സന്ധ്യ കഴിഞ്ഞിരിക്കുന്നു. റോഡിൽ സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശം വിതറി നിൽക്കുന്നു. മേരിമാതാ കോൺവന്റിന്റെ ചരൽ വിരിച്ച മുറ്റത്ത് രുക്കു ആരെയോ പ്രതീക്ഷിച്ച് റോഡിലേക്ക് കണ്ണുംനട്ട് നിൽക്കുകയായിരുന്നു. പള്ളിപ്പുറം സ്കൂൾ കഴിഞ്ഞാൽ ചെറിയ റോഡാണ്. അവിടെയാണ് മേരീമാതാ ഓർഫനേജ്. വർഷങ്ങളുടെ പഴക്കമുള്ള സ്ഥാപനം. ട്യൂബ് ലൈറ്റുകളുടെ പ്രകാശത്തിൽ കോൺവെന്റിന്റെ മുറ്റവും പരിസരവും പകൽ പോലെ വ്യക്തം. അതിനോടു ചേർന്നുള്ള ഉദ്യാനവും മറിച്ചല്ല. പച്ച പുൽത്തകിടിയും കുറ്റിമുല്ലയും ചെമ്പകവും അരളിയും ഓർക്കിഡുമൊക്കെയായി പൂന്തോട്ടം സമൃദ്ധമാണ്.
രുക്കു ഒരു ഹിന്ദുവാണെങ്കിലും ചട്ടയും മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. പിൻഭാഗത്ത് വിശറിപോലെ ഞൊറിഞ്ഞുടുത്ത മുണ്ട്. അതിനൊത്ത ചട്ടയും കഴുത്തിൽ കറുത്ത ചരടിൻ തുമ്പത്ത് കുരിശു തൂങ്ങിക്കിടക്കുന്നു. ഒറ്റനോട്ടത്തിൽ ഒരു ക്രിസ്ത്യാനി മദ്ധ്യവയസ്ക. നാല്പതോ, നാല്പത്തിയഞ്ചോ അതിനപ്പുറം പറയില്ല. വേഷം മാത്രമല്ല, രുക്കു ഒരു ക്രിസ്തീയ മതവിശ്വാസി കൂടിയാണ്. അവൾ മേരിമാതാ കോൺവന്റിലെ കുശിനിക്കാരിയായിട്ട് വർഷങ്ങളേറെയായി. നിറയെ പൂത്തുനിൽക്കുന്ന കുറ്റിമുല്ല ചെടിയിൽ നിന്ന് വിരിഞ്ഞുവരുന്ന മുല്ലപ്പൂവ് രുക്കു നുള്ളിയെടുത്ത് മെല്ലെ അത് മൂക്കിനോട് ചേർത്തുപിടിച്ചു. സുഗന്ധം ഉള്ളിലേക്ക് വലിച്ചെടുത്ത് ആസ്വദിച്ചുകൊണ്ട് കോൺവന്റ് ചുവരിലെ ക്ലോക്കിലേക്ക് നോക്കി.
''ശ്ശോ... സമയം പോയല്ലോ""...
രുക്കു സ്വയം ഉരുവിട്ടു.
വീണ്ടും അസഹിഷ്ണുതയോടെ റോഡിലേക്ക് കണ്ണുകൾ പായിച്ച് നെറ്റിയിൽ കുരിശുവരച്ചു.
''കർത്താവേ ഇവരിതെവിടെപോയി കിടക്കുന്നു?""
വാച്ചറുടെ വേഷം ധരിച്ച കറിയാച്ചൻ രുക്കുവിന്റെ സമീപത്തെത്തിയപ്പോൾ അയാളതുകേട്ടു.
രുക്കുവിന്റെ ജോലിയോടുള്ള ആത്മാർത്ഥത കറിയാച്ചനറിയാം. അയാൾക്ക് നൈറ്ര് ഡ്യൂട്ടിയാണ്. ഗേറ്റിനടുത്തേക്ക് പോകുമ്പോഴാണ് അവിടെ നിൽക്കുന്ന രുക്കുവിനെ കണ്ടതും അടുത്തേക്ക് വന്നതും.
''ഇനിയും പച്ചക്കറി ലോറി എത്തിയില്ലേ രുക്കൂ? എന്തു പറ്റി ഇന്നീ താമസം?""
''എന്താന്നറിയില്ല കറിയാച്ചാ. ഇന്നേവരെ ഇങ്ങനെ വൈകിയിട്ടില്ല. ഇനി വഴിയിലെങ്ങാനും വാൻ ബ്രേക്ക് ഡൗണായോന്നാ സംശയം. എന്തായാലും വന്നിട്ടല്ലേ എനിക്ക് വീട്ടിലേക്ക് പോകാനാകൂ.""
രുക്കു മറുപടി പറഞ്ഞു.
''ഇന്നലെ തമിഴ്നാട്ടിൽ കനത്ത മഴയായിരുന്നില്ലേ... അതാവും. എത്ര സമയമായാലും അവരെത്തും.""
അയാൾ മറുപടി പറഞ്ഞു.
''അതല്ല കറിയാച്ചാ. എനിക്കിന്ന് ഗീവർഗീസ് പുണ്യാളന് 101 മെഴുകുതിരി കത്തിക്കേണ്ട ദിവസമാ. എന്റെ തളിർമോളുടെ നേർച്ചയാ. ഇന്നുതന്നെ അത് കത്തിക്കുകയും വേണം. അവളുടെ എൻട്രൻസിന്റെ റിസൽറ്റ് വന്ന ദിവസമാ.""
