ഡൽഹി /ഛത്തിസ്ഗഢ്: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ രാജ്യസഭാംഗമാക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. വരും മാസങ്ങളിൽ ഒഴിവു വരുന്ന സ്ഥാനത്തേക്കാണ് പ്രിയങ്കയെ കൊണ്ടുവരാൻ നീക്കം. മുതിർന്ന കോൺഗ്രസ് നേതാക്കളായ അംബിക സോണി, ഗുലാം നബി ആസാദ്, ദിഗ്‌വിജയ് സിംഗ് എന്നിവരുടെ രാജ്യസഭയിലെ കാലാവധി അവസാനിക്കാറായിരിക്കുകയാണ്. ഇവർക്ക് പകരം പുതിയ അംഗങ്ങളെ രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള ആലോചനകൾക്കിടയിലാണ് പടിഞ്ഞാറൻ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലേക്ക് അയയ്ക്കണമെന്ന് കോൺഗ്രസിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ടെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തത്. ഛത്തീസ്ഗഡിൽ നിന്ന് പ്രിയങ്ക രാജ്യസഭയിലേക്കെത്തുമെന്നാണ് റിപ്പോർട്ട്. ഛത്തീസ്ഗഡ് കോൺഗ്രസ് പ്രിയങ്കയ്ക്ക് സീറ്റ് നൽകാൻ തയാറാണെന്ന് അറിയിച്ചുണ്ട്. അതേസമയം, കോൺഗ്രസ് ഔദ്യോഗിക വൃത്തങ്ങൾ വാർത്തയോട് പ്രതികരിച്ചിട്ടില്ല. ഗുലാം നബി ആസാദിനെ വീണ്ടും രാജ്യസഭയിൽ നിലനിറുത്താനും ജ്യോതിരാദിത്യ സിന്ധ്യ, കരുണ ശുക്ല, രൺദീപ് സിംഗ് സുർജേവാലെ, ഭൂപീന്ദേർ സിംഗ് ഹൂഡ എന്നിവരെ രാജ്യസഭയിലേക്കയക്കാനും ആലോചനയുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ സഹോദരൻ രാഹുൽ ഗാന്ധി, അമ്മ സോണിയാ ഗാന്ധി എന്നിവർ ലോക്സഭ എം.പിമാരാണ്. അതുകൊണ്ട് തന്നെ പ്രിയങ്കയെക്കൂടി എം.പിയാക്കുന്നത് കടുത്ത വിമർശനത്തിനിടയാക്കുമെന്ന ആശങ്കയും കോൺഗ്രസിനുണ്ട്. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം പാർട്ടി പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നതായും സൂചനയുണ്ട്.