k-surendran-

തിരുവനന്തപുരം : മാസങ്ങളായി ഒഴിഞ്ഞു കിടന്ന കേരള ബി.ജെ.പി അദ്ധ്യക്ഷ കസേരയിലേക്ക് കെ.സുരേന്ദ്രനെ നിശ്ചയിച്ചത് കഴിഞ്ഞ ശനിയാഴ്ചയാണ്. കേന്ദ്ര നേതൃത്വത്തിൽ മുരളീധരപക്ഷത്തിനുള്ള മേൽക്കൈയാണ് സുരേന്ദ്രന് അനുകൂലമായി ഭവിച്ചത്. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാനത്തെ ബി.ജെ.പി പ്രവർത്തകരുടെ മനസറിഞ്ഞാണെങ്കിലും മുതിർന്ന നേതാക്കളിൽ പലർക്കും സുരേന്ദ്രന്റെ സ്ഥാനലബ്ദിയിൽ പരിഭവമുണ്ട്. മുതിർന്ന നേതാക്കളെ തഴഞ്ഞ് യുവരക്തത്തിന് പ്രാധാന്യം നൽകിയ കേന്ദ്ര നടപടിയ്‌ക്കെതിരെ പരസ്യമായി പ്രതികരിക്കാനാവില്ലെങ്കിലും പാർട്ടിയിൽ സ്ഥാനങ്ങളൊന്നും വേണ്ടെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം പ്രകടിപ്പിക്കുവാനൊരുങ്ങുകയാണവർ.

പ്രധാനമായും കൃഷ്ണദാസ് പക്ഷത്തെ നേതാക്കളാണ് പുതിയ സ്ഥാനങ്ങൾ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുള്ളത്. സ്ഥാനങ്ങൾ വേണ്ടെന്ന് ഇപ്പോഴത്തെ ജനറൽ സെക്രട്ടറിമാരായ എ.എൻ രാധാകൃഷ്ണൻ, എം.ടി രമേശ് എന്നിവർ ഔദ്യോഗികമായി അറിയിക്കും. ജില്ലാപ്രസിഡന്റുമാരിൽ ഭൂരിഭാഗവും കൃഷ്ണദാസ് പക്ഷത്തുള്ളവരാണ്. ആരാവണം സംസ്ഥാന അദ്ധ്യക്ഷനെന്ന് ഇവരോടടക്കം അഭിപ്രായം ആരാഞ്ഞ ശേഷം കെ. സുരേന്ദ്രനെ അദ്ധ്യക്ഷനാക്കിയതിൽ കൃഷ്ണദാസ് പക്ഷത്തിന് വിയോജിപ്പുണ്ട്. അതേസമയം പാർട്ടിയിലെ അനൈക്യം പുറത്തറിയാതിരിക്കാനുള്ള ശ്രമങ്ങൾ മുരളീധരപക്ഷം ആരംഭിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കളുമായി ഇതിനായി ചർച്ചയ്ക്ക് ഇവർ മുന്നിട്ടിറങ്ങിയിട്ടുണ്ട്.