ഗ്ലോബൽ വെെറസ് നെറ്റ് വർക്കിന്റെ ഒരു സെന്റർ അന്ന് കേരളത്തിൽ കൊണ്ടുവന്നിരുന്നെങ്കിൽ ഇന്ന് നിപ്പ,​ കൊറോണ എന്നീ രോഗങ്ങളെ ഇത്രയധികം ഭയപ്പെടേണ്ടി വരുമായിരുന്നില്ലെന്ന് ലോകപ്രശസ്‌തനായ ക്യാൻസർ രോഗവിദഗ്‌ദ്ധനും മലയാളിയുമായ ഡോ.എം.വി പിള്ള( എം.വേലായുധൻ പിള്ള). വെെറസ് മുഖേനെയുള്ള രോഗങ്ങളെ കുറിച്ച് വ്യക്തമായി പഠനം നടത്തിയ രണ്ട് പ്രശസ്ത ഡോക്ടർമാർ കേരളത്തിൽ എന്തുകൊണ്ട് ഈ ഒരു സെന്റർ ആരംഭിച്ചുകൂടാ എന്ന് ചോദിച്ചതായും ഡോ.എം.വി പിള്ള പറഞ്ഞു. കൗമുദി ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിത്.

-dr-m-v-pilla

"ലോകത്തിന്റെ അടുത്ത വെല്ലുവിളിയായ മാരകമായ രോഗങ്ങളെല്ലാം വെെറസ് മുഖേനെയാണെന്ന് ദീർഘദർശനം ചെയ്ത രണ്ട് വ്യക്തികളുണ്ട്. അവർ ആരംഭിച്ച പ്രസ്ഥാനമാണ് ഗ്ലോബൽ വെെറസ് നെറ്റ് വർക്ക്(ജി.വി.എൻ)​. ഇതിന്റെ പുറകിലുള്ളത് എച്ച്.ഐ.വി എന്ന വെെറസ് കണ്ടുപിടിച്ച ഡോ റോബർട്ട് ഗാലോയും ലോകത്തെമ്പാടും വെെറോളജി സെന്റർ കെട്ടിപ്പടുത്തുയർത്താൻ സഹായിച്ച ഡോ.വില്യം ഹാളുമാണ്. പത്തിരുപത് കൊല്ലത്തിന് മുമ്പ് ഗാലോ പറഞ്ഞിരുന്നു വെെറസ് രോഗങ്ങൾ മുഖേന മാനവരാശി തന്നെ തുടച്ചുമാറ്റപ്പെട്ടേക്കാമെന്ന്.

ചെെനയിലെ ഒരു കൊച്ചു പ്രവിശ്യയിൽ ആരംഭിച്ച വെെറസ് ഇന്ന് കേരളത്തിൽ വരെ എത്തിയിരിക്കുന്നു. ഇത് അന്ന് ദീർഘ ദർശനം ചെയ്ത ശാസ്തജ്ഞരാണ് വില്യം ഹാളും റോബർട്ട് ഗാലോയും. ഡോ.ഗാലോ എന്നോട് ഒരു ചലഞ്ച് ആയിട്ട് പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ ജി.വി.എൽ സെന്റർ വന്നിട്ടില്ല. ഒരു സെന്റർ കൊണ്ടുവരണമെന്ന് പറഞ്ഞു. ഞാൻ ആദ്യം ശ്രമിച്ചത് ഡൽഹിയിൽ കൊണ്ടുവരാനാണ്. അത് തടസമായി. ഏത് വെെറസ് ഉണ്ടായാലും അത് ജനം അറിയണം എന്ന രീതിയിലായിരുന്നു രണ്ടുപേരുടെ ആശയം. പിന്നെ പൂനെ നോക്കി. പക്ഷെ അതും നടന്നില്ല.

അങ്ങനെ അവർ ചോദിച്ചു നിങ്ങളുടെ കേരളത്തിൽ കൊണ്ടുവരാൻ പറ്റില്ലേന്ന്. ഞാൻ സർക്കാറിനെ അറിയിച്ചു. ഗവൺമെന്റിന് താൽപര്യമുണ്ടായിരുന്നു. പക്ഷെ അന്നത്തെ പ്ലാനിംഗിന്റെ ചാർജുണ്ടാലുണ്ടായിരുന്ന കെ.എം ചന്ദ്രശേഖറും അന്നത്തെ ഹെൽത്ത് സെക്രട്ടറി രാജീവ് സദാനന്ദൻ എന്തുകൊണ്ടോ താൽപര്യം എടുത്തില്ല. അന്ന് ഈ സെന്റർ തുടങ്ങിയിരുന്നെങ്കിൽ ഇപ്പോൾ പ്രയോജനപ്പെട്ടേനെ"-അദ്ദേഹം പറയുന്നു.