modi

ലക്നൗ: പൗരത്വനിയമ ഭേദഗതിയിൽ ഉറച്ചുനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. തന്റെ മണ്ഡലമായ വാരണാസിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുച്ഛേദം 370 എടുത്തുകളയുന്ന കാര്യമാകട്ടെ, പൗരത്വഭേദഗതി നിയമത്തിന്റെ കാര്യമാകട്ടെ, അതൊക്കെ രാജ്യതാത്പര്യങ്ങൾക്ക് ആവശ്യമായിരുന്നു. സമ്മർദ്ദങ്ങളെ അതിജീവിച്ചും തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു, അതങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും - അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനായി ഒരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. പെട്ടെന്നുതന്നെ ട്രസ്റ്റ് പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനായാണ് മോദി വാരണാസിയിൽ എത്തിയത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദി ബെൻ പട്ടേലും മറ്റ് ബി.ജെ.പി നേതാക്കളും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. വാരണാസിയിൽ ആരംഭിക്കുന്ന 1,254 കോടി മുതൽ മുടക്കുള്ള 50 പദ്ധതികളുടെ ഉദ്ഘാടനവും പുതുതായി നിർമ്മിച്ച അത്യാധുനിക സംവിധാനങ്ങളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, ബനാറസ് ഹിന്ദു സർവകലാശാലയിലെ മനോരോഗ ആശുപത്രി വിഭാഗം എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. തീർത്ഥാടന കേന്ദ്രങ്ങളായ വാരണാസി, ഉജ്ജയിൻ, ഓം കാരേശ്വർ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുള്ള മഹാ കാൽ എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് കർമ്മവും ആർ.എസ്.എസ് മുൻ നേതാവ് ദീൻദയാൽ ഉപാദ്ധ്യായയുടെ 63 അടി ഉയരമുള്ള പ്രതിമയുടെ അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു. രാജ്യത്തെ ഏറ്റവും ഉയരമുള്ള പ്രതിമയാണിത്. 200ലധികം കരകൗശല വിദഗ്ദ്ധർ ചേർന്ന് ഒരു വർഷമെടുത്താണ് പ്രതിമ നിർമ്മിച്ചത്.ശ്രീ ജഗദ്ഗുരു വിശ്വരധ്യ ഗുരുകുലത്തിന്റെ ശതവാർഷികാഘോഷത്തിന്റെ സമാപന സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‌രിവാളിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാതെയാണ് മാരത്തോണുമായി മോദി വാരണാസിയിൽ എത്തിയത്.