rajith-kumar-

പലഭാഷകളിൽ ലോകമെമ്പാടും പ്രേക്ഷക ശ്രദ്ധ നേടിയ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് മുന്നേറിക്കൊണ്ടിരിക്കുകയാണ്. മിനിസ്‌ക്രീനിൽ പുതുതരംഗങ്ങൾ സൃഷ്ടിച്ച് പരിപാടി മുന്നേറുമ്പോൾ പതിവിൽ നിന്നും വിഭിന്നമായി മത്സരത്തിൽ പങ്കെടുക്കുന്നവർ ഒരാളെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന പരാതിയാണ് ഉയരുന്നത്. കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തിൽ വിവാദ പ്രസംഗങ്ങളിലൂടെ പ്രസിദ്ധനായ ഡോ.രജിത് കുമാറിനെയാണ് ബാക്കി മത്സരാർത്ഥികൾ ഒന്നായി ചേർന്ന് ആക്രമിക്കുന്നു എന്ന പരാതി ഉയർന്നിരിക്കുന്നത്. ഈ വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനടക്കം പരാതി ലഭിച്ച സംഭവവുമുണ്ടായി.

ബിഗ് ബോസ് ഷോയിൽ തനിക്ക് അവസരം തേടി എത്തിയിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സീരിയൽ നടൻ മനോജ് കുമാർ. ഷോയുടെ ഓഡിഷനിൽ പങ്കെടുത്തിരുന്നു, തന്നെ ബിഗ് ബോസ് ഗെയിമിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ ഇപ്പോഴത്തെ അവസ്ഥ രജിത്കുമാറിന് ഉണ്ടാവുമായിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നു. ഡോക്ടർ രജിത് കുമാർ അറിവിന്റെ ഭണ്ഡാരമാണെന്നും അവിടെയുള്ളവർ അദ്ദേഹത്തെ എതിർക്കുന്നതിന് പകരം അറിവ് മനസിലാക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും മനോജ് കുമാർ അഭിപ്രായപ്പെടുന്നു. മോശം പദപ്രയോഗങ്ങൾ നടത്തി അദ്ദേഹത്തെ വിഷമിപ്പിക്കുമ്പോൾ സിനിമയിൽ അന്യായം കാണുമ്പോൾ കണ്ണുനിറയുന്ന അവസ്ഥയാണുളളത്. കേരളം മുഴുവൻ അദ്ദേഹത്തെ ഏറ്റെടുത്തത് രജിത്കുമാറിലുള്ള സത്യസന്ധത ഒന്നുകൊണ്ട് മാത്രമാണ്.

ബിഗ്‌ബോസിൽ നിന്നും പുറത്തുവന്ന തെസ്നി ഖാനോട് അവിടത്തെ അവസ്ഥയെ കുറിച്ച് ചോദിച്ചിരുന്നുവെന്നും. രജിത് കുമാറിനെ കുറിച്ച് ബാക്കി മത്സരാർത്ഥികൾ പറയുന്നതിൽ വാസ്തവമുണ്ടോ എന്ന് തിരക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹം അഭിനയിക്കുകയല്ല, ശരിക്കും ജീവിക്കുകയാണ് എന്നാണ് തെസ്നി മറുപടി പറഞ്ഞത്. ഗെയിമിന്റെ ഭാഗമായി സ്‌പോർട്സ് മാൻ സ്പിരിറ്റ് വേണം എന്നാൽ അതൊന്നും അവിടെ കാണുന്നില്ല. ഏത് ബിഗ് ബോസ് ആയാലും അതിനെ മികച്ചതാക്കേണ്ടത് അതിൽ പങ്കെടുക്കുന്നവരാണെന്നും മനോജ്കുമാർ ഫേസ്ബുക്ക് ലൈവിൽ അഭിപ്രായപ്പെട്ടു.