udhav-thackerey

മുംബയ്: ഭീമാ കൊറേഗാവ് കേസിന്റെ അന്വേഷണം ഏറ്റെടുക്കാൻ ദേശീയ അന്വേഷണ ഏജൻസിയെ ഏർപ്പെടുത്തിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നടപടിയെ വിമർശിച്ച് സഖ്യകക്ഷിയായ കോൺഗ്രസ് രംഗത്തെത്തി. ഇത്തരം കാര്യങ്ങൾ ഘടകകക്ഷികളുമായി ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.

'നിങ്ങൾക്ക് അധികാരമുണ്ടാകാം. എന്നാൽ അത് വിവേകത്തോടെ ഉപയോഗിക്കണം. ഞങ്ങളുടെ മന്ത്രിമാരും ഇവിടെയുണ്ട്. അവർ എതിർക്കും' - ഖാർഗെ പറഞ്ഞു. ഉദ്ധവിനെതിരെ വിമർശവുമായി എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പുനെ പൊലീസ് അന്വേഷിക്കുന്ന ഭീമാ കൊറേഗാവ് കേസ് കേന്ദ്രത്തിന് കൈമാറുന്നത് ശരിയല്ലെന്ന് പവാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസിൽ തന്നെ മറികടന്നാണ് ഉദ്ധവ് തീരുമാനമെടുത്തതെന്ന് മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖും ആരോപിച്ചിരുന്നു.