തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവസുരേഷ് സുഖം പ്രാപിച്ചു വരുന്നു. വാവയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായും, തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് രണ്ടു ദിവസത്തിനുള്ളിൽ തന്നെ വാർഡിലേക്ക് മാറ്റാമെന്നുമാണ് അറിയാൻ കഴിയുന്നത്. എന്നാൽ സോഷ്യൽ മീഡിയയിലടക്കം വാവ സുരേഷിനെതിരെ കുപ്രചരണങ്ങൾ നടക്കുന്നുണ്ട്. പാമ്പ കടിയേറ്റതിനെ തുടർന്ന് വാവ സുരേഷ് അത്യാസന്ന നിലയിലാണെന്നും, ഏതു നിമിഷവും ജീവന് അപകടം സംഭവിക്കാമെന്നുമുള്ള തരത്തിൽ ചില ലോക്കൽ ഓൺലൈൻ സൈറ്റുകൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഇത് വാസ്‌തവ വിരുദ്ധമാണ്. തനിക്കെതിരെ പ്രചരിക്കുന്നതൊന്നും സത്യമല്ലെന്നും, ഇക്കാര്യത്തിൽ ഏറെ ദുഖമുണ്ടെന്നും കേരളകൗമുദി ഓൺലൈനിനോട് വാവ സുരേഷ് പ്രതികരിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് അണലിയുടെ കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒരു വീട്ടിലെ കിണറിൽ നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്. പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം.
അതേസമയം വാവ സുരേഷിന്റെ ആരോഗ്യ പുരോഗതിക്കായി മണ്ണാറശാലയിൽ ആരാധകരുടെ വഴിപാടുകൾ തുടരുകയാണ്. ആരുവിളിച്ചാലും ഓടിയെത്തി പാമ്പുകളെ പിടിച്ച് അപകടം ഒഴിവാക്കുന്ന വാവ സുരേഷിന് സംസ്ഥാനത്ത് നിരവധി ആരാധകരുണ്ട്. അപകടം സംഭവിച്ച വാർത്ത പ്രചരിതോടെ മണ്ണാറശാലയിൽ വാവയുടെ പേരിൽ അർച്ചന, പുറ്റും മുട്ടയും സമർപ്പിക്കൽ എന്നിവ നടന്നു. വാവ സുരേഷിന് ആയുരാരോഗ്യ സൗഖ്യം നേർന്ന് മണ്ണാറശ്ശാല കുടുംബാംഗം എസ്.നാഗദാസ് സന്ദേശം അയച്ചു.