nigraham-12

സിദ്ധാർത്ഥ്, മാളവികയെ വീണ്ടും തെങ്ങിൻകാവിൽ കൊണ്ടുവിട്ടു. കോന്നിയിലെ തങ്ങളുടെ ഓട്ടോസ്റ്റാന്റിൽ മടങ്ങിയെത്തി.

ചെമ്പല്ലി സുരേഷും വൈറസ് മാത്യുവും ഉൾപ്പെട്ടെ നാലുപേർ മാത്രമേ അവിടെയുള്ളായിരുന്നു. ബാക്കിയുള്ളവർ ഓട്ടത്തിലായിരുന്നു.

മുപ്പത് ഓട്ടോകൾ ഉള്ള സ്റ്റാന്റാണ്.

ഏറ്റവും പിന്നിൽ 'മഹിമാമണി' നിർത്തി സിദ്ധാർത്ഥ് ഇറങ്ങിയതേ മറ്റുള്ളവർ അടുത്തു കൂടി.

തങ്ങൾ പോന്നതിനുശേഷം എന്തൊക്കെ നടന്നുവെന്ന് അവർക്ക് അറിയണം.

ഷാജി ചെങ്ങറയുടെ ചതി ഉൾപ്പെടെ നടന്നതെല്ലാം സിദ്ധാർത്ഥ് അവരോടു ചുരുക്കിപ്പറഞ്ഞു.

''ആ ഷാജിയെപ്പറ്റി പലരും പലതും പറഞ്ഞിട്ടുണ്ട്. അവൻ ജ്യുവലറികളുടെ ബ്രാഞ്ചുകൾ ആരംഭിക്കുന്നതുപോലും പെൺകുട്ടികളെ വേട്ടയാടുവാനാണ് പോലും! ഇപ്പോൾ നമ്മക്കത് വ്യക്തമായി."

വൈറസ് മാത്യു മൂക്കത്ത് വിരൽ വച്ചു.

''ഞാനതല്ല ചിന്തിക്കുന്നത്. ആ മാളവികയുടെ കാര്യമാ... നാളെ കല്യാണം നടക്കേണ്ടിയിരുന്ന പെണ്ണ്! അതിന്റെ ജീവിതവും അവതാളത്തിലാക്കിയല്ലോ. പരമദുഷ്ടൻ. ''ചെമ്പല്ലി സുരേഷിനു ദേഷ്യം വന്നു. ''കണ്ടാൽ എത്ര മാന്യനാ ഷാജി?"

''അങ്ങനാ ചെമ്പല്ലീ, ഓരോരുത്തരുടെയും കാര്യം. 'അണ്ടിയോട് അടുക്കുമ്പഴേ മാങ്ങയുടെ പുളിയറിയൂ" എന്നല്ലേ പഴമക്കാര് പറഞ്ഞിരിക്കുന്നത്?" മറ്റൊരാൾ.

''പക്ഷേ, നിന്നോടു പകരം ചോദിക്കുമെന്നല്ലേ അവനും കൂട്ടുകാരും പറഞ്ഞിരിക്കുന്നത്? ഇങ്ങുവരട്ടെ...ഓട്ടോക്കാരുടെ കൈയുടെ ചൂട് അവനൊക്കെ അറിയാൻ പോകുന്നതേയുള്ളു." വൈറസ് മാത്യു കൈപ്പത്തികൾ കൂട്ടിത്തിരുമ്മി.

അന്ന് സ്റ്റാന്റിൽ നിന്നു പിരിയുവോളം ഓട്ടോ ഡ്രൈവറന്മാർക്കിടയിലെ ചർച്ച ഷാജി ചെങ്ങറയും മാളവികയുമായിരുന്നു.

സമയം 8.30

ഓട്ടം കുറഞ്ഞു തുടങ്ങി.

''ഞാൻ എന്നാൽ വിട്ടേക്കുവാ..." സിദ്ധാർത്ഥ് സുഹൃത്തുക്കളോടു പറഞ്ഞു.

സാധാരണ രാത്രി എട്ടരയ്ക്കാണ് അവൻ ഓട്ടം നിർത്താറ്. പിന്നെ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം ഒമ്പതുവരെ കിടക്കും.

''എടാ നിന്നാൽ ഒരു പെഗ്ഗ് അടിച്ചിട്ടുപോകാം. മീറ്ററ് ബിവറേജസിലേക്കു പോയേക്കുവാ.."

മീറ്റർ ചാണ്ടി ഓർമ്മപ്പെടുത്തി.

''വേണ്ടെടാ ഇന്നൊരു മൂഡില്ല."

''ആശാനിന്ന് ഒറങ്ങത്തില്ല." ഒരാൾ കളിയാക്കി. ''ആ സുന്ദരിപ്പെണ്ണില്ലേ, മാളവിക? അവളെക്കുറിച്ച് ഓർത്തോണ്ടു കിടക്കും."

''ഒന്നു പോടാ." അങ്ങനെ പറഞ്ഞെങ്കിലും സിദ്ധാർത്ഥിന്റെ ഉള്ളിൽ ഒരു നൊമ്പരമായി അവളുണ്ടായിരുന്നു.

മാളവിക.

വലിയ കണ്ണുകളും വട്ടമുഖവും ചന്ദനത്തിന്റെ നിറമുള്ളവളുമായ മാളവിക!

സിദ്ധാർത്ഥ് ഓട്ടോ സ്റ്റാർട്ടു ചെയ്തു.

