
കൊല്ലം: ആശാവർക്കർമാരെ ക്ലാസ് ഫോർ ജീവനക്കാരായി മാറ്റണമെന്ന് ആശാ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. പ്രതിമാസ അലവൻസ് പതിനെണ്ണായിരം രൂപയാക്കുക, ആശാവർക്കർമാർക്ക് യൂണിഫോം അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടന്ന സംസ്ഥാന സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ മൂവായിരത്തോളം ആശ വർക്കർമാർ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ സമ്മേളനം ചർച്ച ചെയ്തു. മാർച്ച് 12ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനവും ധർണയും നടത്തും. സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ജെ ചിഞ്ചുറാണി റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ, കെ.മല്ലിക, കെ.എസ്. ഇന്ദുശേഖരൻനായർ, ജി. ബാബു, മേയർ ഹണി ബെഞ്ചമിൻ, കവിത സന്തോഷ്, അഡ്വ. ആർ. വിജയകുമാർ, അഡ്വ. എ. രാജീവ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ചിറ്റയം ഗോപകുമാർ (പ്രസിഡന്റ്), ജയ രാജേന്ദ്രൻ (ആക്ടിംഗ് പ്രസിഡന്റ്), സതി പമ്പാവാസൻ, ശ്രീലേഖ (വൈസ് പ്രസിഡന്റുമാർ), എസ്. ഗിരിജ, അഡ്വ. രാജീവൻ (ജോ.സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.