pinarayi-vijayan

തിരുവനന്തപുരം: ഭൂമി ഉടമകളായിട്ടുള്ളവർ വസ്തുവിന്റെ വിവരങ്ങളെല്ലാം ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാറിന്റെ തീരുമാനപ്രകാരമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇക്കാര്യം നടപ്പാക്കണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാരിൽ നിന്നും എല്ലാ സംസ്ഥാനങ്ങൾക്കും ലഭിച്ചത്.

ഇക്കാര്യം നടപ്പാക്കിക്കൊണ്ട് ബിനാമികളെ ഉപയോഗിച്ച് ഭൂമി വാങ്ങുന്നവർക്ക് കൂച്ചുവിലങ്ങിടാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. കേന്ദ്രത്തിന്റെ ഈ നിർദ്ദേശം നടപ്പാക്കപ്പെടുന്നതോടെ ഒരാൾ ഇന്ത്യയിൽ എവിടെ ഭൂമി വാങ്ങിയാലും അയാൾക്ക് രാജ്യത്ത് വേറെ എവിടെയൊക്കെ ഭൂമിയുണ്ടെന്ന് മനസിലാക്കാൻ സാധിക്കും. കേരളത്തെ കൂടാതെ മഹാരാഷ്ട്ര, കർണാടക എന്നിങ്ങനെ 15 സംസ്ഥാനങ്ങൾ ഈ നിർദ്ദേശം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

നിർദ്ദേശം നടപ്പാക്കാനായി നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സഹായമാണ് സംസ്ഥാന സർക്കാർ തേടുന്നത്. സംസ്ഥാനത്തെ എല്ലാ പൗരൻമാരിലേക്കും ആധാർ അധിഷ്ഠിത ഏകീകൃത തണ്ടപ്പേർ നടപ്പാക്കുന്നതിനായി പ്രത്യേക സോഫ്റ്റ്‌വെയറും ഇപ്പോൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിലവിൽ അതത് വില്ലേജ് ഓഫിസുകളിൽ മാത്രമേ ഭൂമിയുടെയും അതിന്റെ ഉടമസ്ഥത സംബന്ധിച്ചുള്ള വിവരങ്ങളും ഉള്ളൂ. നിലവിലെ അവസ്ഥയിൽ മറ്റേതൊരു സ്ഥലത്തും ഭൂമി വാങ്ങുന്ന ഒരാൾക്ക് മറ്റെവിടെയെങ്കിലും ഭൂമിയുണ്ടോ എന്ന കാര്യം വിലേജ് ഓഫീസർമാർക്ക് അറിയാൻ സാധിക്കുകയില്ല.

കേന്ദ്ര സർക്കാരിന്റെ നിർദേശം നടപ്പാക്കി കഴിഞ്ഞാൽ രാജ്യത്ത് എവിടെ ഭൂമി വാങ്ങിയാലും വാങ്ങുന്നയാൾക്ക് എത്ര ഭൂമി മറ്റിടങ്ങളിലുണ്ടെന്നുള്ള വിവരം അപ്പോൾ തന്നെ വില്ലേജ് ഓഫിസിലും സബ് റജിസ്ട്രാർ ഓഫിസിലും വിവരമെത്തും. ഓരോ ആളുടെയും കൈയിൽ എത്ര ഭൂമിയുണ്ടെന്ന് അറിയുന്നതോടെ സർക്കാരിന് കൃത്യമായി പുറമ്പോക്ക് ഭൂമിയും മിച്ചഭൂമിയും തിരിച്ചറിയാൻ സാധിക്കും. വികസന പദ്ധതികളുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ ഇത് സർക്കാരിന് സഹായകമാകുകയും ചെയ്യും.

കേന്ദ്ര സർക്കാരിന്റെ ഈ നിർദേശം 2018ലാണ് ചീഫ് സെക്രട്ടറിക്കും രജിസ്ട്രേഷൻ വകുപ്പ് മേധാവിക്കും ലാൻഡ് റവന്യു കമ്മീഷണർക്കും ലഭിക്കുന്നത്. ഇത്രയും കാലം സർക്കാർ ഈ നിർദ്ദേശത്തിൽ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ഒടുവിൽ കേന്ദ്ര സർക്കാരിൽ നിന്നും തുടർച്ചയായി കത്തുകൾ വന്നതോടെ ഇതുസംബന്ധിച്ച് നിർദേശങ്ങൾ തയാറാക്കി ലാൻഡ് റവന്യു കമ്മീഷണർ റവന്യു വകുപ്പിന് കൈമാറുകയായിരുന്നു. 2019ലായിരുന്നു ഇത്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് റവന്യു സെക്രട്ടറി ഉത്തരവിറക്കി.