അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സന്ദർശനം ഇന്ത്യ കുറേക്കാലമായി കാത്തിരുന്നതാണ്. 2000 ന് ശേഷം എല്ലാ അമേരിക്കൻ പ്രസിഡന്റുമാരും ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. ബറാക്ക് ഒബാമ രണ്ട് തവണ ഇന്ത്യയിലെത്തി. 2016 ൽ പ്രസിഡന്റായതിന് ശേഷം ട്രംപ് സന്ദർശിക്കാത്ത ലോകത്തിലെ പ്രധാന രാഷ്ട്രമാണ് ഇന്ത്യ . 2017 ൽ പ്രധാനമന്ത്രി മോദി വൈറ്റ് ഹൗസ് സന്ദർശിച്ചപ്പോഴും, 2019 ലെ റിപ്പബ്ളിക് ദിനത്തിലേക്ക് അതിഥിയായും ട്രംപിനെ ക്ഷണിച്ചിരുന്നു. പല കാരണങ്ങളാൽ വൈകിയെങ്കിലും കാത്തിരുന്ന ഈ സന്ദർശനത്തിന് പ്രാധാന്യമേറെയുണ്ട്.
സൗഹൃദ രസതന്ത്രം
ഒരു കാലത്ത് അമേരിക്ക പ്രവേശനം നിഷേധിച്ചിരുന്ന നേതാവായിരുന്നു നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. 2017 ൽ ട്രംപും മോദിയും വൈറ്റ് ഹൗസിൽ കണ്ടുമുട്ടിയതിനു ശേഷം ഉടലെടുത്ത ഇവരുടെ സൗഹൃദത്തിലെ രസതന്ത്രം അത്ഭുതപ്പെടുത്തുന്നതാണ്. 2019 ൽ ടെക്സാസിൽ നടന്ന ഹൗഡി മോഡി സമ്മേളനത്തിൽ മോദി ട്രംപിനെ വിശേഷിപ്പിച്ചത് എന്റെ സുഹൃത്ത് ഇന്ത്യയുടെയും സുഹൃത്ത് എന്നാണ്. ഇവരുടെ ശരീരഭാഷയും സംഭാഷണവുമൊക്കെ ബന്ധത്തിന്റെ ഊഷ്മളത വെളിപ്പെടുത്തുന്നു. ഈ സൗഹൃദത്തിന്റെ തുടർച്ചയാണ് ട്രംപിന്റെ സന്ദർശനവും ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരുക്കിയിരിക്കുന്ന വമ്പൻ വരവേല്പും. രാഷ്ട്രത്തലവൻമാർ തമ്മിലുള്ള പ്രത്യേക സൗഹൃദം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നതിന് ചരിത്രം സാക്ഷിയാണ്.
തന്ത്രപരമായ പങ്കാളികൾ
ഇന്ത്യയും അമേരിക്കയും തന്ത്രപരമായ പങ്കാളികളെന്നാണ് അറിയപ്പെടുന്നത്. ഇന്തോ പസഫിക്കിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ശാക്തിക ബലാബലത്തിന്റെയും ചൈനീസ് വളർച്ചയുടെയും പശ്ചാത്തലത്തിൽ ട്രംപിന്റെ സന്ദർശനത്തിന് തന്ത്രപരമായി വളരെ പ്രാധാന്യമുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ സൂചിപ്പിച്ചു കഴിഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ഇടപാടുകളെ തന്ത്രപരമായ ബന്ധത്തിന്റെ ഭാഗമായി കാണാം. ഏകദേശം 25,000 കോടി രൂപ മുടക്കി ഇന്ത്യൻ നേവിക്ക് വേണ്ടി അമേരിക്കയിൽ നിന്ന് വാങ്ങുന്ന സീ ഹോക്ക് ഹെലികോപ്ടറുകൾ തന്ത്രപരമായ ബന്ധത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നു. ഏത് രാജ്യത്ത് ട്രംപ് സന്ദർശനം നടത്തിയാലും ആയുധക്കച്ചവടം അതിന്റെ ഭാഗമാകും. ഇന്ത്യയിലും അത് തെറ്റിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.
