കൊച്ചി: പ്രളയത്തിൽ നിന്നും കരകയറിയ കേരളത്തിന് ആശ്വാസം പകരാനായി പണം സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചിയിൽ സംഘടിപ്പിച്ച സംഗീത നിശ വിവാദങ്ങളിൽ നിറയുകയാണ്. പരിപാടി സംഘടിപ്പിച്ച് മാസങ്ങൾ പലതായിട്ടും സംഘാടകർ തുക സർക്കാരിൽ അടയ്ക്കാതിരുന്നതോടെയാണ് വിവാദങ്ങൾ തലപൊക്കിയത്. വിവാദത്തിൽ പെട്ടിട്ടും പരിപാടി പ്രതീക്ഷിച്ചത്ര വിജയമായിരുന്നില്ലെന്നും, വരവിനേക്കാൾ ചെലവായെന്നുമുള്ള വാദമുയർത്തി പ്രതിരോധിക്കുവാനാണ് സംഘാടകർ ശ്രമിച്ചത്. എന്നാൽ ജനം തിങ്ങിനിറഞ്ഞ പരിപാടി എങ്ങനെ നഷ്ടമായി എന്ന ചോദ്യമുയർന്നതോടെ ആറുലക്ഷം രൂപയടച്ച് സംഘാടകർ തടിയൂരാൻ ശ്രമിക്കുകയായിരുന്നു.
ഇപ്പോഴിതാ കരുണ പരിപാടി നടത്തുന്നതിനാവശ്യമായ സ്റ്റേഡിയം സൗജന്യമായി നൽകിയതാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് റീജിയണൽ സ്‌പോർട്‌സ് സെന്റർ സെക്രട്ടറി നവാസ്. പ്രളയ ദുരിതാശ്വാസത്തിനായുള്ള പണം സ്വരൂപിക്കാൻ സംഘടിപ്പിക്കുന്ന പരിപാടിയായതുകൊണ്ടാണ് സ്റ്റേഡിയം സൗജന്യമായി നൽകിയതെന്ന് നവാസ് സ്വകാര്യ ചാനലിനോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിന് എന്നാവശ്യപ്പെട്ടാണ് കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷൻ സ്റ്റേഡിയം ലഭിക്കാൻ കത്ത് നൽകിയത്. സ്റ്റേഡിയം സൗജന്യമായി ആവശ്യപ്പെട്ട് നാല് തവണ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷൻ കത്ത് നൽകിയിരുന്നുവെന്നും റീജിയണൽ സ്‌പോർട്‌സ് സെന്റർ സെക്രട്ടറി പറഞ്ഞു. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ലഭിക്കുമോ എന്ന സംശയം ആദ്യമേ ഉണ്ടായിരുന്നു. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയോ എന്ന് അന്വേഷിച്ച് ജനുവരി മൂന്നിന് ബിജിപാലിന് കത്ത് നൽകിയിരുന്നു. അതിന് മറുപടി ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയായി തന്റെ പേര് നൽകിയതിൽ സംഗീത സംവിധായകൻ ബിജിബാലിന് എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ് നോട്ടീസ് അയച്ചു. അനുമതി ഇല്ലാതെയാണ് രക്ഷാധികാരിയായി തന്റെ പേര് വച്ചതെന്ന് കളക്ടർ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. കൊച്ചി ഫൗണ്ടേഷന്റെ രക്ഷാധികാരി എന്ന രീതിയിൽ തന്റെ പേര് ഉപയോഗിക്കരുതെന്നും, ഇനിയും ഇത് ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും സുഹാസ് കത്തിലൂടെ മുന്നറിയിപ്പ് നൽകി. അതേസമയം, രക്ഷാധികാരി എന്ന നിലയിൽ കളക്ടറുടെ പേര് ഉപയോഗിച്ചത് സാങ്കേതിക പിഴവാണെന്ന് ബിജിബാൽ പ്രതികരിച്ചു.'കരുണ സംഗീത നിശയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ നിയമപരമായി നീങ്ങുകയാണ് വേണ്ടത്. സത്യസന്ധമായിട്ടാണ് എല്ലാം ചെയ്തത്. നിയമപരമായി ആവശ്യപ്പെട്ടാൽ കണക്കുകൾ പുറത്തുവിടാം. സംഗീത നിശയ്ക്ക് ചെലവായ പണം കൊടുത്ത് തീർത്തശേഷം ബാക്കി ദുരിതാശ്വാസ ഫണ്ടിൽ അടയ്ക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു'-ബിജിപാൽ പറഞ്ഞു.