കൊല്ലത്ത് പാരിപ്പള്ളിയിലെ മീനമ്പലത്തുള്ള ഗ്രീൻ സോവറിൻ ഏവരെയും ആകർഷിക്കുന്ന ഒന്നാണ്. എന്നാൽ അധികമാരും ഈ സ്ഥലത്തെ കുറിഞ്ഞ് അറിഞ്ഞു കാണില്ല. വിവര സാങ്കേതിക വിദ്യയിൽ നിന്നും കൃഷിയിലേക്കിങ്ങിറങ്ങി വന്ന സുധീപ് എബി ജേക്കബിന്റേതാണ് ഈ കൃഷിയിടം. ഇവിടെ എത്തുന്നത് നിരവധി സഞ്ചാരികളാണ്. പ്രകൃതിയെ നോവിക്കാതെയുള്ള ഒരുക്കങ്ങൾ. സോവറെെറ്റ് എന്ന ആഫ്രിക്കൻ രത്നത്തിൽ നിന്നാണ് ഗ്രീൻ സോവറിൻ എന്ന പേരിലേക്ക് സുദീപ് എത്തിയത്. ലോകമെമ്പാടും അംഗീകരിച്ച മിയാവാക്കി സൃഷ്ടിയാണ് ഇതിനായി നടത്തിയത്. പ്രകൃതി സ്നേഹികളും സഞ്ചാരികളുമൊക്കെ വന്ന് ഇവിടെ ചെടികൾ നടുന്നു. മൂന്ന് സെന്റിൽ നൂറോളം വൃക്ഷങ്ങളുണ്ടിവിടെ.

farm-tourism

അശാസ്ത്രീയമായ നിർമാണങ്ങൾ ഒന്നും ഇവിടെയില്ല.ഭാരതീയ വാസ്തു ശിൽപ മാതൃകയിലാണ് തങ്ങാനുള്ള താവളങ്ങൾ ഒരുക്കിയിട്ടുള്ളത്. വൃക്ഷങ്ങളിലുമുണ്ട് പ്രത്യേകതകൾ. വെറുതെ അങ്ങിങ്ങ് വൃക്ഷം നടുകയല്ല. അടുക്കും ചിട്ടയുമുണ്ട്. വൃത്തിയായി വെട്ടിയൊരുക്കിയ പാതയോരങ്ങളുടെ ഇരുവശവുമാണ് മരങ്ങൾക്ക് സ്ഥാനം. ഓരോ മരത്തിനും ഓരോ സ്ഥാനവും നൽകിയിട്ടുണ്ട്. അരയാൽ,​ അത്തി,​ ഇത്തി,​ കടുക്ക,​ആടലോടകം,​ ആര്യവേപ്പ്,​ ഈട്ടി,​ പേരാൽ,​ മെെലാഞ്ച്,​ കടുക്ക തുടങ്ങിയവയുമുണ്ട്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മരങ്ങൾ ഇവിടെ നട്ടുപിടിപ്പിച്ചതായി സുധീപ് പറയുന്നു. ഫാം കണ്ടു തളർന്നാൽ നടപ്പാതകളിലും ഊഞ്ഞാലുകളിലും വിശ്രമിക്കാം. പഴങ്ങൾ പറിച്ചു തിന്നാം. സഞ്ചാരികൾക്കായി പേരയും സ്റ്റാർഫ്രൂട്ടുമൊക്കെ മുളകുപുരട്ടി തയ്യാറാക്കി വച്ചിട്ടുണ്ട്. സഞ്ചാരിയെ മാടിവിളിക്കുന്ന ഹെലിക്കോണിയ തോട്ടവുമുണ്ട്. തോട്ടത്തിന്റെ ഒത്തനടുവിൽ ഒന്നാന്തരം തടാകം. കൊടും ചൂടിനെ വെല്ലാൻ ഇവിടേക്കിറങ്ങാം. സാഹസികതയ്ക്കും ഇവിടെ സൗകര്യങ്ങളുണ്ട്. അതിസാഹസികതയോ അപകടകരമോ അല്ല.