aashiq-abu

കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ കരുണ സംഗീതനിശ വിവാദത്തിൽ പ്രതികരണവുമായി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ല താനെന്ന് സുഹാസ് വ്യക്തമാക്കി. പരിപാടിയുടെ സംഘാടകരിൽ ഒരാളും സംഗീതജ്ഞനുമായ ബിജിബാൽ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ കളക്ടർ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയാണെന്ന് പറഞ്ഞിരുന്നു. ഈ കത്ത് പുറത്തുവന്ന സാഹചര്യത്തിൽ ബിജിബാലിന് കത്തയച്ചിരിക്കുകയാണ് സുഹാസ്.

കൊച്ചി ഫൗണ്ടേഷന്റെ രക്ഷാധികാരി എന്ന രീതിയിൽ തന്റെ പേര് ഉപയോഗിക്കരുതെന്നും,​ ഇനിയും ഇത് ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും സുഹാസ് കത്തിലൂടെ മുന്നറിയിപ്പ് നൽകി. അതേസമയം,​ രക്ഷാധികാരി എന്ന നിലയിൽ കളക്ടറുടെ പേര് ഉപയോഗിച്ചത് സാങ്കേതിക പിഴവാണെന്ന് ബിജിബാൽ പ്രതികരിച്ചു.

'കരുണ സംഗീത നിശയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ നിയമപരമായി നീങ്ങുകയാണ് വേണ്ടത്. സത്യസന്ധമായിട്ടാണ് എല്ലാം ചെയ്തത്. നിയമപരമായി ആവശ്യപ്പെട്ടാൽ കണക്കുകൾ പുറത്തുവിടാം.സംഗീത നിശയ്ക്ക് ചിലവായ പണം കൊടുത്ത് തീർത്തശേഷം ബാക്കി ദുരിതാശ്വാസ ഫണ്ടിൽ അടയ്ക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു'-ബിജിബാൽ പറഞ്ഞു.

ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനെന്ന പേരിൽ നടത്തിയ സംഗീത പരിപാടി തട്ടിപ്പാണെന്ന ഹൈബി ഈഡൻ എം.പിയുടെ ആരോപണത്തിന് സംവിധായകന്‍ ആഷിഖ് അബു ഇന്നലെ മറുപടി നൽകിയിരുന്നു. ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല 'കരുണ'യെന്നും ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണെന്നും ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.