മംഗളുരു : കന്നുപൂട്ട് (കമ്പള) മത്സരത്തിൽ ഉസൈൻ ബോൾട്ടിനെക്കാൾ വേഗത്തിലോടി വിസ്മയം സൃഷ്ടിച്ച മംഗളൂരു സ്വദേശി ശ്രീനിവാസ ഗൗഡയ്ക്ക് സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ സെലക്ഷൻ ട്രയൽസ് രണ്ടു ദിവസം കഴിഞ്ഞേ നടക്കൂ. ഇന്ന് ബംഗളുരു സായ് സെന്ററിലെത്തുന്ന ശ്രീനിവാസയ്ക്ക് സിന്തറ്റിക് ട്രാക്കുമായി ഇണങ്ങാനാണ് സമയം അനുവദിച്ചിരിക്കുന്നത്. അതേസമയം ട്രയൽസിൽ പങ്കെടുക്കാൻ തനിക്ക് താത്പര്യമില്ലെന്ന് ശ്രകനിവാസ അറിയിച്ചതായി ചില ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
മൂഡബി (3)യിൽ നടന്ന കമ്പള മത്സരത്തിൽ 142 മീറ്റർ ട്രാക്കിൽ 13.42 സെക്കൻഡിൽ ശ്രീനിവാസയും പോത്തുകളും ഫിനിഷ് ചെയ്യുന്ന വീഡിയോയാണ് തരംഗമായത്. ഈ വീഡിയോയിൽ 100 മീറ്റർ ഓടിയെത്താൻ 9.55 സെക്കൻഡ് മത്രമേ ശ്രീനിവാസ എടുത്തിരുന്നുള്ളൂ. ലോക റെക്കാഡുകാരൻ ഉസൈൻ ബോൾട്ട് 9.58 സെക്കൻഡിലാണ് ഫിനിഷ് ചെയ്തിട്ടുള്ളത്. ഈ ദൃശ്യം ശശി തരൂർ അടക്കമുള്ള പ്രമുഖർ ഷെയർ ചെയ്തതോടെയാണ് കേന്ദ്രമന്ത്രി സെലക്ഷൻ ട്രയൽസിന് ക്ഷണിക്കുകയും ടിക്കറ്റ് അയയ്ക്കുകയും ചെയ്തത്.