വ്യാപാരത്തർക്കങ്ങൾ
തന്ത്രപരമായ പങ്കാളികളാണെങ്കിൽക്കൂടി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തർക്കങ്ങൾ കല്ലുകടിയാണ്. ബിസിനസുകാരനായ ട്രംപ് വിദേശനയം നടത്തുന്നത് സ്വന്തം രാജ്യത്തിന് സാമ്പത്തിക ലാഭം ലക്ഷ്യമിട്ടു കൂടിയാണ്.
നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇന്ത്യയ്ക്ക് അനുകൂലമാണ് . ഒരു വർഷം ഏകദേശം 16 ബില്യൺ ഡോളറാണ് ഇന്ത്യയ്ക്ക് അമേരിക്കയിൽ നിന്നുള്ള വ്യാപാരലാഭം. അമേരിക്കയുടെ ഈ നഷ്ടം നികത്തണമെന്നതാണ് ട്രംപിന്റെ ആവശ്യം. എന്നാൽ ഇന്ത്യ അതിന് തയാറല്ല. കൂടുതലായി ആയുധങ്ങളും ഊർജവിഭവങ്ങളും അമേരിക്കയിൽ നിന്ന് വാങ്ങാമെന്നതാണ് ഇന്ത്യയുടെ നിലപാട്. ഈ തർക്കം പരിഹരിക്കാൻ സന്ദർശന വേളയിൽ കഴിയുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ശുഭകരമായ സൂചനകളല്ല അകത്തളങ്ങളിൽ നിന്ന് ലഭിക്കുന്നത്.
അല്പം രാഷ്ട്രീയവും
ട്രംപിന്റെ സന്ദർശനത്തിൽ അല്പം കക്ഷിരാഷ്ട്രീയ താത്പര്യങ്ങളും വായിച്ചെടുക്കാം. അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് അവിടുത്തെ രാഷ്ട്രീയത്തിൽ, പ്രത്യേകിച്ചും സാമ്പത്തികമായി നല്ല സ്വാധീനമുണ്ട്. രാഷ്ട്രീയത്തിൽ അവരുടെ പിന്തുണ ട്രംപിന് ആവശ്യമാണ്. ടെക്സാസിലെ 'ഹൗഡി മോഡി' മാതൃകയിൽ അഹമ്മദാബാദിൽ നടക്കാൻ പോകുന്ന സമ്മേളനം 2020 ലെ അമേരിക്കൻ തിരഞ്ഞെടുപ്പിലെ വോട്ടുപിടുത്തം കൂടിയാണ്. അതുപോലെ തന്നെ കാശ്മീരിലെ 370 വകുപ്പിന്റെ റദ്ദാക്കൽ, പൗരത്വഭേദഗതി, പൗരത്വപട്ടിക എന്നിവയുടെ പേരിൽ അന്താരാഷ്ട്രതലത്തിൽ വിമർശനം നേരിടുന്ന മോദിക്ക് ട്രംപിന്റെ സന്ദർശനം അമേരിക്ക എന്ന വൻ ശക്തിയുടെ ഉറച്ച പിന്തുണയായി വ്യാഖ്യാനിക്കാം. ഈ പിന്തുണ മറ്റ് വിമർശനങ്ങളുടെ മുനയൊടിക്കും.
യഥാർത്ഥ ഗുണം
ബന്ധങ്ങൾ ഊഷ്മളമാക്കി തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകാനുള്ള കളമൊരുക്കലാണ് ഇത്തരം സന്ദർശനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാൽ സൗഹൃദങ്ങൾ പുതുക്കുന്നത് നേട്ടമാണ്.
സൈനികവും തന്ത്രപരവുമായ സഹകരണം ശക്തിപ്പെടുത്തുന്നതിലും വ്യാപാരത്തർക്കങ്ങൾ പരിഹരിക്കുന്നതിനും ഇരുനേതാക്കൾക്കും രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനും സന്ദർശനം ഉപകരിക്കും. ഭാവിയിലേക്കുള്ള നയതന്ത്ര നിക്ഷേപം കൂടിയാണ് ഇത്തരം സന്ദർശനങ്ങൾ.