കേരളത്തിന്റെ എഴുപതാമത് ബഡ്ജറ്റ് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് 2.33 മണിക്കൂർകൊണ്ട് നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ ഭരണപക്ഷം അദ്ദേഹത്തെ അനുമോദിക്കുകയും പ്രതിപക്ഷം വിമർശിക്കുകയും ചെയ്തുകൊണ്ട് സഭാങ്കണത്തിൽ കൃത്യമായ ഒരു രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയുള്ള ചർച്ചകളും നിരൂപണങ്ങളും നടന്നു. കേരളത്തിലെ ബഡ്ജററ് അവതരണം ഇപ്പോൾ ഒരു രാഷ്ട്രീയപോരാട്ടത്തിനുള്ള വേദിയായി മാറിയിരിക്കുന്നു. ഭരണപക്ഷം അവതരിപ്പിക്കുന്ന ബഡ്ജററിനെ എതിർക്കുക എന്നുള്ളത് പ്രതിപക്ഷത്തിന്റെ ഒരു ഉത്തരവാദിത്വം എന്നപോലെയാണ്. ബഡ്ജറ്റ് അവതരിപ്പിക്കേണ്ടത് ഭരണപക്ഷത്തിന്റെ ഉത്തരവാദിത്വമാണെങ്കിൽ അതിനെ എതിർക്കുക എന്നത് പ്രതിപക്ഷത്തിന്റെ കടമയായിട്ടാണ് മാറിയിരിക്കുന്നത്. ഓരോ ബഡ്ജറ്റ് അവതരിപ്പിക്കുമ്പോഴും ജനകീയ ബഡ്ജറ്റ് എന്നും ക്ഷേമ ബഡ്ജറ്റ് എന്നുമൊക്കെ വിലയിരുത്തപ്പെടാറുണ്ട്. കേന്ദ്ര- സംസ്ഥാന ബഡ്ജറ്റ് അവതരണം എല്ലാം വിലയിരുത്തപ്പെടുന്നത് ഇതുപോലെയാണ്. ബഡ്ജറ്റ് എന്നാൽ അടുത്ത സാമ്പത്തിക വർഷത്തിൽ നികുതിയിനത്തിലും നികുതിയേതര ഇനത്തിലുമായി ലഭിക്കുന്ന തുക വിനിയോഗിച്ച് ഇന്നയിന്നതൊക്കെ ചെയ്യുന്നതിനുള്ള അംഗീകാരമാണ് സഭയിൽ നിന്ന് നേടിയെടുക്കേണ്ടത്. അത് പലപ്പോഴും ചില സ്ഥലങ്ങളിൽ അമിതഭാരം അടിച്ചേല്പ്പിച്ചാൽ മാത്രമേ മറ്റു ചിലയിടത്ത് ആനുകൂല്യങ്ങളും വികസനപ്രവർത്തനങ്ങളും പ്രഖ്യാപിക്കാൻ കഴിയൂ. പിറ്റേദിവസത്തെ പത്രങ്ങളിൽ ഒരു ബാനർ ഹെഡ്ലൈനും, മാധ്യമങ്ങളിൽ ഒരു അന്തിചർച്ചയും അതിനപ്പുറം ബഡ്ജറ്റിന് ആയുസുണ്ടാവില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ ബഡ്ജറ്റ് അവതരണങ്ങൾ ഒന്നും തന്നെ മഹാ ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾക്ക് ഒരു വാർത്തയേ അല്ല.
സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ എത്രമാത്രം സ്വാധീനിക്കാൻ കഴിയുന്നുണ്ട് എന്നുള്ളത് പിന്നീട് പരിശോധിക്കപ്പെടേണ്ടതാണ്. ക്ഷേമപെൻഷൻ ഉയർത്തുമ്പോൾ അവന്റെ ജിവിതത്തിൽ എന്തുമാറ്റമാണ് ഉണ്ടാവുന്നത്. സർവീസിൽ കുറച്ചുകാലം മാത്രം ജോലി ചെയ്ത് വിരമിക്കുമ്പോൾ പിന്നീട് ആ കുടുംബത്തിന് ജീവിതകാലം മുഴുവൻ ജിവിക്കാനാവശ്യമായ പെൻഷൻ. എന്നാൽ ജനിച്ച നാൾ മുതൽ പകലന്തിയോളം മണ്ണിനോട് മല്ലടിച്ച് മനുഷ്യന് ആവശ്യമുളള കാർഷികോത്പന്നങ്ങൾ വിളയിക്കുന്ന കർഷകൻ ജിവിതാന്ത്യത്തിൽ അസുഖവും പട്ടിണിയും പിടിപെട്ട് ജിവിതത്തോട് മല്ലടിക്കുമ്പോൾ നാമമാത്രമായ സർക്കാർ പെൻഷൻ, അതും മൂന്നും നാലും മാസം കൂടുമ്പോൾ മാത്രം. ഇതാണ് ക്ഷേമപെൻഷൻ ചരിത്രം.
