mammooty-

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം കണ്ടെത്താൻ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ നടത്തിയ 'കരുണ' സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് വൻ വിവാദങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പരിപാടിയുടെ ഭാഗമായി പിരിച്ച തുക സർക്കാരിന് നൽകിയില്ലെന്ന് ഒരു വിഭാഗം പറയുമ്പോൾ പരിപാടി നഷ്ടമായിരുന്നുവെന്നും, വെറും 6.22 ലക്ഷം രൂപ മാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും നടത്തിപ്പിന് തങ്ങളുടെ കൈയിൽ നിന്നും 23 ലക്ഷം രൂപ ചിലവായെന്നും സംഘാടകർ പറയുന്നു. ഇപ്പോഴിതാ സംഭവത്തിൽ മമ്മൂട്ടിക്ക് തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്

കത്തിന്റെ പൂർണരൂപം

പ്രിയ മമ്മൂക്കക്ക് ഒരു തുറന്ന കത്ത്,

ഞാൻ അങ്ങയിലെ നടനെ ഇഷ്ടപ്പെടുന്ന ഒരു സിനിമ ആരാധകനാണ്. തനിയാവർത്തനവും സിബിഐ ഡയറിക്കുറിപ്പും വടക്കൻ വീരഗാഥയും ന്യൂഡൽഹിയും ഒക്കെ കണ്ട് അങ്ങയുടെ അഭിനയ മികവിന് മുന്നിൽ ആദരവോടെ നിന്നിട്ടുള്ള ഒരു ബാല്യമുണ്ടായിരുന്നു എനിക്ക്.

അങ്ങയുടെ അഭിനയം സിനിമയിൽ മാത്രമാണ് എന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. അങ്ങ് ചെയ്യുന്ന ധാരാളം സാമൂഹ്യ സേവന പ്രവർത്തനങ്ങൾ മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട് . അതിനോടെല്ലാം വലിയ ബഹുമാനമാണ് ഉള്ളത്.

എന്നാൽ ഈയിടെയായി അങ്ങ് സിനിമയിലെ ഒരു പ്രത്യേക ലോബിക്കുവേണ്ടി ബാറ്റ് ചെയ്യുന്നു എന്നൊരു തോന്നൽ പൊതു സമൂഹത്തിൽ ഉണ്ട്. അത് തിരുത്തേണ്ട ബാധ്യത അങ്ങേയ്ക്ക് തന്നെയാണ്.

ആഷിക് അബു, റിമ കല്ലിങ്കൽ, ഷഹബാസ് അമൻ, ബിജിബാൽ, സയനോര, സിതാര കൃഷ്ണകുമാർ തുടങ്ങിയവർ ചേർന്ന് രൂപീകരിച്ച കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ, മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരിൽ നടത്തിയ കരുണ സംഗീതനിശയുടെ പ്രചരണാർത്ഥം ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിയത് മമ്മൂക്ക ആയിരുന്നല്ലോ.

അങ്ങ് പ്രസ്തുത പരിപാടിയുടെ പ്രചരണം നിർവഹിച്ചതോടെ അങ്ങയെ ഇഷ്ടപ്പെടുന്ന നിരവധി പേർ ആ ഷോയ്ക്ക് ടിക്കറ്റ് എടുത്ത് പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രസ്തുത പരിപാടി ഒരു തട്ടിപ്പായിരുന്നു എന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ട സാഹചര്യത്തിൽ അതു സംബന്ധിച്ച ഒരു വിശദീകരണം നൽകാൻ മമ്മൂക്കയും ബാധ്യസ്ഥനാണ്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേര് പറഞ്ഞാണ് ആഷിക് അബുവും സംഘവും പണപ്പിരിവ് നടത്തുകയും തുക ദുരിതാശ്വാസനിധിയിലേക്ക് അടക്കാതിരിക്കുകയും ചെയ്തത്. കരുണ സംഗീതനിശയുമായി സഹകരിച്ച അങ്ങ് അടക്കമുള്ള മുഴുവൻ മലയാള സിനിമയിലെ കലാകാരന്മാർക്കും ഇത് വലിയ അപമാനമാണ്.

പ്രിയപ്പെട്ട മമ്മൂക്ക, അങ്ങയോടുള്ള എല്ലാ ആദരവും വച്ചുകൊണ്ട് പറയട്ടെ, ഈ തട്ടിപ്പ് സംഘവുമായുള്ള അങ്ങയുടെ ബന്ധം അവസാനിപ്പിക്കണം. പ്രളയ ദുരന്തത്തിന്റെ പേരിൽ പണം തട്ടിപ്പ് നടത്തിയവരെ തള്ളിപ്പറയാൻ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു. അതോടൊപ്പം ഇക്കാര്യത്തിൽ അങ്ങയുടെ ഒരു വിശദീകരണവും പൊതുസമൂഹം പ്രതീക്ഷിക്കുന്നുണ്ട്.

എന്ന് സ്നേഹപൂർവ്വം
സന്ദീപ് ജി വാര്യർ