aashiq-abu

കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ കീഴിൽ 'കരുണ' സംഗീത പരിപാടി നടത്തിയത് പ്രളയ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാനല്ലെന്ന സിനിമാ സംവിധായകൻ ആഷിഖ് അബുവിന്റെ വാദം പൊളിയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി പരിപാടി നടത്തുന്നതിനായി, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകരിൽ ഒരാളും സംഗീതജ്ഞനുമായ ബിജിബാൽ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്തുവന്ന സാഹചര്യത്തിലാണ് ഈ അനുമാനം. അതേസമയം, താൻ മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്നും തന്റെ പേര് ദുരുപയോഗം ചെയ്താൽ നിയമനടപടി ഉണ്ടാകുമെന്നും പറഞ്ഞുകൊണ്ട് കളക്ടർ എസ്.സുഹാസ്, ബിജിബാലിന് കത്തയച്ചിട്ടുണ്ട്.

കൊച്ചി ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിനായി സംഗീത പരിപാടി നടത്തി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിനെതിരെ ഹൈബി ഈഡൻ എം.പിക്ക് മറുപടിയുമായി സംവിധായകന്‍ ആഷിഖ് അബു ഇന്നലെ രംഗത്തെത്തിയിരുന്നു. ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല 'കരുണ'യെന്നും ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണെന്നും ആഷിഖ് അബു ഇന്നലെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ഈ തുക തങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ടെന്നും പണം കൈമാറിയ ചെക്കിന്റെ ചിത്രവും പങ്കുവച്ചുകൊണ്ട് ആഷിഖ് അബു പറഞ്ഞു. 'കരുണ' സംഗീത പരിപാടിയുമായി ബന്ധപ്പെട്ട കോൺഗ്രസ് എം.പി ഹൈബി ഈഡന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.