''ഇനിയും സമയമുണ്ടല്ലോ രുക്കൂ. അവിടെ പത്തുമണിവരെയുണ്ടല്ലോ. പിന്നെ ഗേറ്റും പൂട്ടാറില്ലല്ലോ.""
ഒന്നുകൂടി മൂളിപ്പറഞ്ഞ് കറിയാച്ചൻ ഗേറ്റിനരികിലേക്ക് നടന്നു.
രുക്കു വീണ്ടും റോഡിലേക്ക് നോക്കി.
ആഴ്ചയിലൊരിക്കലാണ് തമിഴ്നാട്ടിൽ നിന്ന് കോൺവന്റിന്റെ അടുക്കളയിലേക്കാവശ്യമായ പച്ചക്കറികൾ വരുന്നത്. മലക്കറി വാനിൽ കൊണ്ടിറക്കിയശേഷവും നല്ല ജോലിയുണ്ട്. മലക്കറി ചാക്കിന്റെ കണക്കെടുക്കണം. ഇനങ്ങൾ വേർതിരിച്ചെടുത്ത് വായു സഞ്ചാരമുള്ളിടത്ത് നിരത്തിവയ്ക്കണം. മലക്കറിക്ക് കണക്കുനോക്കി രൂപ എണ്ണികൊടുക്കണം.
രുക്കു നെറ്റിയിൽ കുരിശ് വരച്ച് വീണ്ടും കർത്താവിന് സ്ത്രോത്രം പറഞ്ഞ് ആരോടെന്നില്ലാതെ പരാതിപ്പെട്ടു.
ശ്ശൊ... എപ്പോഴാണിനി ഞാൻ വീട്ടിലെത്തുക? അവിടെ തന്റെ തളിർ മോള് ഒറ്റയ്ക്കേയുള്ളൂ. മെഡിസിന്റെ എൻട്രൻസ് എക്സാം പാസായ വിവരം തന്നെ നേരിട്ട് കണ്ട് സന്തോഷം അറിയിക്കാൻ കാത്തിരിക്കുകയാണ്. ഉടുത്തിരുന്ന ഞൊറിമുണ്ടിന്റെ പിന്നിലെ ഞൊറിവ് രുക്കു കുടഞ്ഞ് കൈയിലിരിക്കുന്ന ഡയറിയുമായി കൈവരിയിലിരുന്നുകൊണ്ട് എന്റെ ഇത്തമ്മ സിസ്റ്ററേന്ന് വിളിച്ച് ദീർഘനിശ്വാസമിട്ടു.
ഇത്തമ്മ സിസ്റ്ററാണ് അനാഥയായിരുന്ന രുക്കുവിനും അവളുടെ മകൾ തളിരിനെയും ആലുവാ ഓർഫനേജിൽ ആദ്യകാലഘട്ടത്തിൽ അഭയം കൊടുത്തത്. രുക്കുവിന്റെ മകൾ തളിരിന് അന്ന് നാലേനാല് ദിവസമേ പ്രായമുണ്ടായിരുന്നുള്ളൂ.
ഇത്തമ്മ സിസ്റ്ററാണ് ആ കുഞ്ഞിന് തളിർ എന്ന പേരിട്ടത്. ഇത്തമ്മ സിസ്റ്ററിന്റെ കണ്ണിലുണ്ണിയായിരുന്നു അന്നുതൊട്ട് തളിർ. രണ്ടുവയസ്സുവരെ ആലുവാ ഓർഫനേജിൽ വളർന്നു. തളിരിനെയും രുക്കുവിനെയും അതിനു ശേഷമാണ് ഇത്തമ്മ സിസ്റ്റർ ചെറായിയിലെ മേരി മാതാ കോൺവന്റിലേക്ക് അവരെ മാറ്റി പാർപ്പിച്ചത്.
മാറ്റി പാർപ്പിക്കുമ്പോൾ ഇത്തമ്മ സിസ്റ്റർ ഒന്നേ രുക്കുവിനോട് പറഞ്ഞിരുന്നുള്ളൂ.
''രുക്കൂ... നീ ഈ പെൺകുട്ടിക്ക് വിദ്യാഭ്യാസം കൊടുക്കണം. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും... അച്ഛനില്ലാത്ത പെൺകുട്ടിയാ. അവൾ വളർന്നുവരുന്തോറും പലരും പലതും പറയും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അത് നീയും കുഞ്ഞും ശ്രദ്ധിക്കരുത്. എന്റെ കാലം കഴിഞ്ഞാലും എനിക്കുശേഷം വരുന്നവർ നിങ്ങൾക്ക് അഭയം തരും. ഞാനതിനുള്ളതൊക്കെ ഏർപ്പാടാക്കി ചെയ്തുവയ്ക്കും.""
മുറ്റത്തിന്റെ അരമതിലിൽ രുക്കുവിന്റെ കണ്ണീർക്കണങ്ങൾ വീണുടഞ്ഞു. ഇത്തമ്മ സിസ്റ്ററിന്റെ മരണം ചെറുതായല്ല രുക്കുവിനെ വേദനിപ്പിക്കുന്നത്. തളിരിന്റെ എൻട്രൻസ് വിജയം അറിയിക്കാനാവാത്ത വിഷമമായിരുന്നു. രണ്ടാമത്തെ പരിശ്രമത്തിലാണ് തളിരിന് എൻട്രൻസ് കിട്ടിയിരിക്കുന്നത്. കൊക്കിലൊതുങ്ങുന്ന ആഗ്രഹമല്ല അവൾ കൊത്തിയിരിക്കുന്നത്.
പലതവണ പലപ്പോഴായി പലരും അവളെ ആ അവസ്ഥ പറഞ്ഞു മനസിലാക്കികൊടുക്കാൻ ശ്രമിച്ചു.
