ഇന്ത്യൻ വാഹന വിപണിയിൽ കാര്യമായ ചലനമുണ്ടാക്കാത്ത ശ്രേണിയാണ് സബ് കോംപാക്‌റ്ര് സെഡാനുകളുടേത്. എന്നാൽ, ഈ വിഭാഗത്തിലും കുതിപ്പുണ്ടാക്കുമെന്ന ദൃഢനിശ്‌ചയവുമായി ഹ്യുണ്ടായ് പരിചയപ്പെടുത്തിയ പുത്തൻ മോഡലാണ് ഓറ. ഹ്യുണ്ടായിയുടെ ലക്ഷ്യം നേടിക്കൊടുക്കാൻ ഓറയുടെ പ്രയാണത്തിന് കഴിയുമെന്ന് തന്നെ കരുതാം. കാരണം, ഭംഗികൊണ്ടും പുതിയ ഫീച്ചറുകളാലും സമൃദ്ധമാണ് ഓറ.
ഹ്യുണ്ടായിയുടെ എക്‌സെന്റിന്റെ പുതു തലമുറപ്പതിപ്പ് എന്ന് ഓറയെ വിളിക്കാം. മുന്നിലെ ഹെക്‌സഗണൽ സിൽവർ ഗ്രില്ലും ഇരട്ട എൽ.ഇ.ഡി ലൈറ്ര് സജ്ജീകരണവും പ്രൊജക്‌ടർ ഹെഡ്ലാമ്പും ഗ്രാൻഡ് ഐ10 നിയോസിനെ ഓർമ്മിപ്പിക്കുന്നു. ഇതുമാറ്റി നിറുത്തിയാൽ, ബോണറ്റിലെ കാരക്‌ടർ ലൈനുകൾ ഓറയ്ക്ക് പുതിയ ഭാവം സമ്മാനിക്കുന്നു. കൊത്തിവച്ച ശില്പത്തെ അനുസ്മരിപ്പിക്കുന്ന പിൻഭാഗവും മനോഹരമാണ്. സ്‌പോർട്ടീ ഡയമണ്ട് കട്ട് അലോയ് വീലുകൾ ആരുടെയും നോട്ടം കവരും.
3.9 മീറ്ററാണ് ഓറയുടെ നീളം. വീതി 1.68 മീറ്റർ. 2.4 മീറ്റർ വീൽബെയ്‌സ് അകത്തളത്തെ വിശാലമാകുന്നു. 402 ലിറ്ററാണ് ബൂട്ട്‌സ്‌പേസ്. നാല് മുതിർന്നവർക്ക് ഓറയിൽ സുഖയാത്ര ചെയ്യാം. പിൻഭാഗത്ത്, മികച്ച സ്‌പേസ് ലഭിക്കുന്നുവെന്നതും യാത്ര സുഖകരമാക്കും. സ്‌റ്രൈലിഷാണ് ഇന്റീരിയർ. പുത്തൻ ഫീച്ചറുകളാണ് സമ്പന്നമാണ്. അകത്തളത്തിലെ ബ്രോൺസ്-ബ്ളാക്ക് കളർതീം ആരെയും ആകർഷിക്കും.
സ്‌റ്റോറേജിനായി നിരവധി സൗകര്യങ്ങൾ കാണാം. സ്മാർട്ട് ഫോൺ കണക്‌ടിവിറ്രിയോട് കൂടിയ 20.25 സെന്റീമീറ്രർ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റും മികവാണ്. സീറ്റുകളിൽ ഉൾപ്പെടെ കാണാവുന്ന ഉന്നത നിലവാരം മറ്റൊരു പ്ളസ് പോയിന്റാണ്. രണ്ടു യു.എസ്.ബി സ്ളോട്ടുകളുണ്ട്. റിയർവ്യൂ കാമറയുമുണ്ട്.
കരുത്തുറ്റ ബോഡി, സ്‌റ്രാൻഡേർഡായി ഡ്രൈവർ ആൻഡ് പാസഞ്ചർ എയർബാഗുകൾ, ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ് എന്നിങ്ങനെ സുരക്ഷാ മികവുകളുമുണ്ട്. ബി.എസ്-6 ചട്ടം പാലിക്കുന്ന 1197 സി.സി പെട്രോൾ, 1186 സി.സി ഡീസൽ, 998 സി.സി ടർബോ ജി.ഡി.ഐ എൻജിൻ ഓപ്‌ഷനുകളാണുള്ളത്. പെട്രോളിലും ഡീസലിലും 5-സ്‌പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർ ഓപ്‌ഷനുകളുണ്ട്. ടർബോയിൽ 5-സ്‌പീഡ് മാനുവൽ.
82 ബി.എച്ച്.പി കരുത്തും 114 എൻ.എം ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് പെട്രോൾ എൻജിൻ. ഡീസലിന്റേത് 74 ബി.എച്ച്.പി കരുത്തും 190 എൻ.എം ടോർക്കും. ടർബോ എൻജിൻ 98 ബി.എച്ച്.പി കരുത്തുള്ളതാണ്. ടോർക്ക് 171 എൻ.എം. പെട്രോൾ എൻജിൻ ലിറ്ററിന് 20.5 കിലോമീറ്രർ മൈലേജ് അവകാശപ്പെടുന്നു. ഡീസൽ : 25.35 കിലോമീറ്രർ. ടർബോ ജി.ഡി.ഐ : 20.5 കിലോമീറ്റർ.
ഏത് റോഡിലും അനായാസം നിയന്ത്രിക്കാനാകുന്ന വിധമാണ് വാഹനത്തിന്റെയും സ്‌റ്റിയറിംഗ് വീലിന്റെയും സജ്ജീകരണമെന്നത് ഉപഭോക്താക്കൾക്ക് നേട്ടമാണ്. 5.87 ലക്ഷം രൂപ മുതൽ 9.33 ലക്ഷം രൂപവരെയാണ് ഓറയുടെ കൊച്ചി എക്‌സ്‌ഷോറൂം വില. പെർഫോമൻസും ഭംഗിയും ഫീച്ചറുകളും പരിഗണിക്കുമ്പോൾ വിലയ്ക്ക് അനുസൃതമായ മികച്ച വാഹനം തന്നെയാണ് ഓറ. കുടുംബങ്ങൾക്കും എക്‌സിക്യൂട്ടീവുകൾക്കും ഏറെ അനുയോജ്യവുമാണ്. മാരുതി ഡിസയർ, ഹോണ്ട അമേസ് എന്നിവയാണ് എതിരാളികൾ.