തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയും ഏറെ പ്രശസ്തി നേടിയ ആളാണ് ഫുഡ് വ്ലോഗറായ മൃണാൾ ദാസ്. നിരവധി ആരാധകരുള്ള ഇദ്ദേഹം വിവിധ സ്ഥലങ്ങളിലെ ഭക്ഷണ സാധനങ്ങൾ രുചിച്ച് അത് വീഡിയോയിലൂടെ പ്രേക്ഷകന് പരിചയപ്പെടുത്തിയാണ് മൃണാൾ പ്രശസ്തനായി മാറുന്നത്. എന്നാൽ അടുത്തിടെ പുറത്തുവന്ന അദ്ദേഹത്തിന്റെ ഒരു വീഡിയോയിലെ പരാമർശം ഒരു ജില്ലയിലെ ജനങ്ങളെ അപ്പാടെ അപമാനിക്കുന്നതാണ്.
തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലായ ഹൈസിന്തിലെ 'കഫേ ജേഡി'ൽ സൂപ്പ് കുടിച്ചിരിക്കെയാണ് മൃണാൾ അങ്ങേയറ്റം മോശമായ ഒരു അഭിപ്രായ പ്രകടനം നടത്തിയത്. ഈ നല്ല ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ താൻ മാത്രമാണ് ഉള്ളതെന്നും മൃണാൾ പറഞ്ഞു. ശേഷം, ആളില്ലാത്തതിൽ അത്ഭുതമില്ലെന്നും 'തിരുവനന്തപുരത്തുകാർക്ക് ചീപ്പായ ഭക്ഷണം എത്ര വൃത്തികെട്ട സ്ഥലത്ത് നിന്നായാലും വലിയ അളവിൽ ലഭിക്കുന്നതാണല്ലോ താത്പര്യം' എന്നും വ്ലോഗർ പറയുന്നു.
ജില്ലയെ അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായം പറഞ്ഞ ശേഷം 'എല്ലാവരുമല്ല, പൊതുവെ' പറഞ്ഞതാണ് എന്ന് ഇതിനെ ന്യായീകരിക്കാനും മൃണാൾ ശ്രമിക്കുന്നുണ്ട്. അതുകഴിഞ്ഞ് ഈ മനോഭാവം തിരുവനന്തപുരത്തുകാർ മാറ്റണമെന്നും ഫുഡ് വ്ലോഗർ ഉപദേശിക്കുന്നു. തിരുവനന്തപുരത്തെ ഹോട്ടലിലുകളിൽ ശുചിത്വം കുറവാണെന്നും അത് കണ്ടാൽ പേടിയാകുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഏതായാലും തിരുവനതപുരം ജില്ലയെ കുറിച്ച് അപമാനകരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയ മൃണാളിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ട്രോളുകളും നിറയുകയാണ്.