''മെഡിസിന് പഠിത്തം അത്ര എളുപ്പമല്ല കുട്ടീ.""
പക്ഷേ കയ്ച്ചിട്ട് ഇറക്കാനും വയ്യ... മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിൽ അവളാവുകയാണല്ലോ തമ്പുരാനേ... രുക്കു ദീർഘനിശ്വാസമുതിർത്തു.
***************
സിസ്റ്റർ മേരി മഗ്ദലന അന്ന് വൈകുന്നേരത്തോടെയാണ് മേരീമാതാ കോൺവെന്റിൽ വന്ന് ചാർജ്ജെടുത്തത്. അതുവരെ മഗ്ദലന സിസ്റ്ററിന് ബാംഗ്ലൂർ കോൺവന്റിന്റെ ചാർജ്ജായിരുന്നു. വർഷങ്ങളായി അവിടെയായിരുന്നു. കേരളത്തിലങ്ങനെ വരാറില്ലായിരുന്നു. സിസ്റ്റർ ബെറ്റിയെ ചികിത്സയ്ക്ക് ചെന്നൈയിലേക്ക് കൊണ്ടുപോയപ്പോൾ പകരം വന്നതാണ് മഗ്ദലന സിസ്റ്റർ. സിസ്റ്റർ മഗ്ദലന വന്നിട്ട് കുശിനിയിലേക്ക് കയറിയിട്ടില്ല. ഓഫീസ് വർക്ക് കുറേ നോക്കാനുണ്ടായിരുന്നു. മറ്റാരെയും പരിചയപ്പെടാനും കഴിഞ്ഞില്ല. അല്പം വൈകിയാണെങ്കിലും സമാധാനത്തോടെയാവാം എന്നു കരുതി. ഒരു പുതിയ സിസ്റ്റർ ചാർജ്ജെടുത്തു എന്ന് കുശിനിയിൽ പലരും കുശുകുശുത്തു. ജോലിത്തിരക്ക് കഴിയട്ടെ എന്ന് സമാധാനിച്ചു. ഇടയ്ക്കിടയ്ക്കുള്ള ഭരണമാറ്റങ്ങളെക്കുറിച്ചൊന്നും ഇല്ലെങ്കിലും രുക്കു ശ്രദ്ധിക്കാറില്ല. തനിക്ക് കുശിനി ചുമതല. അതുകഴിഞ്ഞാൽ വീട്. ആ ചിന്തയേയുള്ളൂ.
കോൺവന്റ് വരാന്തയിലെ കരിങ്കൽ തൂണിന്റെ മറവിലെ അരണ്ടവെളിച്ചത്തിൽ സിസ്റ്റർ മഗ്ദലന തൂൺചാരി പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. രുക്കുവിനെ ശ്രദ്ധയിൽപ്പെട്ടത് അപ്പോഴാണ്. അവളുടെ ഓരോ ചെറിയ ശരീരഭാഷയും അറിയാതെ ശ്രദ്ധയിലേക്ക് കടന്നുകയറി. സിസ്റ്റർ മഗ്ദലന കോൺവന്റിന്റെ ചാർജ്ജെടുത്തപ്പോൾ അവിടെ തത്ക്കാലം ചാർജ്ജുണ്ടായിരുന്ന അൽഫോൺസാമ്മ പറഞ്ഞിരുന്നത് മഗ്ദലന ഓർത്തു.
''മഗ്ദലനാ കുശിനിപ്പണിയെപ്പറ്റി മാത്രം നീ കൂടുതൽ ശ്രദ്ധിക്കേണ്ട. അവിടത്തെ കാര്യങ്ങളൊക്കെ കിറുകൃത്യമായി ചുമതലയോടെ ഒരു കുശിനിക്കാരി നോക്കിക്കൊള്ളും. മൂന്നാളിന്റെ പണിയാ അവൾ ഒറ്റയ്ക്ക് ചെയ്തു തീർക്കുന്നത്. ഒരു പൈസ നഷ്ടമുണ്ടാക്കില്ല. ഈ ഓർഫനേജിനവളൊരു അസറ്റാ...അച്ഛനില്ലാത്ത ഒരു കുട്ടിയുണ്ട് അവൾക്ക്. ഡോക്ടറാകണമെന്നാ ആ കുട്ടിയുടെ ആഗ്രഹം. എത്രകണ്ട് നടക്കുമെന്നറിയില്ല. പിന്നെ ഒരു കാര്യം. ഇത്തമ്മ സിസ്റ്ററിന്റെ അരുമമക്കളാ ഈ അമ്മയും മകളും. സിസ്റ്ററും ഇവരെ അങ്ങനെതന്നെ കാണണം.""
മഗ്ദലന സിസ്റ്റർ രുക്കുവിനെ ഒരിക്കൽകൂടി ശ്രദ്ധിച്ചു.
സിമന്റ് കൈവരിയിൽ വച്ചിരുന്ന ഡയറി രുക്കു കൈയിലെടുത്ത് തുറന്നു നോക്കുന്നു.
ഗേറ്റ് കടന്ന് മുറ്റത്തേക്ക് വന്നുനിന്ന തമിഴ്നാട് വാൻ. രുക്കു കാത്തുനിന്നത് മലക്കറി വണ്ടിക്കുവേണ്ടിയാണെന്ന് മഗ്ദലന സിസ്റ്റർ മനസിലാക്കി.
വാൻ ഡ്രൈവർ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ചാടിയിറങ്ങി. മുഖത്ത് ഭവ്യത, ചലനങ്ങളിൽ ധൃതിയും. രുക്കു നിന്നിരുന്നിടത്തേക്കയാൾ ചെന്നുനിന്നു തലയിൽ ചുറ്രിക്കെട്ടിയിരുന്ന മുഷിഞ്ഞ തോർത്ത് വലിച്ചൂരി ഭവ്യതകാട്ടി.
