തിരുവനന്തപുരം : പൊലീസ് സേനയിൽ നവീകരണത്തിനായി അനുവദിച്ച തുക ഡി.ജി.പി ലോക്നാഥ് ബെഹ്റ വകമാറ്റി ചെലവഴിച്ചുവെന്ന സി.എ.ജി കണ്ടെത്തൽ വിവാദമായിരുന്നു. പ്രതിപക്ഷ കക്ഷികൾ ഡി.ജി.പിക്കെതിരെ ശബ്ദമുയർത്തുമ്പോഴും സർക്കാർ മൗനം പാലിക്കുകയാണ്. അതേസമയം ഡി.ജി.പിക്കുള്ള ഫണ്ട് പരിധി അഞ്ച് കോടിയായി വർദ്ധിപ്പിക്കുവാനും സർക്കാർ തീരുമാനിച്ചു. നിലവിൽ രണ്ട് കോടിയാണ് ഡി.ജി.പി ഫണ്ട്. ഇത് തികയുന്നില്ലെന്നും ഫണ്ട് പരിധി ഉയർത്തണമെന്നും ആവശ്യപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ സർക്കാരിന് പലതവണ കത്ത് നൽകിയിരുന്നു.2018 ഏപ്രിൽ 20നും 2019 ആഗസ്റ്റ് 6നും ഇടയിൽ ഇത്തരത്തിൽ ആറ് കത്തുകളാണ് ബെഹ്റ ആഭ്യന്തര വകുപ്പിന് നൽകിയത്. 2013ൽ ഒരു കോടിയായിരുന്ന ഡി.ജി.പി ഫണ്ട് 2015ലാണ് രണ്ട് കോടിയായി ഉയർത്തിയത്.
പൊലീസ് സേനയുടെ നവീകരണത്തിനുള്ള ഫണ്ട് ഉപയോഗിച്ച് ആഡംബര വാഹനങ്ങളും വില്ലകളും മറ്റും പണിതെന്ന് സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ കണ്ടെത്തലുകളിൽ അന്വേഷണം പ്രഖ്യാപിക്കാതെ സി.എ.ജി റിപ്പോർട്ട് ചോർത്തി പ്രതിപക്ഷത്തിന് നൽകിയെന്ന മറുവാദമാണ് സർക്കാർ ഉന്നയിച്ചത്. ഇപ്പോൾ ഫണ്ട് പരിധി ഉയർത്തിയതിലൂടെ പൊലീസ് മേധാവിക്കൊപ്പം തന്നെയാണെന്ന സന്ദേശം കൂടിയാണ് സർക്കാർ നൽകുന്നത്.