പുനലൂർ - മൂവാറ്റുപുഴ റോഡിന്റെ പണി എങ്ങുമെത്താതെ കിടക്കുകയാണ്,.

ഇടയ്ക്കിടെ പൊട്ടിപ്പൊളിഞ്ഞും പകുതിപ്പണി തീർത്തും...

നാലു കിലോമീറ്ററുണ്ട് വീട്ടിലേക്ക്. പത്തനംതിട്ട ഭാഗത്തേക്ക് അവൻ ഓട്ടോ വിട്ടു. പിന്നെ ഇടത്തേക്കു തിരിഞ്ഞ് ചെറിയ കയറ്റം. വീതി കുറച്ചുള്ള റോഡാണ്.

വീടിനു മുന്നിൽ വെളിച്ചമുണ്ടായിരുന്നു. ടാർപ്പാളിൻ വലിച്ചുകെട്ടിയ താൽക്കാലിക ഷെഡ്ഡിൽ അവൻ വണ്ടി നിർത്തിയിറങ്ങി. വശങ്ങളിലെ റസ്കിനുകൾ അഴിച്ചു താഴ്‌ത്തി.

അപ്പോൾ വാതിൽ തുറക്കപ്പെട്ടു.

മഹിളാമണിയമ്മ!

അറുപതു വയസ്സുവരും. കുലീനത്വമുള്ള സ്ത്രീ.

കൈവീശി മുന്നോട്ടുചെന്ന അവനെ മഹിളാമണി അടിമുടി ഒന്നു നോക്കി.

''ഇതെന്താ. ആദ്യം കാണുന്നതുപോലെ.. തള്ളയ്ക്ക് ഭ്രാന്തുപിടിച്ചോ?"

സിദ്ധാർത്ഥ് ചിരിച്ചു.

മഹിമാമണിയുടെ മുഖം ചുളിഞ്ഞു.

''നീ എന്നെ ഭ്രാന്തുപിടിപ്പിക്കും. കൈയും വീശി വന്നിരിക്കുന്നു..."

''അയ്യോ... രണ്ട് അമ്മിക്കല്ല് എടുത്ത് കയ്യിൽ വയ്ക്കണമെന്നുണ്ടായിരുന്നു. മറന്നുപോയി..."

സിദ്ധാർത്ഥ് ഗൗരവം ഭാവിച്ചു.

''ങാ. നാളെ നീ അമ്മി പുഴുങ്ങി തിന്നേച്ചു പോകത്തേയുള്ളൂ." അമ്മ തിരിച്ചടിച്ചു.

ഇപ്പോൾ സിദ്ധാർത്ഥിന് മനസ്സിലായി അമ്മയുടെ ഭാവമാറ്റത്തിന്റെ കാരണം.

രാവിലെ പോകുമ്പോൾ പറഞ്ഞിരുന്നു രണ്ടുകിലോ കപ്പ വാങ്ങിക്കൊണ്ടു വരണമെന്ന്.

മുറ്റത്ത് തനിയെ കിളർത്ത ഒരു ചീമച്ചേമ്പ് അമ്മ രാവിലെ കിളച്ചെടുത്തിരുന്നു. നാലഞ്ച് വലിയ വിത്തുകൾ ഉണ്ടായിരുന്നു. അതിന്റെകൂടെ ചേർത്ത് നാളെ രാവിലെ 'പുഴുക്ക്' ഉണ്ടാക്കാനായിരുന്നു അമ്മയുടെ തീരുമാനം.

''ഞാനങ്ങ് മറന്നുപോയമ്മേ.. അങ്ങ് ക്ഷമി.. എന്നിട്ട് വാതിൽക്കൽ നിന്നൊന്നു മാറിക്കേ."

വീട്ടിനുള്ളിലേക്കു കയറുവാൻ ഒരു പടിക്കെട്ട് ഉണ്ട്. സിദ്ധാർത്ഥ് അതിൽ നിന്നു. കട്ടിളയുടെ ഇരുപടികളിലും പിടിച്ച് വാതിലടഞ്ഞു നിൽക്കുകയാണ് മഹിമാമണി.

അമർത്തിയ ഒരു മൂളലോടെ അവർ പിന്നോട്ടു മാറി.

അകത്തേക്കു കാൽ വച്ചിട്ട് സിദ്ധാർത്ഥ് അമ്മയുടെ താടിയിൽ പിടിച്ചൊന്നു കുലുക്കി.

''ദേഷ്യം വരുമ്പം മഹിമാമണിക്ക് പത്തു വയസ്സു കുറയും."

''ദേ. എനിക്ക് ദേഷ്യം വരുമേ... പറഞ്ഞേക്കാം നീ പോത്തുപോലെ വളർന്നെന്നൊന്നും ഞാൻ നോക്കുകേലാ. അടിച്ച് പുറത്തെ തൊലി പൊളിക്കും ഞാൻ."

അവർ കൃത്രിമ ദേഷ്യം നടിച്ചു.

പെട്ടെന്ന് ഒരു സെൽഫോണിന്റെ ശബ്ദം.

സിദ്ധാർത്ഥ് നെറ്റി ചുളിച്ചുകൊണ്ട് തന്റെ ഫോണെടുത്തു.

പക്ഷേ അതിന്റെ ബല്ലല്ല. പുറത്തുനിന്നാണ്.

''നിന്റെ ഓട്ടോയിലാണല്ലോടാ അത്..."

മഹിമാമണി പറഞ്ഞപ്പോൾ സിദ്ധാർത്ഥിന്റെ പുരികം ചുളിഞ്ഞു.

(തുടരും)