ന്യൂഡൽഹി: രാംലീല മൈതാനത്ത് പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിനിറുത്തിയായിരുന്നു ആം ആദ്മി നേതാവ് അരവിന്ദ് കേജ്രിവാൾ മൂന്നാമതും ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു കേജ്രിവാളിന്റെ സത്യപ്രതിജ്ഞ. സാധാരണക്കാർ മുതൽ വ്യവസായികൾ വരെയുള്ള 50 പേർ കേജ്രിവാൾ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കളായെത്തിയിരുന്നു. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചടങ്ങിൽ ക്ഷണിച്ചിരുന്നെങ്കിലും തിരക്കുകൾ കാരണം അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിച്ചില്ല. എന്നിരുന്നാലും അരവിന്ദ് കേജ്രിവാളിന് ട്വിറ്ററിൽ അദ്ദേഹം ആശംസകളർപ്പിച്ചു. മോദിയുടെ ട്വീറ്റും ഇതിന് അരവിന്ദ് കേജ്രിവാൾ നൽകിയ മറുപടിയുമാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്.
ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അരവിന്ദ് കേജ്രിവാളിന് എന്റെ എല്ലാവിധ ആശംസകൾ നേരുന്നെന്നായിരുന്നു പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. ഇതിന് മറുപടിയായി കേജ്രിവാൾ കുറിച്ചത് ഇങ്ങനെ, 'പ്രധാനമന്ത്രിയുടെ ആശംസകൾക്ക് വളരെയധികം നന്ദി, താങ്കളും കൂടെ ചടങ്ങിൽ പങ്കെടുത്തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ തിരക്കുകൾ എനിക്ക് മനസിലാക്കാൻ സാധിക്കും. നമുക്ക് ഒരുമിച്ച് പ്രവർത്തിച്ച് എല്ലാ ഇന്ത്യക്കാരുടെയും അഭിമാന നഗരമായി ഡൽഹിയെ മാറ്റാം'- കേജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.
വാരാണസി സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നത്. വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനായാണ് മോദി വാരണാസിയിൽ എത്തിയത്. മുൻ എം.എ.എ വിജേന്ദ്രകുമാർ ഒഴിച്ച് ഡൽഹിയിലെ ബി.ജെ.പി എം.പിമാരും എം.എൽ.എമാരും എത്തിയില്ല. മറ്റു സംസ്ഥാന മുഖ്യമന്ത്രിമാരെയോ പ്രമുഖ പ്രതിപക്ഷ നേതാക്കളെയോ ക്ഷണിച്ചിരുന്നില്ല.
നിർമ്മാണ തൊഴിലാളികളായ വിജയ്കുമാർ സാഗർ, പ്രമോദ്കുമാർ മഹാതോ, തട്ടിക്കൊണ്ടുപോകൽ സംഘത്തിൽ നിന്ന് ആറുവയസുകാരിയെ രക്ഷിച്ച ബസ് മാർഷൽ അരുൺകുമാർ, പോക്കറ്റടിക്കാരെ നേരിട്ട വനിതാ മാർഷൽ ഗീതാദേവി, ശുചീകരണ തൊഴിലാളി ലസ്വന്തി, രാത്രികാല ഷെൽട്ടർ കെയർടേക്കർ ഷബീന, കർഷകനായ ദൽബീർ സിംഗ്, മെട്രോ പൈലറ്റ് നിധി ഗുപ്ത, ഓട്ടോതൊഴിലാളികളായ ലക്ഷ്മൺ ചൗധരി, രാജു മിസ്ത്രി തുടങ്ങിയവരാണ് 'മേക്കേഴ്സ് ഒഫ് ഡൽഹി' എന്ന നിലയിൽ പ്രത്യേക ക്ഷണിതാക്കളായി എത്തിയത്.
കേജ്രിവാളിന്റെ വേഷത്തിലെത്തിയ കുഞ്ഞു കേജ്രിവാൾ അവ്യാൻ തോമറും ചടങ്ങിന്റെ ശ്രദ്ധാ കേന്ദ്രമായി.
15 വർഷം ഭരിച്ച ഷീലാ ദീക്ഷിതിന്റ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് 2013 ൽ 28 സീറ്റുമായാണ് കേജ്രിവാളിന്റെ നേതൃത്വത്തിൽ ആദ്യ ആം ആദ്മി സർക്കാർ അധികാരമേറ്റത്. 49 ദിവസത്തിനു ശേഷം രാജി. 2015 ൽ എഴുപതു സീറ്റിൽ 67 എണ്ണം നേടി രണ്ടാം വരവ്. ഇക്കുറി 62 സീറ്റോടെ മൂന്നാംവട്ടം. അണ്ണാ ഹസാരെയ്ക്കൊപ്പം കേജ്രിവാൾ അഴിമതി വിരുദ്ധ പ്രക്ഷോഭം തുടങ്ങിയ രാംലീലാ മൈതാനത്തു തന്നെയായിരുന്നു മുൻപ് രണ്ടുതവണയും സത്യപ്രതിജ്ഞാ ചടങ്ങ്.