-vava-suresh

അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവസുരേഷ് സുഖം പ്രാപിച്ചു വരുന്നു. വാവയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായും,​ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് രണ്ടു ദിവസത്തിനുള്ളിൽ തന്നെ വാർഡിലേക്ക് മാറ്റുമെന്നുമാണ് അറിയാൻ കഴിയുന്നത്. ആരുവിളിച്ചാലും ഓടിയെത്തി പാമ്പുകളെ പിടിച്ച് അപകടം ഒഴിവാക്കുന്ന വാവ സുരേഷിന് സംസ്ഥാനത്ത് നിരവധി ആരാധകരുണ്ട്. അപകടം സംഭവിച്ച വാർത്ത പ്രചരിച്ചതോടെ വാവ സുരേഷിന്റെ ആരോഗ്യ പുരോഗതിക്കായി മണ്ണാറശാലയിൽ ആരാധകരുടെ വഴിപാടുകൾ തുടരുകയാണ്.

എന്നാൽ അണലി കടിച്ചാൽ എന്താണ് സംഭവിക്കുക, എന്തൊക്കെ ചെയ്യണം എന്നൊക്കെ അറിയാമോ?​ കേരളത്തിൽ പാമ്പ് കടിയേറ്റ് മരിക്കുന്നതിൽ ഭൂരിഭാഗവും അണലിയുടെ കടിയേറ്റാണ് മരിക്കുന്നത്. പല പേരുകളിൽ ഇവ അറിയപ്പെടുന്നു. വള്ളുവനാട് പ്രദേശങ്ങളിൽ വട്ടക്കൂറയെന്നും ചേനത്തണ്ടൻ,​ മണ്ടെലി,​ രുധിരമണ്ടെലി എന്നിങ്ങനെ നിരവധി പേരുകളിലും ഇവ അറിയപ്പെടുന്നു. നീളം കുറഞ്ഞ് വണ്ണമുള്ള ശരീരമാണ് ഇവയുടേത്. ഫണം ഇല്ലെന്നതാണ് ഇവയുടെ പ്രത്യേകത. അണലിയുടെ ശരീരം തവിട്ടുനിറത്തിലും ത്രികോണ ആകൃതിയിലുമാണ് കാണപ്പെടുന്നത്. അണലി വർഗത്തിൽപ്പെട്ട പാമ്പുകളിൽ ആൺ പാമ്പുകളുടെ വാലിന്റെ നീളം കൂടിയതും പെൺപാമ്പുകളുടെ നീളം കുറവുമായിരിക്കും. രാത്രികാലങ്ങളിലാണ് അധികവും ഇര തേടി ഇറങ്ങുന്നത്. എലികൾ, അണ്ണാൻ, ഓന്തുകൾ, പല്ലികൾ, തവളകൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം.

എത്ര ഉച്ചത്തിലുള്ള ശബ്ദം കേട്ടാലും ഇവ പതുക്കെ മാത്രമേ നീങ്ങുകയുള്ളൂ. ഏകദേശം ഒരു മീറ്റർ നീളത്തിൽ വളരുന്ന അണലികൾ ശത്രുക്കളെ വിരട്ടുന്നതിനായി ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കാറുണ്ട്. മറ്റ് പാമ്പുകളിൽ നിന്ന് വ്യത്യസ്തമായ വലിയ വിഷപ്പല്ലുകൾ ഇവയ്ക്കുണ്ട്. ഈ ഇനം പാമ്പുകളുടെ പല്ലുകൾക്ക് വലിയ നീളവുമുണ്ട്. അകത്തേക്ക് അൽപം വളഞ്ഞ വിഷപ്പല്ലുകൾ വായടക്കുമ്പോൾ മോണയുടെ ഉള്ളിലേക്ക് മടങ്ങിയാണ് ഇരിക്കാറ്. അതിനാൽ ഇവയ്ക്ക് ഇരയെ നിഷ്പ്രയാസം വിഷം കുത്തിവച്ച് കൊല്ലാൻ സാധിക്കും. അണലിയുടെ വിഷം ശക്തിയേറിയതാണ്. ഒറ്റക്കടിയിൽ രണ്ട് മനുഷ്യരെ കൊല്ലാനാവുന്ന വിഷമാണ് ഇവ കുത്തിവയ്ക്കാറുള്ളത്. അതുപോലെ തന്നെ ഇവയ്ക്ക് വളരെ വേഗത്തിൽ ചാടിക്കടിക്കാനുമുള്ള കഴിവുമുണ്ട്.

അണലിയുടെ വിഷം മനുഷ്യന്റെ ശരീരത്തിലെ രക്തമണ്ഡലത്തെയാണ് ബാധിക്കുന്നത്. അതുകൊണ്ടു തന്നെ കീമോ ടോക്സിക്ക് എന്നാണ് ഇതിനെ പറയപ്പെടുന്നത്. അണലിയുടെ കടിയേറ്റ ഭാഗത്ത് വീക്കവും വേദനയുമുണ്ടാകും. അവയുടെ വിഷം രക്തത്തിൽ സത്വരം വ്യാപിക്കുന്നതിനാൽ ശ്വേത രക്താണുക്കൾ നശിച്ചുപോകുകയും രക്ത സഞ്ചാരം കുറയുകയും ചെയ്യും. ഇതുമൂലം വയറുവേദന, ശ്വാസതടസം, ബോധക്ഷയം, രോമകൂപങ്ങളിലൂടെ രക്തം പൊടിയുക മുതലായവ സംഭവിക്കുന്നു. ഇവയുടെ വിഷം വൃക്കയുടെപ്രവർത്തനത്തെയും ബാധിക്കും. അതിനാൽ ഇവയുടെ കടിയേറ്റാൽ ചികിത്സ ലഭ്യമാക്കേണ്ടതാണ്. അല്ലെങ്കിൽ മരണം സംഭവിക്കും.

മറ്റ് പാമ്പുകളിൽ നിന്ന് വ്യത്യസ്തമായാണ് അണലികൾ പ്രസവിക്കുന്നത്. ആദ്യം അണലികൾ മുട്ടകൾ ഉത്പാദിച്ച് അർദ്ധവളർച്ച എത്തിച്ച ശേഷമാണ് ഈ മുട്ടകൾ ശരീരത്തിന്റെ മറ്റൊരു അറകളിലേക്ക് സൂക്ഷിക്കുന്നു. അതിന് ശേഷം മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പൂർണ വളർച്ചയെത്തിയതിന് ശേഷം പ്രസവിക്കുകയാണ് പതിവ്.