കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിനായി സംഗീത പരിപാടി നടത്തി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ ഹൈബി ഈഡൻ എം.പിക്ക് സംവിധായകൻ ആഷിഖ് അബു മറുപടി നൽകിയിരുന്നു. ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല 'കരുണ'യെന്നും ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണ്, അത് കൊടുക്കുകയും ചെയ്തെന്ന് ആഷിഖ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വിശദീകരണത്തോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുകയുടെ ചെക്കും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്. ഇതിനെ ട്രോളിയാണ് സന്ദീപ് വാര്യർ രംഗത്തെത്തിയിരിക്കുന്നത്.
ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുകയുടെ ചെക്കിലെ ഡേറ്റ് 14-02-2020 മാണ്. അതായത് സംഭവം വിവാദമായതിന് ശേഷമാണ് തുക കൈമാറിയതെന്ന് വ്യക്തം. 6,22,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ചെക്ക് പങ്കുവച്ചുകൊണ്ട് 'ശൂ..ശൂ.. ഡേറ്റ് ഡേറ്റ്' എന്നാണ് മുകേഷിന്റെ ചിത്രത്തോടൊപ്പം സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പരിഹസിച്ചത്.
സർക്കാർ ഫണ്ടുപയോഗിക്കാത്ത, പൂർണമായും ഫൗണ്ടേഷൻ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സർക്കാരിലേക്ക് നൽകിയ ഒരു പരിപാടി എന്തടിസ്ഥനത്തിലാണ് 'തട്ടിപ്പാണ് എന്ന് ബോദ്ധ്യപ്പെട്ടു ' എന്ന് താങ്കൾ വളരെ ഉറപ്പോടെ എഴുതുന്നതെന്ന് ആഷിഖ് ഫേസ്ബുക്കിൽ കുറിച്ചു. താങ്കൾ കണ്ടെത്തിയ 'തട്ടിപ്പ്' എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങൾക്കും ഉണ്ടെന്നിരിക്കേ, ഉടൻ തന്നെ താങ്കൾ തെളിവുസഹിതം ജനങ്ങളേയും ഞങ്ങളേയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹൈബി ഈഡൻ നൽകിയ മറുപടിയിൽ പറയുന്നു.