radhakishan-damani

ന്യൂഡ‌ൽഹി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ശതകോടീശ്വര പട്ടം ഇനി അവന്യൂ സൂപ്പർമാർട്ട്‌സിന്റെ സ്ഥാപകനും ഡിമാർട്ട് പ്രമോട്ടറുമായ രാധാകിഷൻ ദമാനിക്ക് സ്വന്തം. 1,790 കോടി ഡോളറിന്റെ ആസ്‌തിയുമായാണ് അദ്ദേഹം ഫോബ്‌സ് മാഗസിന്റെ പട്ടികയിൽ രണ്ടാംസ്ഥാനം പിടിച്ചെടുത്തത്. 5,740 കോടി ഡോളർ ആസ്‌തിയുമായി മുകേഷ് അംബാനിയാണ് ഒന്നാമത്. ഏഷ്യയിലെയും ഏറ്റവും വലിയ കോടീശ്വരൻ മുകേഷാണ്.

അവന്യൂ സൂപ്പർമാർട്ടിന്റെ ഓഹരിവില കഴിഞ്ഞദിവസം 2,559 രൂപയായി വർദ്ധിച്ചതോടെയാണ്, ദമാനിയുടെ ആസ്‌തി കുതിച്ചത്. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങളിൽ (ക്യൂ.ഐ.പി) നിന്ന് 4,000 കോടി രൂപ സമാഹരിക്കാനുള്ള തീരുമാനമാണ് ഓഹരി വിലവർദ്ധിക്കാൻ കാരണം. ഭക്ഷ്യോത്പന്നങ്ങൾ, വസ്‌ത്രങ്ങൾ തുടങ്ങിയവ വിറ്റഴിക്കുന്ന സ്ഥാപനമാണ് അവന്യൂ സൂപ്പർമാർട്ട്‌സ്.