''മാഡം കൊഞ്ചം ലേറ്റായിരിക്ക്. വഴിയിലേ ചിന്ന തർക്കം.""
തമിഴിൽ അയാൾ പറയുന്നത് വ്യക്തമായി കേൾക്കാമായിരുന്നു മഗ്ദലന സിസ്റ്ററിനും.
''ങും. ശീഘ്രം ലോഡ് കീളെ ഇറക്കുങ്കോ.""
രുക്കു ഗൗരവത്തോടെ പറഞ്ഞു.
വാനിന്റെ പിൻഭാഗത്തെ ഡോർ മലർക്കെ തുറന്നിട്ട് ഡ്രൈവർ മാറിനിന്നു. വാനിന്റെ മുക്കാൾഭാഗത്തോളമുള്ള പച്ചക്കറി ചാക്കുകൾ ഓരോന്നോരോന്നായി താഴേക്ക് ഇറക്കിവയ്ക്കുമ്പോൾ ക്ലീനർ വിളിച്ചു പറഞ്ഞു.
''വെണ്ടക്കായ 20 കിലോ, വെള്ളരിക്ക 50 കിലോ, സവാള 50 കിലോ, തക്കാളി 50 കിലോ, മുരിങ്ങക്കായ 10 കിലോ, കറിവേപ്പില 2 കിലോ ""
ഓരോന്നിന്റെയും തൂക്കവും പേരും വിളിച്ചുപറയുമ്പോൾ രുക്കു ഡയറിയിൽ എഴുതിക്കൊണ്ടിരുന്നു. അതിനോടൊപ്പം അവൾ ചാക്കുകെട്ടഴിച്ച് പരിശോധിക്കുന്നുണ്ടായിരുന്നു. തക്കാളി ചാക്കിന്റെ കെട്ടഴിച്ചുനോക്കി രുക്കു പറഞ്ഞു.
''ഇന്ത തക്കാളി അവളവ് കേടാച്ചു. നല്ലത് സെലക്ട് പണ്ണി എടുക്കപ്പെടാതാ? ""
രുക്കു ചാക്കിൽ നിന്ന് കുറച്ച് തക്കാളി പുറത്തെടുത്ത് കാണിച്ചുകൊണ്ടുപറഞ്ഞു.
''ഇത് നല്ലത്താൻ ഇരുന്തേൻ മാഡം. വണ്ടിയിൽ എടുത്തുപോട്ടതിനപ്പുറം കുലുങ്കി ഇന്തമാതിരി ആയിടിച്ചു. ""
സൗമ്യ മട്ടിൽ അയാൾ കാരണം നിരത്തി.
''അന്ത എന്ത കാരണവും എനക്ക് തേവയില്ലെ. ഇതുക്ക് കാഷ് തരമുടിയാതെ. തിരുമ്പിക്കൊണ്ട് പോയിട്. ഇന്ത ഇടം പണക്കാരുടേതല്ല. പാവങ്ങൾക്കുള്ളതാക്കും. കൊഞ്ചംകൂടെ മനസാക്ഷിയിരുക്കാ ഉനക്ക്? ""
''അമ്മ അപ്പടിയൊന്നും ചൊല്ലക്കൂടാത്. റൊമ്പ നഷ്ടമാകും. മൊതലാളി എന്നെ തിരുട്ടുവാര്.""
''പറവതല്ലാ ഇതുക്ക് പേമന്റ് കെടായത്. ഇന്തമാതിരി പലതടവ് ക്ഷമിച്ചിരിക്ക്. ഇനിയത് മുടിയാത്. ""
രുക്കുവിന്റെ നിലപാടിൽ മാറ്റമില്ലെന്നറിഞ്ഞ അവർ മനസില്ലാമനസോടെ തക്കാളിച്ചാക്ക് വാനിലേക്ക് തിരിച്ചെടുത്തു.
രുക്കു കൈയിലിരുന്ന ബാഗിൽ നിന്നും കണക്കുനോക്കി തിട്ടപ്പെടുത്തി രൂപ എണ്ണിക്കൊടുത്തു.
ഡ്രൈവർ അതുവാങ്ങി ഭവ്യതയോടെ യാത്രപറഞ്ഞു,
''വരട്ടുമാ...ന
''ദാ, അതുക്ക് മുന്നേ ഇത് അന്തഹാളിലെ വച്ചിട്ട് പോങ്കോ...ന്താ, പതിവ് മറന്താച്ചാ...?""
അവർ മലക്കറിച്ചാക്കുകൾ കുശിനിയിലെ പുരയിൽ കൊണ്ടുവച്ചുമടങ്ങി.
രുക്കു അതീവശ്രദ്ധയോടെ വായുകടക്കുന്നരീതിയിൽ മലക്കറികൾ ഒന്നൊന്നായി സിമന്റ് സ്ലാബിൽ നിരത്തിവയ്ക്കാൻ തുടങ്ങി. സിസ്റ്റർ മഗ്ദലന ആ കുശിനിക്കാരിയുടെ ചുമതലാ ബോധത്തെ മനസാ പ്രകീർത്തിച്ച് കുശിനി വരാന്തയിലേക്ക് നടന്നു.
രുക്കുവിന്റെ കൈവേഗതയും ശരീരഭാഷയും മറ്റും കണ്ടുനിന്നപ്പോൾ മനസിലൊരാൾ കടന്നുവന്നു. ചിരകാലപരിചമയുള്ള ഒരാൾ. രുക്കു മലക്കറികളോട് സംസാരിക്കുകയായിരുന്നു.