കാലാകാലങ്ങളിൽ അവതരിപ്പിച്ചിട്ടുള്ള ബഡ്ജറ്റ് നിർദ്ദേശങ്ങൾക്ക് എന്തുകൊണ്ട് നമ്മുടെ രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിഞ്ഞില്ല. ഒരു ലക്ഷം പുതിയ വീടുകൾക്കും 12000 പൊതു ടോയ്ലറ്റുകൾക്കും 2.5 ലക്ഷം കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തേണ്ടി വന്നുവെങ്കിൽ അതിന്റെ കാരണം ചർച്ച ചെയ്യാൻ മാദ്ധ്യമങ്ങൾക്ക് തുറന്നുപിടിച്ച കണ്ണുകൾ ഉണ്ടാവണം. സാധാരണക്കാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുമ്പോൾ അവന്റെ കീശ കീറാതിരിക്കാൻ 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഹോട്ടലകൾ തുറക്കാൻ തീരുമാനിച്ചാൽ വിലക്കയറ്റം പിടിച്ചുനിറുത്താൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തണം. 1000 കോടി രൂപയുടെ ഗ്രാമീണ റോഡ് വികസന പദ്ധതി ഇപ്പോൾ തയ്യാറാക്കിയെങ്കിൽ സാധാരണക്കാർ താമസിക്കുന്ന പ്രദേശങ്ങൾ ഇപ്പോഴും നെറ്റ് വർക്കിനു വെളിയിൽ ആണെന്ന് ചർച്ച ചെയ്യപ്പെടണം.
സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിൽ നിന്നും കരകയറ്റാൻ കാർഷിക /ഗ്രാമീണ മേഖലയ്ക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റിൽ വളർച്ചാ നിരക്ക് 7 ശതമാനം പ്രതീക്ഷിച്ചു. ലഭിച്ചത് 5 ശതമാനം മാത്രം. അവിടെയാണ് പ്രധാനം. ജിവിതം സുഖകരമാക്കുക എന്ന ചിന്തയിൽ നിന്നുകൊണ്ട് മൂന്ന് കാര്യങ്ങളാണ് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്. ''ഉത്കർഷേച്ഛ ഇന്ത്യ , എല്ലാവർക്കും സാമ്പത്തിക വികസനം, കരുതലുള്ള സമൂഹം.'' ഈ മുദ്രാവാക്യത്തിനു വേണ്ടി സ്വകാര്യവത്കരണത്തിന്റെ പാത സ്വീകരിച്ചുകൊണ്ട് 2.10 ലക്ഷം കോടി സമാഹരിക്കാൻ തീരുമാനിച്ചത് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെയാണ്. ഇങ്ങനെയാണ് സമ്പത്ത് കണ്ടെത്തുന്നതെങ്കിൽ എങ്ങനെ സാമ്പത്തിക വളർച്ച ഉണ്ടാകും. സംസ്ഥാന സർക്കാരാവട്ടേ പരമാവധി ഇളവ് പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ പണത്തിന്റെ സിംഹഭാഗവും കിഫ്ബി വഴി കണ്ടെത്തുമ്പോൾ അതെങ്ങനെ കൃത്യമായി തിരിച്ചടയ്ക്കും എന്നുള്ളത് ഗൗരവത്തോടെ പരിശോധിക്കണം. അതിന്റെ ബാദ്ധ്യത ഈ സംസ്ഥാനത്തെ ഓരോ പൗരന്റെയും ഉത്തരവാദിത്വമാകും.