തിരുവനന്തപുരം: പുതുതായി പരിശീലനം ആരംഭിക്കുന്ന പൊലീസ് ബാച്ചിന്റെ ഭക്ഷണമെനുവിൽ നിന്ന് ഒഴിവാക്കിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് പൊലീസ്. പരിശീലനം നേടുന്നവരുടെ പ്രതിനിധികളും പൊലീസ് ഓഫിസർമാരും അംഗങ്ങളായ മെസ് കമ്മറ്റിയുടെ തീരുമാനപ്രകാരം അതതു പ്രദേശങ്ങളിൽ ലഭ്യമായ ഭക്ഷണവസ്തുക്കൾ ഉൾപ്പെടുത്തി ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കാനാണ് നിർദേശം നൽകിയതെന്ന് സംസ്ഥാന പൊലീസ് ഇറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വിവിധ ബറ്റാലിയനുകളിലുള്ള പുതിയ ബാച്ചിന്റെ പരിശീലനം ശനിയാഴ്ച തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ക്യാമ്പുകളിലേക്കും നൽകാനായി തൃശൂർ പൊലീസ് അക്കാഡമിയിൽ തയാറാക്കിയ ഭക്ഷണക്രമത്തിലാണ് ബീഫ് ഇല്ലാത്തത്. ബീഫ് ഒഴിവാക്കി കേരള പോലീസിന്റെ പുതിയ ഭക്ഷണ മെനു പുറത്തിറക്കിയെന്ന വാർത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് കേരള പൊലീസ് ഡെപ്യൂട്ടി ഡയറക്ടർതന്നെ വിശദീകരണവുമായി രംഗത്ത് എത്തിയത്.