ദുബായ്: കാമുകി തേച്ചിട്ടുപോയാൽ കള്ളുകുടിച്ചും വിരഹഗാനങ്ങൾ കേട്ടും നടക്കുന്ന ഒരുപാട് കാമുകന്മാരെ നമ്മൾ കണ്ടിട്ടുണ്ട്. ചിലർ കാമുകിയുടെ കല്യാണം മുടക്കാൻ മുൻകൈയെടുക്കുന്നതും കാണാം. എന്നാൽ കഴിഞ്ഞ ദിവസം ദുബായിൽ നിന്നും പുറത്തുവന്ന പ്രതികാര കഥയാണ് കൗതുകകരം. പ്രണയിക്കുന്ന സമയത്ത് നൽകിയ സമ്മാനങ്ങൾ ബ്രേക്കപ്പായതിന് ശേഷം മടക്കി നൽകാത്തതിൽ രോഷാകുലനായ കാമുകൻ യുവതിയുടെ രണ്ട് കാറുകൾ രാസപദാർത്ഥം ഉപയോഗിച്ച് നശിപ്പിച്ചു.
അൽ ഖുവോസ് പ്രദേശത്തെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ബുർ ദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖാദിം ബിൻ സുരൂർ പറഞ്ഞു. 'ഒരു സ്ത്രീയും അവരുടെ നാല് പെൺമക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിലെ സിസിടിവി ക്യാമറയിൽ ഒരു കൂട്ടം മുഖംമൂടി ധരിച്ച യുവാക്കൾ മോട്ടോർ ബൈക്കുകളിൽ വരികയായിരുന്നു. അതിൽ ഒരാൾ വാഹനങ്ങളിൽ രാസവസ്തുക്കൾ ഒഴിച്ച് രക്ഷപ്പെട്ടു,' ബ്രിഗേഡിയർ ബിൻ സുരൂർ പറഞ്ഞു.
കാറുകൾ കേടുപാട് വരുത്തുമ്പോൾ ധരിച്ചിരുന്ന ബ്രാൻഡഡ് ഷർട്ട് വഴിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഇതേ ഉടുപ്പ് ധരിച്ച യുവാവ് പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടത് കണ്ടെത്തി. ചോദ്യം ചെയ്യലിൽ തന്റെ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ മൂന്ന് കാറുകൾക്ക് കേടുപാടുകൾ വരുത്തിയതായി യുവാവ് സമ്മതിച്ചു. “വേർപിരിഞ്ഞ ശേഷം പെൺകുട്ടിയോട് പ്രതികാരം ചെയ്യാൻ ഇയാൾ ആഗ്രഹിച്ചിരുന്നു. ”ബ്രിഗ് ബിൻ സുരൂർ കൂട്ടിച്ചേർത്തു.