അഭിനയമികവുകൊണ്ട് ഏറെശ്രദ്ധനേടിയെങ്കിലും പലപ്പോഴും സിനിമയിൽ കയ്യെത്തി പിടിക്കാൻ ചിലർക്ക് സാധിക്കാറില്ല. അത്തരത്തിലൊരാളാണ് കോട്ടയം രമേഷ്. ’ഉപ്പും മുളകും’ സീരിയലിലൂടെ അച്ഛൻ വേഷത്തിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് കോട്ടയം രമേഷ് എന്ന കലാകാരൻ. നാടക കലാകാരനായ ഇദ്ദേഹം ഇപ്പോഴിതാ പൃഥ്വിരാജിനൊപ്പം ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുകയാണ്.
ചിത്രത്തിൽ പൃഥ്വിരാജിന്റെ സന്തത സഹചാരിയായ ഡ്രൈവർ കുമാരൻ എന്ന കഥാപാത്രത്തെയാണ് രമേശ് അവതരിപ്പിച്ചിരിക്കുന്നത്. താൻ സിനിമയിലേക്ക് കടന്നുവന്ന വഴികളെ കുറിച്ച് മനസുതുറക്കുകയാണ് കോട്ടയം രമേഷ്. കൗമുദി ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. ഒരിടയ്ക്ക് സിനിമയ്ക്കായി മദ്രാസിൽ പോയിരുന്നതായും അദ്ദേഹം പറയുന്നു.
"അറുപതോളം നാടകങ്ങളിൽ അഭിനയിച്ചു. സിനിമ നമ്മൾ വിചാരിക്കുന്നതുപോലെ കയ്യിൽകിട്ടണമെന്നില്ല. എന്റെ ഒരു അഭിപ്രായത്തിൽ സിനിമ നമ്മളെ തേടി വരുന്ന ഒന്നാണ്. പ്രതീക്ഷിക്കാത്ത സമയത്താണ് ഓരോരുത്തരും വലിയ നടന്മാരായി മാറിയത്. ഒരുപാട് അനുഭവങ്ങൾ സിനിമയുടെ പിറകെ പോയി സമയങ്ങളിൽ ഉണ്ടായിട്ടുണ്ട്. മദ്രാസിൽ കുറച്ചുകാലം നടന്ന് വെയിലുകൊണ്ട് അവസാനം പട്ടിണികിടന്ന് ഗതികെട്ടിട്ട് തിരിച്ചുപോന്ന സാഹചര്യമുണ്ട്. അന്നൊക്കെ സിനിമാക്കാരെ കാണാഞ്ഞിട്ടോ സിനിമയിലെ ലൊക്കേഷനിലെ ഡയറക്ടർമാരെ കാണാഞ്ഞിട്ടോ ഒന്നുമല്ല. ആ സമയം നമുക്ക് അനുവദിച്ചിട്ടില്ല. അതാണ്. സിനിമയുടെ പിറകെ പോയാൽ ജീവിക്കാൻ പറ്റാത്ത ഒരു സാഹചര്യമുണ്ട്. ജീവിക്കാൻ വേണ്ടി മറ്റ് മാർഗങ്ങളില്ലാത്ത കൊണ്ട് നാടകം കളിച്ചേ പറ്റൂ.
പൃഥ്വിരാജിനെ കുറിച്ച് പറയുമ്പോൾ എനിക്ക് മുൻകൂട്ടി ഒരു ധാരണയുണ്ടായിരുന്നു. ആ ധാരണയെല്ലാം തിരുത്തേണ്ടി വന്നു. സഹകരിക്കാനൊക്കെ പ്രയാസമായിരിക്കും എന്നു വിചാരിച്ചു. പലരിൽ നിന്നും കേട്ടിട്ടുള്ളതാണ് അല്ലാതെ ഞാൻ നേരിട്ട് കണ്ടിട്ടൊന്നുമില്ല. ആദ്യമായിട്ട് അവിടെ വച്ചാണ് കാണുന്നത്. പക്ഷെ ആ അഭിപ്രായങ്ങളൊക്കെ വെറുതെയായിരുന്നുവെന്ന് എന്റെ അനുഭവത്തിൽ നിന്ന് എനിക്ക് മനസിലായി. സിനിമയുടെ എ ടു ഇസെഡ് വരെയുള്ള കാര്യങ്ങൾ അദ്ദേഹത്തിന് ബെെഹാർട്ട് ആണ്. തലനാരിഴ കീറി അദ്ദേഹം സിനിമയെ കുറിച്ച് പഠിച്ചിട്ടുണ്ട്.അതിന്റെ ഗുണം വളരെയധികം എനിക്ക് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
ഓരോ സിറ്റുവേഷൻ വരുമ്പോഴും ഞാൻ ഇങ്ങനെ ചെയ്യുമ്പോൾ ചേട്ടൻ ഇങ്ങനെ ചെയ്യ് എന്നു പറഞ്ഞ് ഒരു കൊച്ചു കുട്ടിയെ പറഞ്ഞ് മനസിലാക്കും പോലെ എനിക്ക് പറഞ്ഞ് മനസിലാക്കി തന്നു. അതുകൊണ്ട് എനിക്ക് ആ ഭയം മാറിയിട്ട് കൂടുതൽ ബഹുമാനമായി. പ്രത്യേകിച്ച് വണ്ടിയോടിക്കുന്ന സീനുകൾ. അത് റിസ്കായിരുന്നു. ഇതിനിടയ്ക്ക് ഡയറക്ടർ പറഞ്ഞ കാര്യങ്ങളും കാമറാമാൻ പറയുന്ന കാര്യങ്ങളും ശ്രദ്ധിക്കണം.
ലോകത്തുള്ള സകല വണ്ടികളും ഓടിച്ചു ശീലമുള്ള ആളാണ് പൃഥ്വിരാജ്. ഇനി ചന്ദ്രനിലേക്ക് വല്ലോംപോകുന്ന വാഹനമുണ്ടേൽ അതേ ഓടിക്കാനുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം എന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നുണ്ട്. ഞാൻ ഒരു പഴയ വണ്ടി ഓടിച്ച് ശീലിച്ചിട്ടുള്ള ആളാണ്. ഇത് ഫുൾ ഓട്ടോമറ്റിക് വണ്ടിയാണ്. എവിടെ പിടിച്ച് ഞെക്കണമെന്നറിയാതെ ഞാൻ വിരണ്ടു നിൽക്കുകയായിരുന്നു.-അദ്ദേഹം പറയുന്നു.