ടെന്നും. ഗുരുതരമായി പരിക്കേറ്റവരെ അൽ-ജവ്ഫ് മേഖലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും യു.എൻ അറിയിച്ചു.
അതേസമയം, സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘത്തെയാണ് അവർ ആക്രമിച്ചതെന്നും പരിക്കേറ്റവരിലും പിഞ്ചുകുഞ്ഞുങ്ങളുണ്ടെന്നും ഹൂദി വിമതർ അറിയിച്ചു. ഒരിക്കലും നീതീകരിക്കാനാവാത്ത നടപടിയാണ് യു.എ.ഇ-സൗദി സഖ്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഐക്യരാഷ്ട്ര സഭ റെസിഡെന്റ് കോർഡിനേറ്റർ ലിസ ഗ്രാൻഡെ പ്രതികരിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തിലും പ്രാർത്ഥനയിലും പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് ഭേദമായി തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നെന്നും ലിസ ഗ്രാൻഡ് വ്യക്തമാക്കി.