''മക്കളേ ഒരാഴ്ച കേടുകൂടാതെ ഇരിക്കണേ. ""
സിസ്റ്റർ അതുകേട്ട് ചിരിച്ചതിനോടൊപ്പം ആ ശബ്ദം എവിടെയോ ഊളിയിട്ടുവന്നു. രുക്കു നടുനിവർത്തി ഇരുകൈകളും നടുവിന് താങ്ങായി പിടിച്ചുനിന്നു.പിന്നിലൂടെ മഗ്ദലന സിസ്റ്റർ രുക്കുവിന്റെ തോളിൽ മൃദുവായി തൊട്ടുതലോടി.
സൗമ്യമായി ചോദിച്ചു:
''ജോലിയെടുത്ത് നടുവൊടിഞ്ഞോ?""
പിന്നിൽകേട്ട ശബ്ദം തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. രുക്കു തിരിഞ്ഞുനോക്കി.
ആ കണ്ണുകളിൽ തികഞ്ഞ പരിചിതഭാവം. തിരുവസ്ത്രം ധരിച്ച് തന്റെ മുന്നിൽ നിൽക്കുന്ന മഗ്ദലനയെ ഒന്നുകൂടി രുക്കു സൂക്ഷിച്ചുനോക്കി. ആ മന്ദഹാസം താനെവിടെയോ കണ്ടിട്ടുണ്ടെന്നപോലെ...നല്ല പരിചിതശബ്ദവും.
''ആലുവാ ഓർഫനേജിലെപ്പോഴെങ്കിലും സിസ്റ്റർ വിസിറ്റ് ചെയ്തിട്ടുണ്ടോ? എവിടെയോ വച്ച് ഞാൻ സിസ്റ്ററെ കണ്ടിട്ടുള്ളതുപോലെ.""
രുക്കു സംശയനിവാരണത്തിനായി ചോദിച്ചു.
''എന്താ അങ്ങനെ ചോദിക്കാൻ? നിന്റെ പേരെന്താ? ""
സിസ്റ്റർ ചോദിച്ചു.
''എന്റെ പേര് രുക്കു. ""
രുക്കു മറുപടി പറഞ്ഞു.
''എനിക്കും രുക്കുവിനെ കണ്ടപ്പോൾ ഇതുതന്നെ തോന്നി. എവിടെയോ കണ്ടിട്ടുള്ളതുപോലെ. ആ ചിരിയും ഭാവവും സംഭാഷണവുമൊക്കെ നിന്റെ യഥാർത്ഥ പേരെന്താ?""
''രുഗ്മിണി വാരസ്യാർ! പക്ഷേ ഈ പേര് ഇവിടെ ആർക്കും അറിയില്ല. പറയുകയുമരുത്. എല്ലാവരും എന്നെ ക്രിസ്ത്യാനിയായിട്ടാ കാണുന്നത്. ഇത്തമ്മ സിസ്റ്ററിന്റെ ആഗ്രഹവും അതായിരുന്നു.""
മഗ്ദലന ശരിക്കും ഞെട്ടി.
''ശരി. ഈ വാക്ക് ഞാനും മരണംവരെ പാലിക്കും. പക്ഷേ എനിക്കിന്നും നീ എന്റെ പഴയ രുഗ്മിണി വാരസ്യാരാ..."" രുക്കു ഞെട്ടി.
''ഞാനെന്റെ ഞെട്ടൽ നിന്നെ കാണിക്കുന്നില്ല. പകരം നീ ഞെട്ടിക്കോ. ഞാൻ നിന്റെ മേരീജോർജ്ജാണെടീ""
രുക്കു ശരിക്കും ഞെട്ടി. അത്ഭുതംകൊണ്ട് കണ്ണുകൾ പുറത്തേക്കുന്തി. സന്തോഷം കണ്ണീരായി പുറത്തേക്കൊഴുകി. കവിളുകൾ നനഞ്ഞു. ഇരുവരും കെട്ടിപ്പിടിച്ച് ഒരു ശരീരവും ഒരാത്മാവുമായി നിന്നുപോയി അല്പനേരം.
''ഈ ജന്മം തമ്മിൽ കാണാനാവില്ലെന്ന് വിചാരിച്ചതാ. നിന്നെ ഞങ്ങളെവിടെയെല്ലാം തിരഞ്ഞു. ഞാനും മാനസിയും മൂക്കിന്റെ തുമ്പത്ത് നീയുണ്ടായിട്ടും ഞങ്ങൾ കണ്ടില്ലല്ലോ? ""
സിസ്റ്റർ സന്തോഷകണ്ണീർ തുടച്ചു.
''അതൊക്കെയിരിക്കട്ടെ ഈ തിരുവസ്ത്രം നീ സ്വന്തമാക്കിക്കളഞ്ഞല്ലോ. കർത്താവിന്റെ മണവാട്ടിയാകണമെന്ന് നീ പറഞ്ഞുപറഞ്ഞ് നീ അതു നേടിയെടുത്തു.മേരിജോൺ തോട്ടത്തിന്റെ ആ കവിതയും ചൊല്ലിനടന്നത് ഇതിനായിരുന്നോ? ""
''ങും. "" സിസ്റ്റർ തലയാട്ടി.
''അതൊന്നു ചൊല്ലൂ രുഗ്മിണി... നിനക്കോർമ്മയുണ്ടോ...ഞാൻ നിന്നെക്കൊണ്ടല്ലേ ആ വരികൾ ഈണത്തിൽ ചൊല്ലിക്കാറ്.""
സിസ്റ്റർ മഗ്ദലന ആഗ്രഹം പ്രകടിപ്പിച്ചു.
''ങും. "
രുക്കു തലയാട്ടി വീണ്ടും.