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഓരോ വർഷവും ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് നിർദ്ദേശങ്ങൾ എത്രമാത്രം സാമ്പത്തിക വളർച്ച രാജ്യത്ത് സൃഷ്ടിച്ചു എന്നു വിലയിരുത്താൻ ബാദ്ധ്യസ്ഥരാണ്. സാമ്പത്തിക വളർച്ചയിലൂടെ എല്ലാവർക്കും അർഹതപ്പെട്ട നീതി ലഭിക്കുമ്പോൾ മാത്രമാണ് കഴിഞ്ഞ ബഡ്ജറ്റിന്റെ നിർദ്ദേശങ്ങൾ ശരിയായിരുന്നു എന്ന് വിലയിരുത്തപ്പെടേണ്ടത്. ഓരോ മേഖലയിലും ചെലവഴിച്ച പണത്തിന്റെ മൂല്യം ലഭിക്കുമ്പോൾ മാത്രമേ വളർച്ചാ നിരക്ക് വിലയിരുത്താൻ കഴിയൂ. കേരളത്തിലെ റവന്യൂ വരുമാനത്തിന്റെ നല്ലൊരു ഭാഗവും വിദ്യാഭ്യാസ മേഖലയ്ക്കാണ് വിനിയോഗിക്കുന്നത്. അതിന് പ്രതിവർഷം 8000 കോടി രൂപ എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് ശമ്പളമായി നൽകുന്നുവെന്ന് പറയുമ്പോൾ അവിടെ കുറ്റകരമായ ഒരു സാമൂഹ്യ നീതിയുടെ ലംഘനം സംഭവിക്കുന്നു. സംവരണവിഭാഗങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന നിരവധി ഉദ്യേഗങ്ങൾ അട്ടിമറിക്കപ്പെടുന്നു. അപ്പോൾ അവർ ദരിദ്രരാവുകയും കുറച്ചുപേർ അതി സമ്പന്നരാകുകയും ചെയ്യുന്നു. ഇതും വളരെ വിശദമായി വരും കാലങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. ആതിനാൽ ലോക്സഭയിലും നിയമസഭയിലും ഒക്കെ ഈ വർഷത്തെ ബഡ്ജറ്റ് നിർദ്ദേശത്തെ കണ്ണടച്ച് പിൻതാങ്ങുന്നതിനു മുമ്പ്, അല്ലെങ്കിൽ പ്രതിപക്ഷത്തിന്റെ ജോലി ബഡ്ജറ്റ് നിർദ്ദേശം എതിർക്കുക എന്നതിനപ്പുറം, ആ ചർച്ചാവേളയിൽ കഴിഞ്ഞ ബഡ്ജറ്റ് നിർദ്ദേശത്തിന്റെ വളർച്ചാ നിരക്കിന്റെ തോത് കൂടി അവലോകനം ചെയ്യണം. അതിന്റെ അടിസ്ഥാനത്തിൽ ജനനന്മ ലക്ഷ്യമാക്കി രാഷ്ട്രീയം മറന്ന് അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിങ്ങനെ ചെലവിനെ വേർതിരിച്ച് സാധാരണക്കാരന്റെ മുതുകത്ത് അധികഭാരം ചുമത്താതെ സർക്കാർ വരുമാനത്തിന്റെ ചോർച്ചതന്നെ തടയുകയും ചെയ്തുകൊണ്ടുള്ള ബഡ്ജറ്റാവുമ്പോൾ മാത്രമേ അത് സർഗാത്മകമാകൂ. അങ്ങനെയല്ലാത്തതു കൊണ്ടാണ് സാധാരണക്കാരന് ഇത് വാർത്തയാവാത്തത്. അവന്റെ പ്രശ്നം സുരക്ഷിതമായ ജിവിതമാണ്. ജനപ്രതിനിധിയായാൽ വോട്ടുചെയ്തവരുടെയും, എതിർത്തവരുടെയും പ്രതിനിധിയാണ്. അവിടെ രാഷ്ട്രീയമല്ല പ്രശ്നം ജനനന്മയാണ് ലക്ഷ്യം. ബഡ്ജറ്റ് ചർച്ച സർഗാത്മകമാക്കേണ്ടത് രാഷ്ട്രീയ സംവാദത്തിലൂടെയല്ല, മറിച്ച് വികസനലക്ഷ്യത്തോടെയാവണം. അതല്ലെങ്കിൽ ചരിത്രം മാപ്പു തരില്ല.