ഭാവിജീവിതം സുരക്ഷിതമാക്കുക എന്നത് ഏതൊരാളിനെ സംബന്ധിച്ചിടത്തോളവും പ്രധാനമാണ്. സ്വന്തം കാര്യത്തിനെക്കാളും നമുക്കെന്തെങ്കിലും സംഭവിച്ചാൽ കുടുംബത്തിന് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ ലൈഫ് ഇൻഷുറൻസ് പോളിസികൾക്കാവും. ഇതുപോലെ തന്നെ ആദായ നികുതി അടയ്ക്കുന്നവരും നികുതി ഇളവിന് സർക്കാർ അംഗീകരിച്ച് നൽകിയിട്ടുള്ള ഒരു പഴുതായി ലൈഫ് ഇൻഷുറൻസ് പോളിസികളെ കാണുന്നുണ്ട്. രാജ്യത്ത് പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി നിരവധി ലൈഫ് ഇൻഷുറൻസ് സ്ഥാപനങ്ങൾ നിലവിലുണ്ട്. ലൈഫ് ഇൻഷുറൻസ് പോളിസികളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പിലാക്കാനൊരുങ്ങുന്നത്. ഈ മാസം മുതൽ നടപ്പിലാക്കിയ മാറ്റങ്ങൾ പോളിസി ഹോൾഡർമാരെ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്നതിൽ കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ച് നൽകുകയാണ്. പ്രധാന മാറ്റങ്ങളെ കുറിച്ച് അറിയാം
പ്രീമിയം മുടങ്ങിയാലും വേണ്ട ടെൻഷൻ
കൃത്യസമയത്ത് പ്രീമിയം അടയ്ക്കുക എന്നത് ലൈഫ് ഇൻഷുറൻസ് പോളിസിയെ സംബന്ധിച്ച് പ്രധാനമാണ്. ഇനിമുതൽ പ്രീമിയം കൃത്യസമയത്ത് അടയ്ക്കാനാവാതെ കാലഹരണപ്പെടുന്ന പോളിസികൾ വീണ്ടും സജീവമാക്കുന്നതിന് ഉപഭോക്താവിന് കൂടുതൽ സമയം നൽകാൻ ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. മുടക്കം വന്ന പ്രീമിയം തുക ഒന്നിച്ചടച്ച് അഞ്ചുവർഷം വരെ കാലാവധിക്കുള്ളിൽ പോളിസി വീണ്ടും സജീവമാക്കാനാവും. സാമ്പത്തിക അസ്ഥിരതമൂലം പോളിസി അടയ്ക്കാൻ കഴിയാത്തവർക്ക് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തിരികെ പ്രീമിയം അടയ്ക്കുവാൻ ഇതിലൂടെ സാധിക്കും.
പരിരക്ഷ കുറയുന്നു
പ്രിമീയം തുകയുടെ കുറഞ്ഞത് 10 ഇരട്ടി പരിരക്ഷ നൽകിയിരിക്കണമെന്ന നിലവിലെ വ്യവസ്ഥ ഏഴു ഇരട്ടിയായി കുറയ്ക്കാൻ തീരുമാനിച്ചു കഴിഞ്ഞു. എല്ലാ പോളിസികൾക്കും ഈ വ്യവസ്ഥ ഇനിമുതൽ ബാധകമാണ്. അടയ്ക്കുന്ന പ്രീമിയം തുകയിൽ ഇൻഷുറൻസ് ചെലവ് ആനുപാതികമായി കുറയുന്നതിനാൽ ഉയർന്ന നിക്ഷേപ തുക ലഭിക്കും എന്നതാണ് പ്രത്യേകത.
രണ്ട് വർഷം കഴിഞ്ഞാൽ പോളിസി സറണ്ടർ ചെയ്യാം
നിലവിൽ പോളിസി ഉടമകൾക്ക് മൂന്ന് വർഷം പ്രീമിയം അടച്ചാൽ മാത്രമേ സറണ്ടർ ചെയ്യാൻ കഴിയുകയുള്ളു. കാലാവധി പൂർത്തിയാക്കാതെ പോളിസി റദ്ദാക്കിയാൽ അടച്ച തുകയുടെ മുപ്പത് ശതമാനം വരെ ലഭിക്കും, വർഷങ്ങൾ കഴിയുന്തോറും സറണ്ടർ വാല്യുവിലും വർദ്ധനയുണ്ടാവും. പോളിസി തീരുന്നതിന് രണ്ട് വർഷം മുൻപാണ് സറണ്ടർ ചെയ്യുന്നതെങ്കിൽ തൊണ്ണൂറ് ശതമാനം വരെ തിരികെ ലഭിക്കുന്നതാണ്. പെൻഷൻ പ്ലാനുകളിൽ പിൻവലിക്കാവുന്ന തുകയുടെ തോത് 33 ശതമാനത്തിൽ നിന്ന് 60 ശതമാനമായി വർധിപ്പിച്ചിരിക്കുന്നു.
ഫണ്ട് മൂല്യത്തിന്റെ 25% വരെ പിൻവലിക്കാം
യൂണിറ്റ് ലിങ്ക്ഡ് പോളിസികളിൽ അഞ്ച് വർഷം കഴിഞ്ഞാൽ ഫണ്ട് മൂല്യത്തിന്റെ 25% വരെ പിൻവലിക്കാനാവും. പോളിസി കാലാവധിയിൽ മൂന്ന് തവണ ഇത്തരത്തിൽ തുക പിൻവലിക്കാവുന്നതുമാണ്.