'അനുഗ്രഹിക്കുക
നിങ്ങളെൻ തലയ്ക്കുമേൽ
കരങ്ങൾ വച്ച്
അതൊന്നുമാത്രമാണപേക്ഷ
പോയിടട്ടെ ഞാനിനി"
നാലുവരി രുക്കു ചൊല്ലി നിറുത്തി.
''നീ ഇപ്പോഴും അതൊന്നും മറന്നിട്ടില്ല അല്ലേ?"
''ഇല്ല മഗ്ദലന. ഞാനും മാനസിയും ഒരിക്കലും ഇതൊന്നും മറക്കില്ല. മാനസി എവിടെയാണിപ്പോൾ? "
''മാനസി നിന്നെപ്പറ്റി പറയാത്ത ദിവസങ്ങളില്ല. ദുബായിൽ നിന്ന് അവൾ ആഴ്ചയിലൊരിക്കൽ വിളിക്കും. ഞാനെവിടെയോ അവിടെ വരും. നാട്ടിൽ വരുമ്പോഴൊക്കെ നമ്മൾ ഇണപിരിയാതെ ഒന്നാം ക്ലാസ് തൊട്ട് പ്രീഡിഗ്രിവരെ പഠിച്ച ക്ലാസ് മുറികളിലെ ഓരോ കുസൃതികളഉം ഓരോ വിളിയിലും പറഞ്ഞുകരയും. ആ പള്ളിപ്പുറം സ്കൂൾ ഇന്നുമുണ്ട്. ഹെഡ്മിസ്ട്രസ് റീത്താ ടീച്ചർ റിട്ടയേർഡായി. ബിൽഡിംഗിന്റെ സ്ട്രക്ച്ചറിനൊക്കെ മാറ്രം വന്നിട്ടുണ്ട്."
''റീത്താ ടീച്ചറിന്റെ കാര്യം പറഞ്ഞപ്പോഴാ ഞാനൊരു കാര്യം കൂടി ഓർക്കുന്നേ. നിന്നെ ഒരു ഡോക്ടറായി കാണണമെന്നായിരുന്നല്ലോ റീത്താ മാഡത്തിന്റെ ആഗ്രഹം. സയൻസിന് നിനക്ക് അത്രയ്ക്ക് മാർക്കുമുണ്ടായിരുന്നല്ലോ. "
''അതെ,അതുനടന്നില്ല. പിന്നെ മഴയും അതിനൊപ്പമുണ്ടായിരുന്ന വെള്ളപ്പൊക്കത്തിൽ വീടും കുടുംബവും നഷ്ടപ്പെട്ടവളായി.പിന്നെ മാനസിയുടെ അച്ഛന്റെ തുണിക്കടയിൽ കണക്കെഴുത്തുകാരിയായി. രോഗബാധിതനായ അച്ഛനും മരണപ്പെട്ടു."
ബാക്കിയൊന്നും പറയാനിഷ്ടമല്ലാത്തതുപോലെ രുക്കു സംഭാഷണം നിറുത്തി. പിന്നെ രുക്കു മാനസിയുടെ കാര്യം ഒരിക്കൽകൂടി എടുത്തിട്ടു.
''ശാന്തനുവുമായിട്ടുള്ള വിവാഹം കഴിഞ്ഞ് അവൾ ദുബായിലേക്ക് പോയി. ശാന്തനുവിന് നാട്ടിലേക്ക് വരാൻ തീരെ താത്പര്യമില്ലാതെയായി. കാരണം അമ്മയുടെ മരണം, ഒന്ന്. രണ്ട് നിന്റെ തിരോധാനം. നീ അയാളെ പറ്റിച്ചിട്ട് മറ്റാരെയോ വിവാഹം കഴിച്ച് നാടുവിട്ടുപോയെന്നാണ് ധാരണ. പക്ഷേ അതിലെ സത്യം എനിക്കല്ലേ അറിയൂ. മാനസിക്ക് ശന്തനുവിനോടുള്ള പ്രണയം അറിഞ്ഞിട്ട് നീ മനഃപൂർവം അവൾക്ക് വിട്ടുകൊടുത്തിട്ട് ഒഴിവായതാണെന്ന സത്യം.""
''അത് നീയിനിയും മറന്നിട്ടില്ലേ മേരി? മറ്റാരോടും പറഞ്ഞിട്ടില്ലല്ലോ? ""
''പറഞ്ഞു. മാനസിയോട്. ഒരിക്കൽ പറയേണ്ടിവന്നു. അന്നു മുതൽ അവൾക്ക് നിന്നോട് കുറ്റബോധമാ...നിന്നെകണ്ട് മാപ്പ് പറയണമത്രേ. ""
''അതൊന്നും വേണ്ട. ശന്തനുവിന്റെ ധാരണ അങ്ങനെ തന്നെയിരിക്കട്ടെ. അതൊന്നുമിനി മാറ്റിയെടുക്കാൻ പോകണ്ട. മാനസി സുഖമായിരിക്കുന്നല്ലോ? എനിക്കതുമതി. അവൾക്കിഷ്ടമുള്ള ഒരാളോടൊപ്പം അവൾ ജീവിക്കട്ടെ എന്നേ ഞാൻ കരുതിയുള്ളൂ. ""
''ങാ അതൊക്കെ ഇരിക്കട്ടെ. അച്ഛന്റെ മരണശേഷം നീ വിവാഹം കഴിച്ചത് ആരെയാ രുക്കു?""
