india-

ന്യൂഡൽഹി: ഇന്ത്യയുടെ ദീർഘനാളത്തെ സമ്മർദ്ദത്തിനൊടുവിലാണ് പുൽവാമ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ഐക്യരാഷ്ട്ര സുരക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ആഗോള സമ്മർദ്ദത്തിന് വഴങ്ങി രക്ഷാസമിതിയിലെ സ്ഥിരാംഗവും പാകിസ്ഥാന്റെ സുഹൃത് രാജ്യവുമായിരുന്ന ചൈന എതിർപ്പ് പിൻവലിച്ചതോടെയാണ് മസൂദിനെ പട്ടികയിൽ ഉൾപ്പെടുത്താനായത്. എന്നാൽ മസൂദ് അസ്ഹറിനെ പിടികൂടുന്നതിനാവശ്യമായ ഒരു നടപടികളും ഇതുവരെ പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പിടികൂടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന എഫ്.എ.ടി.എ.ഫിന്റെ നിർദ്ദേശം പാലിക്കാതിരിക്കുകയാണ് പാകിസ്ഥാൻ. മസൂദും കുടുംബവും ഒളിവിലാണെന്നും കണ്ടെത്താനാവുന്നില്ലെന്നുമാണ് പാകിസ്ഥാൻ എഫ്.എ.ടി.എഫിന് നൽകുന്ന വിശദീകരണം.

എന്നാൽ ഇപ്പോഴിതാ,​ പാകിസ്ഥാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകരയാണ് ഇന്ത്യ. എഫ്.എ.ടി.എഫിന്റെ പാരിസ് പ്ലീനറി മുതൽ പാകിസ്ഥാൻ ഈ നിലപാട് തന്നെയാണ് സ്വീകരിക്കുന്നതെന്ന് ഇന്ത്യൻ പ്രതിനിധികൾ പറയുന്നു. വീണ്ടും പാകിസ്ഥാൻ ഈ നിപാട് തന്നെയാണ് തുടരുന്നതെങ്കിൽ മസൂദ് അസ്ഹർ പിടിക്കാൻ ആവശ്യമായ ഏകോപനം ഡൽഹിയിൽ നിന്നു നടത്താം. പാക് സർക്കാർ പിടികൂടുമെങ്കിൽ മസൂദ് ഇപ്പോൾ കഴിയുന്ന സ്ഥലം ഇന്റലിജൻസിന്റെ സഹായത്തോടെ ഞങ്ങൾ പറഞ്ഞുതരാമെന്ന് ഇന്ത്യൻ പ്രതിനിധികൾ പറഞ്ഞു.


മസൂദ് അസ്ഹറും കുടുംബവും റാവൽപിണ്ടിയിലെ ചക്സസാദ് എന്ന സ്ഥലത്താണുള്ളത്. ഇസ്മമാബാദിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണിത്. പാകിസ്ഥാൻ ചാരസംഘനയായ ഐ.എസ്.ഐയുടെ സഹായത്താലാണ് മസൂദ് അവിടെ കഴിയുന്നതെന്ന് ഇന്റലിജൻസിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. മസൂദിനെ കൂടാതെ മുംബയ് ഭീകരാക്രമണത്തിലെ സൂത്രധാരനിൽ ഒരാളായ സക്കീർ ഉർ റഹ്മാൻ ഒളിവിൽ കഴിയുന്ന സ്ഥലവും ഇന്റലിജൻസ് പുറത്തുവിട്ടു. ബർമ്മ ടൗണിലെ ഐ.എസ്.ഐയുടെ സംരക്ഷണത്തിലാണ് സക്കീ‌ർ കഴിയുന്നതെന്ന് ഇന്റലിജൻസ് പറയുന്നു. സക്കീറും ഒളിവിലാണെന്ന് പറഞ്ഞ് പാകിസ്ഥാൻ ഇയാൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തിനെയും ഇന്ത്യ കുറ്റപ്പെടുത്തി.

കഴിഞ്ഞ വർഷം ഫെബ്രുവരി 27-ന് യു.എസ്., ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഫ്രാൻസാണ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം രക്ഷാസമിതിയുടെ 1267 ഉപരോധസമിതിയിൽ അവതരിപ്പിച്ചത്. ജമ്മുകാശ്മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ്. ജവാൻമാരെ വധിച്ചതിനു പിന്നാലെയായിരുന്നു ഈ നടപടി. ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടതോടെ, അസ്ഹറിന്റെ സ്വത്തുക്കൾ മരവിപ്പിച്ചിരുന്നു, യാത്ര വിലക്കും. ഇയാളുമായുള്ള ആയുധ ഇടപടുകളും തടഞ്ഞിരുന്നു. അസ്ഹറിനെതിരായ നടപടി അടിയന്തരമായി നടപ്പാക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യവക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.