''അതൊരു ട്രാജഡി. അത്രയും തത്ക്കാലം അറിഞ്ഞാൽ മതി.എനിക്കൊരു പെൺകുഞ്ഞുണ്ടായി. ഇത്തമ്മ സിസ്റ്റർ ഞങ്ങൾക്ക് അഭയം തന്നു. ആലുവാ ഓർഫനേജിൽ. ഇത്തമ്മ സിസ്റ്ററാ എന്റെ മകൾക്ക് ഇരുപത്തിയെട്ട് കെട്ടിയതും കാതിൽ തളിരെന്ന് പേരിട്ടതും. "
''അവളിപ്പോൾ? "
''അവൾ മിടുക്കിയാ സിസ്റ്ററേ, എപ്പോഴും പഠിത്തമാ. മെഡിസിന് പഠിക്കണമെന്ന വാശിയിലാ. എൻട്രൻസ് രണ്ടാമതെഴുതിയിട്ടുണ്ട്. എങ്ങനെ മുന്നോട്ടുപോകുമെന്നറിയില്ല. കുശിനിക്കാരിയുടെ മകളെങ്ങനെയാ ഒരു ഡോക്ടറാവുക? ഞാനിറങ്ങട്ടെ സിസ്റ്ററേ.""
അയയിൽ കിടന്ന രണ്ടാം മുണ്ട് എടുത്ത് രുക്കു ചട്ടയുടെ മുകളിലായി ഇട്ട് മാറുമറച്ചു.
''നീ ഒറ്റയ്ക്ക് പോകുമോ?ടോർച്ചുണ്ടോ കൈയിൽ? ""
''ഉണ്ട്. പള്ളിയിൽ മെഴുകുതിരി കത്തിക്കണം. അവിടെ പ്രഭു കാണും. ചുമട്ടുതൊഴിലാളി നേതാവ്. എനിക്കവൻ മകനെപ്പോലെയാ. ഒരു മകനും മകളും. ""
''എനിക്ക് തളിരിനെ കാണണം. നാളെ കൂടെ കൂട്ടണം കേട്ടോ! ""
***********
തളിർ ചായ്പ്പിൽ ചുരുട്ടിവച്ചിരുന്ന നൂറുവാട്സിന്റെ ബൾബ് ഘടിപ്പിച്ച നീണ്ട ഇലക്ട്രിക് വയർ അഴിച്ചെടുത്ത് വടക്കുഭാഗത്ത് മീൻവെട്ടാനിരിക്കുന്നിടത്തുള്ള പേരമരത്തിന്റെ ചില്ലയിൽ കൊരുത്തിട്ടു. ഇലകൾ നിറഞ്ഞ പേരമരത്തിൽ ലൈറ്റിട്ടപ്പോൾ വല്ലാത്ത ഭംഗി. വടക്കുമുറ്റം പകൽപ്പോലെ വെളിച്ചത്തിലുമായി. മീൻചട്ടിയിൽ ഇട്ടിരിക്കുന്ന നെത്തോലി മീൻ വ്യക്തമായി കാണാം. കോഴിക്കൂട്ടങ്ങൾ പകലെന്നപോലെ ചട്ടിക്കു ചുറ്റിനും നിന്നു കാറി. മീനിന്റെ അവശിഷ്ടങ്ങളായ വാലും തലയും കുടലും കോഴിക്കൂട്ടങ്ങൾക്ക് നേരെ എറിഞ്ഞുകൊണ്ടു പറഞ്ഞു.
ഇന്ന് നെത്തോലിയാ. 50 രൂപയ്ക്ക് ദാ ഇത്രയേ കിട്ടിയുള്ളൂ.
കോഴികളോട് പതിവ് ചങ്ങാത്തവർത്തമാനം പറഞ്ഞു തളിർ. അവളുടെ ഭാഷ മനസിലായതുപോലെ കോഴികൾ ചിറക് വിടർത്തി കുടഞ്ഞു. പൂവൻ മാത്രം കാറികാറി മാറി നിന്നു.
''നീ എന്തിനാടാ കാറുന്നത്? പെമ്പിള്ളേർ കഴിക്കട്ടെ. അതുങ്ങള് തരുന്ന മൊട്ടയിലാ ഈ മീൻ വാങ്ങുന്നേ.""
തളിർ മീൻ കഴുകിയ വെള്ളം ചട്ടീന്ന് വാഴച്ചോട്ടിലേക്ക് വീശിയൊഴിച്ചു.
''ന്നാടീ നിനക്കുള്ളത്. നിങ്ങൾക്കൊന്നും തരുന്നില്ലെന്ന് പറയരുത്. നല്ല കുല തന്നേക്കണം. ഇത്തവണ നിങ്ങൾ തരുന്ന കുല വിറ്റിട്ടു വേണം എനിക്ക് നല്ലൊരു ചുരിദാർ വാങ്ങാൻ... കണ്ടില്ലേ, ഇത് കീറി പാളീസായത്.""
തളിർ താൻ ധരിച്ചിരുന്ന ചുരിദാറിലേക്ക് നോക്കി. അടിപ്പാവാടയുടെ മുകളിലൂടെ ഇട്ട ഇളം നീലനിറത്തിലുള്ള ചുരിദാറിന്റെ ടോപ്പിന്റെ കൈഭാഗം കീറിയിട്ടുണ്ട്. അവൾ ചട്ടി നിലത്തുവച്ചു. കോഴികളെ കൂട്ടിനകത്ത് കയറ്റി കോഴിക്കൂടിന്റെ വാതിലടച്ചു. പച്ചമുളകുചെടിയിൽ നിന്ന് അഞ്ചാറ് മുളക് പറിച്ചു. പുളിഞ്ചി മരത്തിൽ നിന്ന് പുളിഞ്ചിക്കയും പറിച്ച് ചട്ടിയിലിട്ട് അകത്തേക്ക് കയറി. അമ്മിക്കല്ലിൽ അരച്ചുരുട്ടി വച്ചിരുന്ന തേങ്ങാ അരപ്പ് മീൻ ചട്ടിയിലെടുത്തിട്ട് കലക്കി അടുപ്പിൽ തീ കൂട്ടി അതിൽ വച്ചു.
****************
രുഗ്മിണിയുടെ വീട്ടിലേക്കുള്ള ഇടവഴി ആരംഭിക്കുന്നസ്ഥലം. കഷ്ടിച്ച് ഒരു കാർ കടന്നുപോകാം. വലിയ കാർ കടക്കുകയുമില്ല. ദേവേന്ദ്രക്കാരണവർ തന്റെ കറുത്ത നിറമുള്ള ബി.എം. ഡബ്ല്യു കാർ ഇടവഴി തുടങ്ങുന്നേടത്തു നിറുത്തി. എ.സി ഓഫാക്കി പുറത്തിറങ്ങി. വെള്ള മുണ്ടും നീളമുള്ള വെള്ള ജൂബയുമാണ് വേഷം. ആറടി പൊക്കം. മീശ പിരിച്ചുവച്ചിട്ടുണ്ട്. ഹിന്ദി സിനിമയിലെ ജാക്കി ഷെറോഫിന്റെ വിദൂര ഛായ. പ്രയാം 55 നോട് അടുത്തുവരും. രുഗ്മിണിയുടെ വീടിനടുത്തായി റിസോർട്ട് പണിയുന്ന ഉടമസ്ഥനാണ് അയാൾ. അഞ്ചേക്കറോളം വരുന്ന സ്ഥലം. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ രുക്കുവിന്റെ ഓലമേഞ്ഞ വീട് കാണാം. കത്തിച്ചുവച്ച ചെറിയ നിലവിളക്ക് ഉമ്മറത്തുണ്ട്. ആ വീട് പണയം വച്ചിരിക്കുന്നത് ദേവേന്ദ്രക്കരണവർക്കാണ്. പലിശ കൃത്യമായി കൊടുക്കാനാവാത്ത അവസ്ഥയിലാണിപ്പോൾ രുക്കു. ആ വീടും സ്ഥലവും കൂടെ അയാൾക്ക് വഴിക്കു വീതികൂട്ടാൻ ആവശ്യമുള്ളതുകൊണ്ടയാൾ - ആ വീടിന്റെ പ്രമാണം ഒപ്പിട്ടുവാങ്ങിയിട്ടുണ്ട്.
അയാൾ വരാന്തയിൽ കയറിനിന്ന് രുക്കുവിനെ ഉച്ചത്തിൽ വിളിച്ചു. വിളി കേൾക്കാതെ വന്നപ്പോൾ അയാൾക്ക് ക്ഷമ നശിച്ചു. കത്തിക്കൊണ്ടിരുന്ന നിലവിളക്ക് ചവിട്ടിയെറിഞ്ഞു. പിന്നെ വാതിലിൽ ഊക്കോടെ ചവിട്ടി. മദ്യത്തിന് അടിമയായിരുന്നു അന്നയാൾ. ശബ്ദം കേട്ട് ഓടിവന്ന് വാതിൽ തുറന്ന തളിർ അയാളെക്കണ്ട് പകച്ചുനിന്നു. അവൾ വിളിച്ചു
''അങ്കിൾ "" ഇങ്ങനെയൊരവസ്ഥ അവൾ ദേവേന്ദ്രകാരണവരിൽ ആദ്യമായിട്ടാണ് കാണുന്നത്.
'' അങ്കിൾ എന്താ ഇങ്ങനെ?""
അവൾ ഭീതിയോടെ വിളിച്ചു വീണ്ടും.
'' അങ്കിളോ? ആരാടീ നിന്റെ അങ്കിൾ?""
ദേവേന്ദ്രകാരണവർ തളിരിനെ ചുറ്റിപ്പിടിച്ചു.
''മോളെകാട്ടി നിന്റമ്മ എന്നെ മയക്കി നിർത്താമെന്ന് വിചാരിച്ചോ. ഇന്നുതൊട്ട് ഇത് എന്റെ വീടാണ്. രണ്ടും ഇറങ്ങിക്കോ ഇവിടന്ന്.""
അങ്കിൾ പുറത്തിറങ്ങൂ. അമ്മ വന്നിട്ട് നമുക്ക് സംസാരിക്കാം.
'' നീയും നിന്റമ്മയുമാണിവിടുന്ന് ഇറങ്ങേണ്ടത്. അല്ലാതെ ഞാനല്ല. ചുമ്മാതല്ല, അവൻ പറഞ്ഞത്.""
ആരോ പറഞ്ഞു പഠിപ്പിച്ചതുപോലെയാണ് ദേവേന്ദ്രകാരണവർ ആ വാക്കുകൾ ഉരുവിട്ടത്.
''അങ്കിൾ പ്ലീസ് അങ്കിൾ ""
'' ഒരു പ്ലീസുമില്ല.""
മദ്യലഹരിയിൽ അയാൾക്ക് ബോധം നഷ്ടമായിരുന്നു. ദേവേന്ദ്രക്കാരണവർ തളിരിനെ കൈകളിലെടുത്ത് കറക്കി, വാള് ചുഴറ്റുന്നതുപോലെ അന്തരീക്ഷത്തിൽ ചുഴറ്റി. കാലുറയ്ക്കാത്ത അയാളുടെ കൈയിൽ നിന്ന് അവൾ തെറിച്ചു. തല ചുവരിൽ ചെന്നിടിച്ചു. ചുവരിലൂടെ രക്തം ഒലിച്ചിറങ്ങി.
(തുടരും)